'രക്ഷാപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അവഗണന', ഹൈക്കറുടെ മരണത്തില്‍ കുടുംബം

ഇൻഡൊനീഷ്യയിലെ പര്‍വ്വതനിരയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്രസീലിയന്‍ ഹൈക്കറും നര്‍ത്തകിയുമായ ജൂലിയാന മാരിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുനുങ് റിന്‍ജാനി പര്‍വ്വതത്തിലേക്ക് കയറുന്നതിനിടെ പാറക്കെട്ടുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്താനായത്. സംഭവത്തിനുപിന്നാലെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂലിയാനയുടെ ബന്ധുക്കള്‍.
സംഭവം അറിഞ്ഞയുടനെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കൂടുതല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ജൂലിയാനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ജൂലിയാനയ്ക്ക് നേരിടേണ്ടിവന്നതെന്നാണ് അവരുടെ ബന്ധുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഒരു അപകടമുണ്ടായെന്ന് അറിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിലെങ്കിലും രക്ഷപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നുവെങ്കില്‍ ജൂലിയാന ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു. അവള്‍ കൂടുതല്‍ പരിഗണന അര്‍ഹിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ഒരു ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജൂലിയാന അര്‍ഹിക്കുന്ന നീതി തേടിയുള്ള നിയമപോരാട്ടത്തിന് ഞങ്ങള്‍ ഒരുങ്ങുകയാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.
അതേസമയം, മലയിടുക്കില്‍ നിന്നും ജൂലിയാനയുടെ മൃതദേഹം പുറത്തെടുത്ത സന്നദ്ധപ്രവര്‍ത്തകരോട് അവരുടെ കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനം ഒട്ടും വൈകിയിരുന്നില്ലെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തുന്നതിനായി അവരോട് നേരിട്ട് സംസാരിക്കുകയും ആ പ്രദേശത്തെ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നതായി സുരക്ഷാ ഏജന്‍സിയുടെ മേധാവി മുഹമ്മദ് സയാഫി അറിയിച്ചു.
ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററിന്റെ സഹായം തേടാനായിരുന്നു ആദ്യ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ആ മേഖലയിലെ കാലാവസ്ഥ പ്രതികൂലമായിരുന്നു. അതുകൊണ്ടുതന്നെ സ്‌ട്രെക്ചര്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിന് പ്രതീക്ഷിച്ചതിലും സമയം എടുക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Family Accuses Rescuers of Negligence in Brazilian Hikers Death