ഏഴു രാജ്യങ്ങൾ, 7100 കിലോമീറ്റർ; ലഹരിക്കെതിരേ സൈക്കിളിൽ കറങ്ങാൻ പോലീസുകാരൻ

ആലപ്പുഴ: ഏഴു രാജ്യങ്ങൾ. 7100 കിലോമീറ്റർ. അതും സൈക്കിളിൽ. അലക്സ് വർക്കി എന്ന പോലീസുകാരന്റെ മുന്നിലെ ലക്ഷ്യം ഇപ്പോൾ ഇതുമാത്രം. ലക്ഷ്യത്തിലെത്താൻ 94 ദിവസമാണ് കൈയിലുള്ളത്. യാത്രയാണ് ലഹരി എന്ന സന്ദേശം ഉയർത്തുമ്പോൾ അലക്സിന് മുന്നിൽ മാർഗം പ്രശ്നമേയല്ല.
പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് തകഴി സ്വദേശി 38-കാരനായ അലക്സ് വർക്കി. സൈക്കിളിങ് പണ്ടേ ഹരമാണ്. കേരളത്തിലെമ്പാടും സൈക്കിളിൽ കറങ്ങി. കശ്മീർ വരെയും സഞ്ചരിച്ചു. ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് അടുത്ത യാത്രയിൽ ഏഴു രാജ്യങ്ങൾ തിരഞ്ഞെടുത്തത്.
വെറുതേ നാടുചുറ്റുകയല്ല, ലഹരിക്കെതിരേ പ്രചാരണം നടത്തിയാണ് യാത്ര. സെപ്റ്റംബർ അഞ്ചിന് കൊച്ചിയിൽനിന്നു വിമാനത്തിൽ വിയറ്റ്നാമിലേക്കു പുറപ്പെടും. അവിടെനിന്നാണ് യാത്രയുടെ തുടക്കം. വിയറ്റ്നാമിൽ തുടങ്ങി ബാലിയിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടയിൽ ലാവോസ്, തായ്‍ലാൻഡ്, കംബോഡിയ, മലേഷ്യ, സിങ്കപ്പൂർ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലും സൈക്കിളിൽ യാത്ര നടത്തും. ഉന്നതാധികാരികളിൽനിന്നു പ്രത്യേകം അനുമതിയും അവധിയും നേടിയാണ് യാത്ര. ഐടി പ്രൊഫഷണലും അലക്സിന്റെ സുഹൃത്തുമായ സായിസും കൂടെയുണ്ട്.
Content Highlights: Kerala policeman Alex Varki to cycle 7100km across 7 countries in 94 days