‘വിൻഡോ സീറ്റ് തരില്ലെങ്കിൽ അനുഭവിച്ചോ’ എന്ന് യുവതി,ഡയപ്പർ ഊരി നിലത്തിട്ടു; വന്ദേഭാരതിലെ ദുരനുഭവം

സുജില്‍ ചന്ദ്രബോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍
സുജില്‍ ചന്ദ്രബോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍

ന്ദേഭാരത് യാത്രയ്ക്കിടെ കേരളത്തിൽവെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. സുജിൽ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനാണ് വന്ദേഭാരതിൽ കയറിയതെന്നും ആ സമയത്ത് ഒരു സ്ത്രീയിൽ നിന്ന് നേരിട്ടത് വളരെ മോശം പെരുമാറ്റമായിരുന്നെന്നും അദ്ദേഹം കുറിച്ചു.

താൻ ബുക്ക് ചെയ്ത വിൻഡോ സീറ്റ് ആ സ്ത്രീ ആവശ്യപ്പെട്ടുവെന്നും എന്നാൽ അത് നിരസിച്ചതോടെ അവർ പ്രകോപിതയായെന്നും സുജിൽ പറയുന്നു. 'എന്നാൽ പിന്നെ ചേട്ടൻ അനുഭവിച്ചോ' എന്നായി അവരുടെ ഭീഷണി. തങ്ങൾ ആദ്യമായല്ല ട്രെയ്‌നിൽ കയറുന്നതെന്നും കുടുംബമായതുകൊണ്ട് ഒന്നിച്ചിരിക്കണമെന്നും അവർ പറഞ്ഞു. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ സ്ത്രീക്കൊപ്പമുണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നിൽ ആഹാരം വെയ്ക്കുന്ന ട്രേയിൽ കയറി നിന്നു. ഇത് കാര്യമാക്കിയില്ല. എന്നാൽ കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുൻസീറ്റിൽ ഇരുന്നവരുടെ ദേഹത്ത് തെറിപ്പിച്ചു. അവിടെ ഇരുന്നവർ വന്ന് സ്ത്രീയോട് പരാതിപ്പെട്ടു. കുട്ടിയെ ഇറക്കിനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർ അത് ഗൗരവത്തിലെടുത്തില്ല. അവരോട് സോറി പറയാൻപോലും തയ്യാറായില്ല.

കുട്ടി മറ്റ് യാത്രക്കാരെ ശല്ല്യപ്പെടുത്തുന്നത് തുടർന്നപ്പോൾ അവർ മൊബൈൽ ഫോണിൽ റീൽസ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതും വലിയ ശബ്ദത്തിൽ. അൽപനേരം കഴിഞ്ഞപ്പോൾ അവർ കുട്ടിയുടെ പാന്റ്‌സ് അഴിച്ച് ഡയപ്പർ ഊരി ട്രെയിനിൽതന്നെ നിലത്തിട്ടു. സ്ത്രീക്കൊപ്പമുള്ള മറ്റൊരു കുട്ടി ഡയപ്പർ എടുത്തുമാറ്റാമോ എന്ന് അവരോട് ചോദിച്ചപ്പോൾ ക്ലീനിങ് സ്റ്റാഫ് വൃത്തിയാക്കിക്കോളും എന്നായിരുന്നു അവരുടെ മറുപടി. കൊല്ലത്ത് എത്തിയപ്പോഴേക്കും ഞാൻ വിൻഡോ സീറ്റ് ഉപേക്ഷിച്ചു. സീറ്റിൽ നിന്നിറങ്ങുന്ന നേരത്തും അവർ മോശമായ പെരുമാറ്റം തുടർന്നു.' -സുജിൽ കുറിപ്പിൽ പറയുന്നു.

റെയിൽവേക്ക് പരാതി നൽകാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോൾ അൽപം കൂടി മാന്യമായി പെരുമാറാൻ ആളുകൾ ശ്രദ്ധിക്കണമെന്നും സുജിൽ വ്യക്തമാക്കുന്നു. ഒട്ടേറെപ്പേരാണ് കുറിപ്പിന് താഴെ സമാനമായ അനുഭവം പങ്കുവെച്ചത്.

Content Highlights: entitled mother lets child stand on tray table changes diaper on vande bharat seat