ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാളെ തുടങ്ങും

വ്യോമസേന നടത്തുന്ന എയർഷോയ്ക്കു മുന്നോടിയായുള്ള പരിശീലന പ്രദർശനം
വ്യോമസേന നടത്തുന്ന എയർഷോയ്ക്കു മുന്നോടിയായുള്ള പരിശീലന പ്രദർശനം

കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണ് നാളെ തിരിതെളിയും. ജനുവരി നാല്, അഞ്ച് തീയതികളിൽ ഡ്രോൺ ഷോ, കൈറ്റ് ഫെസ്റ്റിവൽ, വിവിധ ജലകായികമത്സരങ്ങൾ, സംഗീതകലാപരിപാടികൾ എന്നിവയാണ് ഫെസ്റ്റിലുണ്ടാവുക. 

സംസ്ഥാനടൂറിസം വകുപ്പും ജില്ലാഭരണകൂടവും ഡി.ടി.പി.സി.യും സംയുക്തമായാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നത്. കാസർകോടുമുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽനിന്നായി സ്പെഷ്യൽ, ലോക്കൽ വിഭാഗങ്ങളിലെ അസി. കമ്മിഷണർമാർ, ഇൻസ്പെക്ടർമാർ എന്നിവർക്കു കീഴിൽ 750 പോലീസ് സേനാംഗങ്ങളുടെ സേവനമാണ് ഒരുക്കുന്നത്.

വാഹനം പാർക്ക്‌ ചെയ്യാനും സൗകര്യം

ഒരേസമയത്ത് ആയിരക്കണക്കിനാളുകൾ എത്തുന്നതിനാൽ വാഹനങ്ങൾ മറീന ബീച്ച് പരിസരത്തേക്ക് കൊണ്ടുവരാനാകില്ല. ഇതിനാൽ, ബേപ്പൂരിലേക്ക് വരുന്ന വാഹനങ്ങൾ അതതു പ്രവേശനഭാഗങ്ങളിൽ പാർക്ക്‌ ചെയ്യുന്നതിനാണ് സൗകര്യമൊരുക്കിയത്.

ബി.സി. റോഡ് വഴി വരുന്നവർക്ക്‌ കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിൽ വിശാലമായ പാർക്കിങ് ഒരുക്കി. കോഴിക്കോട് വട്ടക്കിണർ ഭാഗത്തുനിന്ന് വരുന്നവർക്ക് ബേപ്പൂർ ജി.വി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടും ബേപ്പൂർ അങ്ങാടിവരെയെത്തുന്ന വാഹനങ്ങൾക്ക് പോർട്ടിനു സമീപത്തെ സിൽക്ക്, കോവിലകം ഭൂമികളും പയ്യാനക്കൽ ഒ.എം. റോഡ്‌ വഴിയെത്തുന്നവർക്കായി കല്ലിങ്ങൽ ഗ്രൗണ്ടും പാർക്കിങ്ങിനായി പാകപ്പെടുത്തിയിട്ടുണ്ട്.

ബേപ്പൂരിലെ പ്രധാന പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന്‌ മറീന തീരത്തേക്ക് പ്രത്യേകമായി 75 ഓട്ടോറിക്ഷകൾ സ്റ്റിക്കർ പതിച്ച് ഫെസ്റ്റ് ദിവസങ്ങളിൽ സർവീസ് നടത്തും. ചാലിയം ഫോറസ്റ്റ് ടിമ്പർ ഡിപ്പോയുടെ ഭാഗമായുള്ള സ്ഥലവും പാർക്കിങ്ങിന് ഒരുക്കി. ബേപ്പൂർ-ചാലിയം ജങ്കാർ കൂടുതൽ സർവീസുണ്ടാകും.

ബേപ്പൂരിൽ ക്ലിനിക്

ശനി, ഞായർ ദിവസങ്ങളിൽ ബേപ്പൂർ മറീന തീരത്തിനു സമീപം മുഴുവൻസമയം ഒരു മെഡിക്കൽ ക്ലിനിക് പ്രവർത്തിക്കും. പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സ് എന്നിവരുടെ സേവനങ്ങളും ലഭിക്കും. നാലു മെഡിക്കൽ ആംബുലൻസുകൾ ബേപ്പൂർ തീരത്തും മൂന്നെണ്ണം ചാലിയത്തും 24 മണിക്കൂറും സജ്ജമായിരിക്കും.

കൈറ്റ് ഫെസ്റ്റിവൽ നാളെ തുടങ്ങും

ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ടൂറിസവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വൺ ഇന്ത്യ കൈറ്റ് ടീമിന്റെ സഹകരണത്തോടെ നടത്തുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ഏഴുവരെ ബേപ്പൂർ ബീച്ചിലാണ് മത്സരങ്ങൾ.

ഇന്ത്യൻ പരമ്പരാഗത ട്രെയിൻ കൈറ്റ്, പ്രത്യേക രൂപമുള്ള ആധുനിക പട്ടങ്ങൾ, പൈലറ്റ് പട്ടങ്ങൾ, സ്പോർട്‌സ് കൈറ്റുകൾ, വൃത്താകൃതിയിലുള്ള പട്ടങ്ങൾ, എൽ.ഇ.ഡി. എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് മത്സരം.കൂടാതെ, കൈറ്റ് ഫെസ്റ്റിവലിന്റെ മികച്ച ദൃശ്യങ്ങൾ (റീൽസ്, വീഡിയോ) പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരിൽനിന്ന്‌ ഏറ്റവും മികച്ച വീഡിയോക്ക് സ്വർണനാണയം സമ്മാനമായി നൽകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിച്ചു.ആദ്യം രജിസ്റ്റർചെയ്യുന്ന 100 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഫോൺ: 8075127774. പത്രസമ്മേളനത്തിൽ ആർ. ജയന്ത് കുമാർ, അബ്ദുള്ള മാളിയേക്കൽ, ഹംറാസ് ചാലിയം, ഷബീറലി റിഥം എന്നിവർ പങ്കെടുത്തു.

Content Highlights: Beypore International Water Fest will begin tomorrow