ക്രൂയ്‌സ് ടെർമിനൽ വരുന്നതോടെ ഗോവയിൽ വിനോദ സഞ്ചാരം കൂടുതൽ ഉണരും- ഡോ.എൻ.വിനോദ് കുമാർ

ഗോവ മോർമുഗവോ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോക്ടർ എൻ. വിനോദ് കുമാർ കേരളത്തിലെ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നു
ഗോവ മോർമുഗവോ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോക്ടർ എൻ. വിനോദ് കുമാർ കേരളത്തിലെ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നു

പനാജി: ഗോവയിലെ ക്രൂയ്‌സ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ക്രൂയ്‌സ് വിനോദ സഞ്ചാരത്തിനു കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന് ഗോവ മോർമുഗവോ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എൻ. വിനോദ് കുമാർ. ടെർമിനലിന്റെ 80 ശതമാനം പണികൾ പൂർത്തിയായി. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയയാത്ര ദൈർഘ്യമേറിയതാണെന്നും വിഴിഞ്ഞം കൊളംബോ തുറമുഖത്തിന് ശക്തനായ എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു. തുറമുഖം വികസിക്കുക എന്നതിനൊപ്പം തുറമുഖത്തിന്റെ ആവാസവ്യവസ്ഥയിലും വളർച്ച ഉണ്ടാകുമ്പോഴാണ് വികസനം പൂർണമാകുന്നതെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.

ഗോവയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. അതിൻ്റെ ഭാഗമായി ഡോണ പൗളയിൽനിന്ന് എംപിടി ക്രൂയിസ് ബെർത്ത് വരെയുള്ള റോപ്പ്‌വേ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

ഏകദേശം 50 മീറ്റർ ഉയരവും 4.5 കിലോമീറ്റർ നീളവുമുള്ള റോപ്പ്‌വേയ്ക്ക് ഏകദേശം 450 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പിഐബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘത്തോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Goa`s new cruise terminal is nearing completion, set to significantly enhance cruise tourism. Dr. N. Vinod Kumar highlights progress and future plans for tourism development.