വയനാട് യാത്ര മാറ്റിവെക്കേണ്ട; ഹൈഡല്‍ ടൂറിസംകേന്ദ്രം വൈകീട്ട് 5.45 വരെ കാണാം

ബാണാസുരസാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകീട്ട് 5.45 വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി. കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുംചെയ്തിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ചുറ്റും പച്ചപുതച്ച കുന്നുകള്‍, അതിന് മധ്യത്തിലായി ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ബാണാസുര സാഗര്‍ അണക്കെട്ട് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ആകര്‍ഷകമായ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് എന്ന പ്രത്യേകതകൂടിയുണ്ട് ബാണാസുരസാഗറിന്. കബനി നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് ബാണാസുരസാഗര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അണക്കെട്ടും റിസര്‍വോയറും ചെറു ദ്വീപുകളും സുന്ദരമായ കാഴ്ച സമ്മാനിക്കുന്നു.
സ്പീഡ് ബോട്ടിങ്ങും കുതിര സവാരിയും ഒട്ടക സവാരിയുമെല്ലാം ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിന്റെ വശ്യതയാര്‍ന്ന കുന്നുകളാണ് ചുറ്റിലും. മണിക്കുന്ന്, ചെമ്പ്ര പീക്ക്, തരിയോട് മല, സുഗന്ധഗിരി മല എന്നിവയെല്ലാം മായക്കാഴ്ചകള്‍ക്കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്നു.
Content Highlights: banasura sagar dam hydel tourism center