കൂട്ടിയതിന്റെ ഒരുഭാഗം കുറച്ചു, എന്നിട്ടും രക്ഷയില്ല; ബെംഗളൂരു മെട്രോയെ കൈയ്യൊഴിഞ്ഞ് യാത്രക്കാര്‍

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ബെംഗളൂരു: നിരക്കുവര്‍ധനയ്ക്ക് പിന്നാലെയുണ്ടായ വിമര്‍ശനത്തെത്തുടര്‍ന്ന് ഇളവ് നല്‍കിയിട്ടും ബെംഗളൂരു മെട്രോയ്ക്ക് കനത്ത തിരിച്ചടി. ഇളവുകള്‍ നിലവില്‍വന്ന ശേഷവും യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്. ഒരാഴ്ചയ്ക്കിടെ 40,000-ഓളം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 100% നിരക്കുവര്‍ധനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. യാത്രക്കാര്‍ കൂട്ടമായി മെട്രോയെ കൈയ്യൊഴിയാനും തുടങ്ങി. പിന്നാലെയാണ്‌ മെട്രോയില്‍ നിരക്കുവര്‍ധനയില്‍ ഇളവ്‌ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 17 തിങ്കളാഴ്ച 7.8 ലക്ഷം യാത്രക്കാരാണ് ബെംഗളൂരു മെട്രോയില്‍ യാത്രചെയ്തത്. ഫെബ്രുവരി 10 തിങ്കളാഴ്ച ഇത് 8.2 ലക്ഷമായിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള തിങ്കളാഴ്ച (ഫെബ്രുവരി മൂന്ന്) 8.7 ലക്ഷം യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. അവധി ദിനങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായകുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്‍പത് ഞായറാഴ്ച 6.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത്, 16-ന് 5.3 ലക്ഷമായി കുറഞ്ഞു. 90,000- ഓളം പേരുടെ കുറവ്.

നിരക്കുവര്‍ധനയോടെ പലരും ബെംഗളൂരു മെട്രോയെ കൈയ്യൊഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് 100% നിരക്കുവര്‍ധന എന്ന തീരുമാനത്തില്‍നിന്ന് അധികൃതർ പിന്നോട്ടുപോയത്. 71% മാത്രമേ നിരക്ക് വര്‍ധിപ്പിക്കൂവെന്ന് മെട്രോ വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിനായിരുന്നു വര്‍ധിപ്പിച്ച നിരക്ക് പ്രാബലത്തില്‍ വന്നത്. യാത്രക്കാര്‍ കൂട്ടത്തോടെ കൈയ്യൊഴിഞ്ഞതോടെ ഫെബ്രുവരി 14 മുതല്‍ ഇളവുവരുത്തിയ ശേഷമുള്ള പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി.

ജനുവരിയില്‍ ആകെ 2.5 കോടി യാത്രക്കാരാണ് ബെംഗളൂരു മെട്രോയില്‍ യാത്രചെയ്തത്. ശരാശരി ഒരുദിവസം എട്ടുലക്ഷം യാത്രക്കാര്‍. നിരക്കുവര്‍ധിപ്പിച്ചതോടെ ഒരുതവണ മാത്രമാണ് എട്ടുലക്ഷത്തിന് മുകളില്‍ യാത്രക്കാര്‍ ഒറ്റദിവസം യാത്രചെയ്തത്.

Content Highlights: Bengaluru metro sees continued decline in footfall after fare hike