പൊതുസ്ഥലത്ത് കാപ്പികുടി വേണ്ട, ഫോട്ടോ പാടില്ല; ജീവനക്കാർക്ക് കർശന നിയമങ്ങളുമായി ബ്രിട്ടീഷ് എയർവെയ്സ്

പ്രതീകാത്മക ചിത്രം | Photo: facebook.com/britishairways
പ്രതീകാത്മക ചിത്രം | Photo: facebook.com/britishairways

ജീവനക്കാര്‍ക്കായി പുതിയ നിയമങ്ങളുമായി വിമാന കമ്പനിയായ ബ്രിട്ടീഷ് എയര്‍വെയ്‌സ്.പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായാണ് പുതിയ നിയമങ്ങളും നിര്‍ദേശങ്ങളും കമ്പനി അവതരിപ്പിച്ചത്. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ തീരുമാനം. പ്രൊഫഷണലും സ്ഥിരതയുള്ളതുമായ പ്രതിച്ഛായ നിലനിര്‍ത്താനായാണ് ഇത്തരമൊരു നീക്കം. 

യൂണിഫോം ധരിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍വെച്ച് പരസ്യമായി കാപ്പി, ചായ, കോള പോലുള്ള പാനീയങ്ങള്‍ എന്നിവ കുടിക്കാന്‍ പാടില്ല എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. പൊതു ഇടങ്ങളില്‍ പച്ചവെള്ളം കുടിക്കാന്‍ മാത്രമേ ജീവനക്കാര്‍ക്ക് അനുവാദമുള്ളൂ. അതും ആരുടേയും ശ്രദ്ധയില്‍പെടാത്ത തരത്തില്‍ വേണം കുടിക്കാനെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുന്നു. കാപ്പി ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ സ്റ്റാഫ് റൂമുകള്‍, കഫെറ്റീരിയകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാത്രമേ കുടിക്കാന്‍ പാടുള്ളൂ. 

പാനീയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് പുറമെ കാഴ്ചയിലും രൂപത്തിലും വേണ്ട കാര്യങ്ങളും ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാരോട് നിര്‍ദേശിക്കുന്നു. കമ്പനി അംഗീകരിച്ച ഷെയ്ഡുകളിലുള്ള നെയില്‍ പോളിഷുകള്‍, ലിപ്സ്റ്റിക്കുകള്‍, ഹെയര്‍ സ്റ്റൈലുകള്‍, കണ്ണടകള്‍ എന്നിവ മാത്രമേ ജീവനക്കാര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. യൂണിഫോം ധരിച്ചുകൊണ്ട് ജോലിയുടെ ഭാഗമല്ലാതെയുള്ള യാത്രകള്‍ ചെയ്യാന്‍ പാടില്ലെന്നാണ് മറ്റൊരു നിയമം. വ്യോമയാനമേഖലയില്‍ വളരെ സാധാരണമായ കാര്യമാണ് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിലക്കിയത്. 

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു സുപ്രധാന നിയന്ത്രണം. ലേ ഓവര്‍ സമയത്ത് താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ചിത്രങ്ങളോ വീഡിയോയോ എടുക്കരുതെന്നും അത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാരോട് നിര്‍ദേശിക്കുന്നു. സ്വകാര്യ അക്കൗണ്ടുകളില്‍ പോലും ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കാന്‍ പാടില്ല. നേരത്തേ പോസ്റ്റ് ചെയ്ത ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 

സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുന്നു. അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങളുടെ പശ്ചാത്തലം വിശകലനം ചെയ്ത് ഹോട്ടല്‍ ഏതാണെന്ന് കണ്ടെത്താനും ജീവനക്കാരെ അപകടപ്പെടുത്താനുമുള്ള സാധ്യത ഇല്ലാതാക്കാനുമാണ് ഈ നിര്‍ദേശം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം കമ്പനിയുടെ പുതിയ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

Content Highlights: British Airways Introduces New Rule Banning Crew From Drinking Coffee In Public