ഈഫല്‍ ടവറിലെ തൊഴിലാളി സമരം തീര്‍ന്നു; അടഞ്ഞു കിടന്നത് ആറ് ദിവസം

തൊഴിലാളി യൂണിയനായ സി.ജി.ടി. പ്രവര്‍ത്തകര്‍ ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ | Photo: AFP
തൊഴിലാളി യൂണിയനായ സി.ജി.ടി. പ്രവര്‍ത്തകര്‍ ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ | Photo: AFP

ലോകത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പാരീസിലെ ഈഫല്‍ ഗോപുരം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്നാണ് ഈഫല്‍ ഗോപുരം ആറ് ദിവസത്തോളം അടഞ്ഞുകിടന്നത്. ഗോപുരത്തിന്റെ ശില്പി ഗുസ്താഫ് ഈഫേലിന്റെ നൂറാം ചരമദിനത്തിലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

ഇപ്പോള്‍ ഗോപുരം കൈകാര്യംചെയ്യുന്ന രീതിയില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സി.ജി.ടി.യുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കിയത്. ജീവനക്കാരും പാരീസ് നഗരാധികൃതരും തമ്മില്‍ കരാര്‍ക്കാര്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് ഒത്തുതീര്‍ന്നത്. ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനും 2031 ഓടെ ഈഫല്‍ ഗോപുരത്തില്‍ 380 മില്യണ്‍ യൂറോയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കകം പാരീസില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈഫല്‍ ഗോപുരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് പെട്ടെന്ന് തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികാരികള്‍ തയ്യാറായത്. വര്‍ഷത്തില്‍ എല്ലാദിനവും തുറക്കുന്ന ഈഫല്‍ ഗോപുരം കാണാന്‍ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്.

ഗോപുരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കൗണ്ടറില്‍ യു.പി.ഐ സേവനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈഫലില്‍ യു.പി.ഐ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Content Highlights: Eiffel Tower reopens after six-day closure due to employee strike