ജലപാതയില്‍ പോള നിറഞ്ഞ് ബോട്ട് നീങ്ങുന്നില്ല; ആലപ്പുഴ-കോട്ടയം ബോട്ട് യാത്ര പ്രതിസന്ധിയില്‍

കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറിൽ പോള നിറഞ്ഞ് കിടക്കുന്നു
കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറിൽ പോള നിറഞ്ഞ് കിടക്കുന്നു

ജലപാതയില്‍ പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പ്രതിസന്ധിയിലായി. കോടിമതയില്‍നിന്ന് ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വേമ്പനാട്ട് കായലിലേക്ക് എത്തുന്നതുവരെ ജലപാത പോളയും പുല്ലും നിറഞ്ഞു കിടക്കുകയാണ്. അതിനാല്‍ കാഞ്ഞിരത്ത് അപ്പുറം വെട്ടിക്കാനം ഭാഗത്ത് ബോട്ട് യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ യാത്ര തുടങ്ങുകയാണ്‌ചെയ്യുന്നത്. അതോടെ എട്ട് സര്‍വീസ് നടത്തിയിരുന്ന കോടിമതയില്‍നിന്ന് നിലവില്‍ രണ്ട് സര്‍വീസ് മാത്രമാണ് നടത്തുന്നത്.

രാവിലെ ഒമ്പതരയ്ക്കും ഏഴേകാലിനും ആലപ്പുഴയില്‍നിന്ന് തിരിക്കുന്ന രണ്ട് ബോട്ട് മാത്രം കോടിമതയില്‍ എത്തുന്നുണ്ട്. ആ സമയം പോളയില്‍ ഇളക്കം വരുന്നതിനാലാണ് കഷ്ടിച്ച് ബോട്ട് കടന്ന് പോകാന്‍ കഴിയുന്നത്. ഉച്ചയോടെ പോള തിങ്ങിയിട്ട് കോടിമതയിലേക്ക് ബോട്ട് കൊണ്ട് വരാന്‍ പറ്റുന്നില്ല. പോളയിലൂടെ ബോട്ട് മുന്നോട്ട് എടുക്കുമ്പോള്‍ എന്‍ജിന്‍ ചൂടായി തകരാര്‍ സംഭവിക്കുന്നത് പതിവായതോടെയാണ് ബോട്ട് സര്‍വീസ് വെട്ടിക്കാനത്ത് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ പറയുന്നു.

പോള നീക്കിയില്ലെങ്കില്‍ താമസിയാതെ മറ്റ് രണ്ട് സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടി വരുമെന്നതാണ് അവസ്ഥ. കോടിമത ജെട്ടിയിലും പള്ളം ബ്ലോക്കിലും കൊടൂരാറിന്റെ കൈവഴികളിലും പോള നിറഞ്ഞിട്ടുണ്ട്. കച്ചേരിക്കടവ്, ഈരയില്‍ക്കടവ്, മണിപ്പുഴ, നാട്ടകം ബൈപ്പാസ് തുടങ്ങിയ ഭാഗങ്ങളിലും പോള നിറഞ്ഞുതിങ്ങുന്നത്.

പോള ശല്യം മൂലം യാത്രയ്ക്ക് കൂടുതല്‍ സമയം എടുക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ജീവനക്കാരും ഏറെ പണിപ്പെട്ടാണ് പോള നിറഞ്ഞ തോട്ടിലൂടെ സര്‍വീസ് നടത്തുന്നത്. ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ ആലപ്പുഴയിലേ സര്‍വീസ് ചെയ്യാന്‍ കഴിയൂവെന്നതാണ് മറ്റൊരു പ്രശ്‌നമായി ജീവനക്കാര്‍ പറയുന്നത്.

കോടിമതയില്‍നിന്ന് നിരവധി പേര്‍ ബോട്ടിനെ ആശ്രയിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ പെടുന്നു. കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം നുകര്‍ന്ന് യാത്ര ചെയ്യാമെന്നതിനാല്‍ വിനോദ സഞ്ചാരികളും സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. അവധിക്കാലമായതിനാല്‍ കുടുംബമായി യാത്ര ചെയ്യാന്‍ വരുന്നവര്‍ നിരാശയോടെ മടങ്ങുന്നു. കോടിമതയില്‍നിന്ന് ബോട്ടുകള്‍ ഇല്ലാത്തതിനാല്‍ ഈ യാത്രതന്നെ വേണ്ടെന്ന് വെയ്ക്കുകയാണ് പലരും. ഇത് ഗതാഗത വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു.

നടപടിയില്ല

പോള നീക്കണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. അതിനായി ഫണ്ട് കണ്ടെത്താനായിട്ടില്ലെന്നാണ് കോട്ടയം നഗരസഭ അറിയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

Content Highlights: alappuzha kottayam boat service