നെയ്യാർഡാമിൽ വീണ്ടും മുഴങ്ങുമോ സിംഹഗർജനം; നിവേദനം കേന്ദ്ര വനംമന്ത്രിയുടെ പരിഗണനയിൽ

കാട്ടാക്കട(തിരുവനന്തപുരം): നെയ്യാർഡാമിൽ 2022-ൽ പൂട്ടിയ സിംഹ സഫാരി പാർക്ക് വീണ്ടും തുറക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഇക്കാര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വനംമന്ത്രി സി.കെ.ഹരീന്ദ്രൻ എം.എൽ.എ.ക്ക് ഉറപ്പുനൽകി.
സന്ദർശകർക്ക് വാഹനങ്ങളിൽ കാട്ടിനുള്ളിൽ പോയി സിംഹങ്ങളെ കാണാൻ സാധിക്കുന്നതരത്തിൽ 1984-ലാണ് പാർക്ക് തുറന്നത്. അന്ന് ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാർക്കായിരുന്നു അത്. തൃശ്ശൂർ മൃഗശാലയിൽനിന്ന് എത്തിച്ച നാല് സിംഹങ്ങളുമായി നെയ്യാർഡാമിലെ അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള മരക്കുന്നം എന്ന ദ്വീപിൽ തുടങ്ങിയ പാർക്ക് ദേശീയ സൂ അതോറിറ്റി ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് പൂട്ടേണ്ടി വന്നത്.
അതോറിറ്റിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് ഏറ്റവും കുറഞ്ഞ വിസ്തീർണം 20 ഹെക്ടർ എങ്കിലും വേണം. നിലവിലുള്ള നെയ്യാറിലെ പാർക്കിന് നാല് ഹെക്ടർ വിസ്തൃതിയേയുള്ളൂ. അതാണ് പൂട്ടാൻ പ്രധാന കാരണമായത്.
പാർക്കിലേക്ക് വീണ്ടും സിംഹങ്ങളെ കൊണ്ടുവരാനും പാർക്ക് തുറന്നു പ്രവർത്തിപ്പിക്കുന്നതിനും പലതവണ സംസ്ഥാന വനംവകുപ്പ് ഇടപെടൽ നടത്തിയെങ്കിലും കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ നിബന്ധനകൾ കാരണം ശ്രമം വിജയിച്ചില്ല. ഇത് പുനഃപരിശോധിച്ച് നെയ്യാർ വന്യജീവി സങ്കേതത്തിനു കീഴിൽ പാർക്ക് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. സി.കെ.ഹരീന്ദ്രൻ കേന്ദ്ര വനംമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഇതേത്തുടർന്ന് വിഷയം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വനംമന്ത്രി ഉറപ്പുനൽകി.
1985-ൽ മൂന്ന് പെണ്ണും ഒരു ആണും ഉൾപ്പെടെ നാലു സിംഹങ്ങളുമായി തുടങ്ങിയ പാർക്കിൽ അവ പെറ്റുപെരുകി 16 എണ്ണം ആയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. എണ്ണം പെരുകിയതോടെ ചെലവ് കൂടി. പിന്നാലെ 2005-ൽ ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു. പിന്നാലെ സിംഹങ്ങൾ ഒന്നൊന്നായി ചത്തു. ഏറ്റവുമൊടുവിൽ 2022-ൽ അവശേഷിച്ച പെൺസിംഹം ബിന്ദു കൂടി ചത്തതോടെ പാർക്കിൽ സിംഹങ്ങൾ ഇല്ലാതായി. ഇതിനിടയിൽ പാർക്കിലേക്ക് സിംഹങ്ങളെ എത്തിക്കാനായി വീണ്ടും ശ്രമം തുടങ്ങിയതോടെയാണ് ദേശീയ സൂ അതോറിറ്റി ഇടപെട്ടതും പിന്നാലെ പാർക്കിന് താഴ് വീണതും
Content Highlights: Efforts have started to reopen the closed Lion Safari Park in Neyyardam