ഐസ് മൂടിയ നയാഗ്ര വെള്ളച്ചാട്ടം, തണുത്തുറഞ്ഞ പ്രതലം; കണ്ണും മനസ്സും നിറയ്ക്കും ഈ അത്ഭുതക്കാഴ്ച

#Travel Desk
നയാഗ്ര വെള്ളച്ചാട്ടം, പ്രതീകാത്മക ചിത്രം | Photo: SL Anand
നയാഗ്ര വെള്ളച്ചാട്ടം, പ്രതീകാത്മക ചിത്രം | Photo: SL Anand

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് എന്നാണ് നയാഗ്രയിലെ വെള്ളച്ചാട്ടങ്ങളെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവിടെ ഈ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാൻ എല്ലാവർഷവും ഇവിടേക്ക് എത്തുന്നത്. അമേരിക്കയും കാനഡയുമായി അതിർത്തി പങ്കിടുന്ന ഈ മനോഹര പ്രദേശം ശൈത്യകാലമായതോടെ മറ്റൊരു വിസ്മയ കാഴ്ചയായി മാറിയിരിക്കുകയാണ്.

കഠിനമായ തണുപ്പും ശീതക്കാറ്റും വർധിച്ചതോടെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലായി വെള്ളം തണുത്തുറഞ്ഞ് ഐസ് പാളികൾ രൂപപ്പെടുകയാണ്. വെള്ളച്ചാട്ടം പൂർണമായും തണുത്തുറയുന്നില്ലെങ്കിലും വെള്ളത്തിന് മുകളിലായി ഐസ് കെട്ടി നിൽക്കുന്നത് വിസ്മയ കാഴ്ചയാണ്. ശക്തമായ ശീതക്കാറ്റ് കൂടി ആകുന്നതോടെ ഈ മേഖലയിലെ താപനില മൈസ് 20 ഡിഗ്രിയിലേക്ക് താഴുകയാണ്. ഇതോടെ പാറകളും മരങ്ങളുമെല്ലാം മഞ്ഞിൽ മൂടുകയാണ്. യാത്രകളുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയ പേജുകളിലെല്ലാം ഇപ്പോൾ നയാഗ്രയുടെ ചിത്രങ്ങളാണ് തിളങ്ങുന്നത്.

ഈ മേഖലയിൽ ഏറ്റവുമധികം ശൈത്യമുള്ള കാലയളവിൽ പോലും വെള്ളച്ചാട്ടം തണുത്തുറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. വലിയ തോതിലുള്ള വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ ശക്തിയും മൂലമാണ് ഈ പ്രതിഭാസമുണ്ടാകാത്തത്. എന്നാൽ, വെള്ളത്തിന് മുകളിലായി രൂപപ്പെടുന്ന ഐസ് പാളി മൂലം വെള്ളച്ചാട്ടം തണുത്തുറയുന്നതായുള്ള അനുഭവമാണ് കാഴ്ചകാർക്ക് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തും മറ്റുമുള്ള ചെടികളും കല്ലുകളുമെല്ലാം പൂർണമായും ഐസ് നിറഞ്ഞിരിക്കുന്നതും കാണാം.

നയാഗ്ര വെള്ളച്ചാട്ടം, പ്രതീകാത്മക ചിത്രം | Photo:The Canadian Press via AP

അതേസമയം, നയാഗ്ര വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ വെള്ളച്ചാട്ടം പൂർണമായും തണുത്തുറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. ഈറി തടാകത്തിൽ നിന്നുണ്ടായ തണുത്ത കാറ്റിനെ തുടർന്ന് നദിയുടെ ഉറവിടം തടസ്സപ്പെട്ടതോടെയാണ് വെള്ളച്ചാട്ടം നിലച്ചത്. ഏകദേശം 30 മണിക്കൂറോളം വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരുന്നതായാണ് ചരിത്രം. എന്നാൽ, ഇപ്പോഴുള്ള പല സംവിധാനങ്ങളും ഇത്തരത്തിൽ ഐസ് ഉണ്ടാക്കുന്ന തടസ്സങ്ങൾ നീക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വൈദ്യുതി ഉത്പാദനം ഉറപ്പിക്കുന്നതിനായി ശൈത്യകാലത്ത് നദിയുടെ ഗതിമാറ്റി വിടാറുണ്ട്. അപ്പോഴും ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് ഓരോ മിനിറ്റിലും വെള്ളച്ചാട്ടത്തിൽ നിന്നും താഴേക്ക് പതിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ മേഖലയിൽ ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്യുന്നത്. പകൽ സമയങ്ങളിൽ മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസ് വരെയും രാത്രി കാലങ്ങളിൽ മൈനസ് ആറ് ഡിഗ്രിക്കും താഴെയാണ് ഇവിടുത്തെ സാധാരണ താപനില.

Content Highlights: Witness the magical frozen Niagara Falls, covered in ice! Experience a stunning natural spectacle that will captivate your senses. A must-see winter wonderland.