ബാലിയിലേക്ക് ബഡ്ജറ്റ് പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ; ആറ് ദിവസത്തില്‍ പോയി വരാം

'ദൈവങ്ങളുടെ ദ്വീപ്' എന്ന് അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലി, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങള്‍, സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍, നോക്കെത്താദൂരത്തോളം തട്ടുതട്ടുകളായുള്ള വയലുകള്‍, കുന്നുകള്‍, താഴ്‌വരകള്‍ അങ്ങനെ എല്ലാത്തരം ഭൂപ്രകൃതിയാലും സമ്പന്നമായ നാട്. കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണവും, വ്യത്യസ്തമായ സംസ്‌കാരവുമൊക്കെയാണ് ബാലിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.
വലിയ പണച്ചെലവും സമയമില്ലാത്തതും ഒക്കെയാണ് പലരെയും ബാലി യാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പിന്‍വലിക്കുന്നത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വെറും ആറ് ദിവസം കൊണ്ട് ബാലിയിലെ പ്രധാന കാഴ്ചകളൊക്കെ കണ്ടുവരാന്‍ സാധിച്ചാലോ. ബാലി വില്ലേജ് ടൂറും ക്രൂസ് യാത്രയും എല്ലാമുള്‍പ്പടെ. ഇത്തരമൊരു സ്വപ്‌ന പാക്കേജുമായി രംഗത്തെത്തിയിരിക്കയാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി).
ബ്ലിസ്ഫുള്‍ ബാലി (ndo28) എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ബാലിയിലെ പ്രധാന കാഴ്ചകളെല്ലാം ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളിലെ ടെര്‍മിനല്‍ നമ്പര്‍ മൂന്ന് വഴിയാണ് യാത്ര. കിന്റമണി, ഉബുദ് തുടങ്ങിയ ബാലി ഗ്രാമങ്ങള്‍, ഉലുവാടു, തനഹ്‌ലോട് പോലുള്ള ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് ഈ പാക്കേജിലുള്ളത്. ലോകപ്രശസ്തമായ കേകാക് നൃത്തം കാണാനുള്ള അവസരവുമുണ്ട്.
ബാലി സഫാരി മറൈന്‍ പാര്‍ക്ക്, ടര്‍ട്ടില്‍ കണ്‍സര്‍വേഷന്‍ ഐലന്‍ഡിലൂടെയുള്ള ഗ്ലാസ് ബോട്ട് യാത്ര തുടങ്ങി അവിസ്മരണീയമായ അനുഭവങ്ങളും ഈ യാത്രയില്‍ കാത്തിരിപ്പുണ്ട്. ആറാം ദിവസം രാത്രിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും. ആകെ 35 സീറ്റുകളാണ് ഈ യാത്രയില്‍ ഉണ്ടാവുക. 91000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിമാനയാത്രയും ഹോട്ടല്‍ താമസവും ഗൈഡും മറ്റ് ചെലവുകളും ഉള്‍പ്പടെയാണ് ഈ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
Content Highlights: blissful bali irctc travel packages