വിദേശികളുടെ വരവ് കുറഞ്ഞു, വിലകൂടിയ മുറികള്‍ ബുക്ക് ആവുന്നില്ല; പ്രതിസന്ധിയില്‍ ഹോംസ്‌റ്റേ മേഖല

സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ് സംസ്ഥാനത്തെ ഹോംസ്റ്റേ മേഖല. ക്രിസ്മസ്-ന്യൂ ഇയര്‍ സീസണ്‍ എത്തിയിട്ടും ബുക്കിങ്ങില്‍ കാര്യമായ വര്‍ധനയില്ല. വിദേശികളുടെ വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. വിദേശ സഞ്ചാരികളുടെ വരവ് 50 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഒന്‍പത് മാസം കൊണ്ട് കേരളത്തില്‍ 4.5 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയിരുന്നു.
നിലവില്‍, വലിയ മുതല്‍മുടക്കില്‍ തുടങ്ങിയ പല ഹോം സ്റ്റേകളും ലാഭമില്ലാതെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്. അതേസമയം, ആഭ്യന്തര സഞ്ചാരികള്‍ കൂടിയിട്ടുണ്ട്.
പണമൊഴുക്ക് കുറഞ്ഞു
സൗകര്യങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് 750 രൂപ മുതല്‍ 15,000 രൂപ വരെയുള്ള ഹോംസ്റ്റേ മുറികള്‍ ലഭ്യമാണ്. വിദേശികളാണ് വില കൂടിയ മുറികള്‍ ബുക്ക് ചെയ്യുന്നത്. മാത്രമല്ല, രണ്ട് മുതല്‍ അഞ്ച് ദിവസം വരെ താമസിക്കുന്നവരുമുണ്ട്. വിദേശികളുടെ എണ്ണം കുറഞ്ഞതിനാല്‍ മേഖലയിലേക്കുള്ള പണമൊഴുക്ക് 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
ആഭ്യന്തര സഞ്ചാരികളേറെയും 1,000-3,000 രൂപ വരെയുള്ള മുറികളാണ് ബുക്ക് ചെയ്യുന്നത്. ഏറെപ്പേരും ഒറ്റരാത്രി മാത്രമാകും തങ്ങുക. അവധി ദിവസങ്ങളിലാണ് 90 ശതമാനം ആഭ്യന്തര സഞ്ചാരികളും എത്തുന്നത്.
ക്ലാസിഫിക്കേഷന്‍ 1000-ല്‍ താഴെ
കേരളത്തില്‍ ഏതാണ്ട് അയ്യായിരത്തോളം ഹോംസ്റ്റേകളുണ്ട്. താമസസൗകര്യങ്ങള്‍ അടിസ്ഥാനമാക്കി ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. എന്നാല്‍, ഇവയില്‍ ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത് ആയിരത്തില്‍ താഴെ മാത്രം യൂണിറ്റുകള്‍ക്കാണ്. ഇനിയും ഇരുനൂറോളം യൂണിറ്റുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ലഭിക്കാനുണ്ടെന്ന് കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്സ്) ഡയറക്ടര്‍ എം.പി. ശിവദത്തന്‍ അറിയിച്ചു.
ഹോട്ടല്‍ മുറികള്‍ക്ക് പ്രിയം
ഹോംസ്റ്റേയില്‍ ബുക്കിങ് കുറയുമ്പോഴും ഹോട്ടല്‍ മുറികളുടെ ബുക്കിങ് 75-80 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്കുകള്‍. വിവിധ ബുക്കിങ് സൈറ്റുകളിലൂടെ ഹോട്ടല്‍ മുറികള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നതും ഗുണകരമായി. ഹോട്ടലുകളില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ബുക്കിങ് ഉയര്‍ന്നിട്ടുണ്ട്. കോവിഡിനു മുന്‍പേയുള്ള സ്ഥിതി മറികടന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.
Content Highlights: homestay tourism