താനൂര്‍ തൂവല്‍തീരത്തും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; പ്രവേശനഫീസ് 120 രൂപ

താനൂർ തൂവൽതീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ ചേർന്ന് സവാരി നടത്തുന്നു
താനൂർ തൂവൽതീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ ചേർന്ന് സവാരി നടത്തുന്നു

കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍കോട്‌ ബേക്കല്‍ എന്നിവിടങ്ങളില്‍ വന്‍വിജയമായി മാറിയ ഫ്ളോട്ടിങ്  ബ്രിഡ്ജ് ഇനി മലപ്പുറം ജില്ലയിലെ താനൂരിലും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒട്ടുംപുറം തൂവല്‍തീരത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഫ്ളോട്ടിങ്  ബ്രിഡ്ജ്  ആരംഭിച്ചത്‌. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളോട്ടിങ്  ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

വിനോദസഞ്ചാരമേഖലയില്‍ കുറഞ്ഞ കാലംകൊണ്ട് അദ്ഭുതാവഹമായ നേട്ടമാണ് കേരളം ഉണ്ടാക്കിയതെന്ന് മന്ത്രി റിയാസ് പറഞ്ഞു. 2022ല്‍ ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കേരളം സന്ദര്‍ശിച്ച വര്‍ഷമായി മാറിയെന്നും മന്ത്രി പറഞ്ഞു. താനൂരിനെ മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.

തൂവല്‍ തീരത്തെ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ സമയം രാവിലെ 10 മുതല്‍ വൈകീട്ട് 6.45 വരെയാണ്. പ്രവേശനഫീസ് 120 രൂപ. മൂന്നുവയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അവശതയുള്ള വയോധികര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവര്‍ക്ക് പ്രവേശനമില്ല. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9995236336, 9142224414.

തീരദേശമുള്ള കേരളത്തിലെ 9 ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Floating bridge inaugurated at Tanur