ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ ബുക്കിങ് തിരക്ക്, ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു: ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിലാണ് (16526) ടിക്കറ്റ് വേഗത്തിൽ തീർന്നത്.
ഞായറാഴ്ച രാത്രി എട്ടുവരെയുള്ള ബുക്കിങ് പ്രകാരം ഈ തീവണ്ടിയിൽ ഈ രണ്ടുദിവസവും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. സ്ലീപ്പർ, എ.സി. ഇക്കോണമി ക്ലാസ്, തേഡ് എ.സി. അടക്കം എല്ലാ ക്ലാസിലും ബെർത്തുറപ്പുള്ള ടിക്കറ്റ് തീരുകയായിരുന്നു.
ഈസ്റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും നാട്ടിൽപോകുന്നവരിൽ ഏറെയും പെസഹാവ്യാഴാഴ്ച രാവിലെയെങ്കിലും കേരളത്തിൽ എത്തുന്ന വിധത്തിൽ യാത്ര ആസൂത്രണം ചെയ്യുകയാണ് പതിവ്. അതിനാൽ പെസഹായ്ക്ക് തലേദിവസം (ഏപ്രിൽ ഒന്ന്) ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഏറെ തിരക്ക്.
ശനിയാഴ്ചയാണ് ഈ ദിവസത്തേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്. ഒരുമണിക്കൂറിനുള്ളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. പെസഹ ദിവസം പുറപ്പെടുന്ന തീവണ്ടികളിലും ടിക്കറ്റെടുക്കാൻ തിരക്കായതോടെ തലേദിവസത്തെ അതേ സ്ഥിതിയായിരുന്നു.
ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ ഒന്നിന് പുറപ്പെടുന്ന സർവീസിൽ സ്ലീപ്പർ ക്ലാസിൽ ഇതുവരെ 90-ൽ ഏറെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വിറ്റുപോയി. എ.സി. ഇക്കോണമിയിൽ വെയിറ്റിങ് ലിസ്റ്റ്-30, തേഡ് എ.സി.-വെയിറ്റിങ് ലിസ്റ്റ് 63 എന്നിങ്ങനെയാണ് റിസർവേഷൻ നില. ഞായറാഴ്ച റിസർവേഷൻ ആരംഭിച്ച ഏപ്രിൽ രണ്ടിനുള്ള സർവീസിൽ ആദ്യദിവസംതന്നെ സ്ലീപ്പർ ക്ലാസിൽ 60-ഓളം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വിറ്റുപോയി.
തെക്കൻകേരളത്തിലേക്കുള്ള മറ്റൊരു പ്രതിദിന തീവണ്ടിയായ മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസിലും (16315) ബുക്കിങ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ തീവണ്ടിയിൽ ഏപ്രിൽ ഒന്നിന് സ്ലീപ്പർ ക്ലാസിലും തേഡ് എ.സി.യിലും ബർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു. ഏപ്രിൽ രണ്ടിനുള്ള സർവീസിൽ ഞായറാഴ്ച രാത്രി എട്ടുവരെയുള്ള റിസർവേഷൻ പ്രകാരം 30-ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതേസമയം, ഏപ്രിൽ രണ്ടിനുള്ള യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് ഗരിബ് രഥ് എക്സ്പ്രസിൽ 500-ൽപ്പരം ടിക്കറ്റ് ബാക്കിയുണ്ട്.
Content Highlights: Easter holidays see huge demand for trains from Bengaluru to Kerala. Bookings for key dates are already full, with long waiting lists. Plan your travel early!