'ഇന്ത്യയിലെ മെട്രോ സംവിധാനം ഗംഭീരം', വൈറലായി ജര്‍മന്‍വ്‌ളോഗറുടെ പോസ്റ്റ് | VIDEO

Screengrab: Instagram Video
Screengrab: Instagram Video

ഇന്ത്യയിലെ മെട്രോ സംവിധാനത്തെ പുകഴ്ത്തി ജര്‍മന്‍ വ്‌ളോഗര്‍. പടിഞ്ഞാറന്‍ യൂറോപ്പിലെ പലയിടങ്ങളിലേയും മെട്രോ സംവിധാനത്തേക്കാള്‍ മികച്ചതാണ് ഇന്ത്യയിലേതെന്നാണ് അലക്‌സ് വെല്‍ഡര്‍ എന്ന വ്‌ളോഗറുടെ അഭിപ്രായം. ഇന്ത്യയിലെ മെട്രോ സംവിധാനത്തിന്റെ മികവും വൃത്തിയും ആധുനികസൗകര്യങ്ങളും, പ്രത്യേകിച്ച് ഡല്‍ഹി, ആഗ്ര തുടങ്ങിയ നഗരങ്ങളിലേത്, ഏറെ നല്ലതാണെന്നാണ് വെല്‍ഡര്‍ പറയുന്നത്. തന്റെ പ്രതീക്ഷയ്ക്കപ്പുറമാണ് ഇന്ത്യന്‍ മെട്രോസംവിധാനമെന്ന് വെല്‍ഡര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു. 

ഇന്ത്യയിലെത്തുന്നതിനുമുമ്പ് ഇവിടത്തെ പൊതുഗതാഗതസംവിധാനത്തെ കുറിച്ച് മോശമായ കാഴ്ചപ്പാടായിരുന്നു തന്റെ ഉള്ളിലുണ്ടായിരുന്നതെന്നും വെല്‍ഡര്‍ സമ്മതിക്കുന്നുണ്ട്. വൃത്തിഹീനമായ ബസുകളും 'ടുക് ടുക്' റിക്ഷകളും ഉള്‍പ്പെടുന്ന പൊതുഗതാഗതസംവിധാനം ഒട്ടും സുഖകരമായിരിക്കില്ലെന്നായിരുന്നു തന്റെ വിചാരമെന്ന് വെല്‍ഡര്‍ പറഞ്ഞു. ആഗ്ര, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ സാമാന്യം നല്ല മെട്രോ സംവിധാനമുണ്ടെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും മെട്രോ കോച്ചുകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും സ്ത്രീകള്‍ക്കും പ്രായമേറിയവര്‍ക്കും സൗകര്യപ്രദമായ ഇരിപ്പിടസൗകര്യമുണ്ടെന്നും വെല്‍ഡര്‍ കുറിച്ചു. ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന എന്നിവടങ്ങളിലെ മെട്രോയ്ക്ക് സമാനമാണ് ഡല്‍ഹിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്തായാലും വെല്‍ഡറുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് വ്യൂസാണ് ഇന്‍സ്റ്റഗ്രാം വീഡിയോ നേടിയിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു. പാശ്ചാത്യരാജ്യങ്ങളെ കുറിച്ച് പുകഴ്ത്തിപ്പറയുന്നവര്‍ ഇത് കാണണമെന്നും ലണ്ടനേക്കാള്‍ നല്ല മെട്രോസംവിധാനമാണ് ഡല്‍ഹിയിലേതെന്നും നീളുകയാണ് പ്രതികരണങ്ങള്‍. 

Content Highlights: A German vlogger, Alex Welder, praises India`s metro system, especially Delhi & Agra