വാട്ടർ മെട്രോയിൽ കയറ്റാം, അകത്ത് ഓടാൻ പാടില്ലെന്ന് ബെഹ്റ; ഓടാനറിയാം നീന്താനറിയില്ലെന്ന് ബെൻ ജോൺസൻ

#സിറാജ് കാസിം
വാട്ടർമെട്രോ യാത്രയ്ക്കിടെ കൊച്ചിയുടെ കായൽസൗന്ദര്യം ആസ്വദിക്കുന്ന ബെൻ ജോൺസൻ. സമീപം കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ | Photo: Mathrubhumi
വാട്ടർമെട്രോ യാത്രയ്ക്കിടെ കൊച്ചിയുടെ കായൽസൗന്ദര്യം ആസ്വദിക്കുന്ന ബെൻ ജോൺസൻ. സമീപം കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ | Photo: Mathrubhumi

കൊച്ചി: “വാട്ടർ മെട്രോയിൽ കയറ്റാം, പക്ഷേ ബോട്ടിനകത്ത് ഓടാൻ പറ്റില്ല...” യാത്രയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ഒരു തമാശ പൊട്ടിച്ചാണ് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയതെങ്കിൽ തകർപ്പനൊരു സ്പ്രിന്റ് ഫിനിഷിങ് പോലെ അതിവേഗത്തിലായിരുന്നു ബെൻ ജോൺസന്റെ മറുപടി, “എനിക്ക് ഓടാനറിയാം, പക്ഷേ നീന്താനറിയില്ല...” ഒരു കൂട്ടച്ചിരിയിൽ ആ ബോട്ട് കൊച്ചിയുടെ ഓളപ്പരപ്പിലേക്ക് സഞ്ചാരം തുടങ്ങി.

അത്‌ലറ്റിക്‌സിലെ മുൻ ലോക ചാമ്പ്യൻ ബെൻ ജോൺസൻ അതിഥിയായെത്തുമ്പോൾ ബോൾഗാട്ടി പാലസിലെ ഡച്ച് കൊട്ടാരം മുതൽ വാട്ടർ മെട്രോയിലെ സവാരി വരെയായി മനോഹരമായ കുറെ നിമിഷങ്ങളാണ് കൊച്ചി കാത്തുവെച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് കാർ മാർഗം കൊച്ചിയിലേക്ക് വരുമ്പോൾ ഉച്ചയ്ക്ക് അങ്കമാലിയിൽ മലബാർ ദം ബിരിയാണി കഴിക്കാനൊരു മോഹം. ഉച്ച കഴിഞ്ഞ് ബോൾഗാട്ടി പാലസിലെത്തുമ്പോൾ ബെന്നിനു മുന്നിൽ കായൽക്കാഴ്ചകൾ ഓളംവെട്ടി. തണ്ണിമത്തൻ ജ്യൂസും കഴിച്ച് കുറെ നേരം കൊച്ചിയുടെ കായൽസൗന്ദര്യം ആസ്വദിച്ചു.

കൊച്ചിയുടെ സൗന്ദര്യം നുകരാൻ വാട്ടർ മെട്രോയിലേക്ക് ബെന്നിനെ ക്ഷണിച്ചപ്പോൾ സ്വീകരിക്കാൻ എംഡി ലോക്‌നാഥ് ബെഹ്‌റ തന്നെ പൂക്കളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൊച്ചിയുടെ ഓളപ്പരപ്പിലൂടെ വാട്ടർ മെട്രോ ഒഴുകുമ്പോൾ ബെന്നിന്റെ മിഴികൾ ആദ്യം ഉടക്കിയത് കുറെ മീൻപിടിത്ത ബോട്ടുകളിലായിരുന്നു. ദിവസങ്ങളോളം കടലിൽ തങ്ങിയാണ് ഈ ബോട്ടിലുള്ളവർ മീൻപിടിക്കുന്നതെന്ന് ബെഹ്‌റ പറഞ്ഞപ്പോൾ ബെന്നിന്റെ ആശ്ചര്യം ഒരു വാക്കിലാണ് പുറത്തുവന്നത്, ‘വൗ...’

ഫോർട്ട്‌കൊച്ചിയും മട്ടാഞ്ചേരിയും വില്ലിങ്ടൺ ഐലൻഡും വൈപ്പിനും ചുറ്റി ബോട്ട് യാത്ര തുടരുമ്പോൾ ബെഹ്‌റ ബെന്നിന്റെ നാടായ കാനഡയിലെ മോണ്ട്രിയലിനെ ഓർമ്മിപ്പിച്ചു. ജലാശയങ്ങളുടെ നാടായ മോണ്ട്രിയൽ പോലെ അതിമനോഹരം കൊച്ചി എന്ന ബെന്നിന്റെ മറുപടി കേൾക്കുമ്പോൾ യാത്രയിൽ കൂടെയുണ്ടായിരുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിനും നിറഞ്ഞ സന്തോഷം. “ഇന്ത്യയിൽ മികച്ച പ്രതിഭയും ശേഷിയുമുള്ള കുറെ അത്‌ലറ്റുകളുണ്ട്. പക്ഷേ, ഒളിമ്പിക്സ് പോലെയുള്ള വേദികളിൽ മികവുകാണിക്കണമെങ്കിൽ ഇനിയും ഒരുപാട് മുന്നേറണം. അടുത്ത ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ഇന്ത്യൻ താരങ്ങളോടും കോച്ചുമാരോടും എനിക്ക് പറയാനുള്ളത് ഒരു നിമിഷം പോലും ഇനി പാഴാക്കാനില്ലെന്നാണ്...”

ബോട്ട് ഫിനിഷിങ് പോയിന്റിലെത്തുമ്പോൾ ബെന്നിന്റെ വാക്കുകൾ കേരളത്തിനുള്ള ഒരു മെഡലായി. “ആദ്യമായാണ് ഞാൻ കേരളത്തിലെത്തുന്നത്. ഈ നാട് മനോഹരമാണ്, എനിക്കേറെ ഇഷ്ടമായി”.

Content Highlights: Former world champion Ben Johnson explores Kochi`s Water Metro