ഇന്നെത്തും ‘ആകാശ’ എയർ; മുംബൈ-കോഴിക്കോട് സർവീസിന് ബോയിങ്‌ 737 മാക്സ് വിമാനം, അന്താരാഷ്ട്ര സർവീസുകളും പരിഗണനയിൽ

ആകാശ എയര്‍ലൈന്‍സ് | Photo:AFP
ആകാശ എയര്‍ലൈന്‍സ് | Photo:AFP

കരിപ്പൂർ: ‘ആകാശ’ എയർ കമ്പനിയുടെ മുംബൈ-കോഴിക്കോട് സർവീസ് ബുധനാഴ്ച തുടങ്ങും. ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയിൽനിന്നു വൈകീട്ട് 5.35-ന് പുറപ്പെടും. 7.20-ന് കോഴിക്കോട്ടെത്തും. 7.55-ന് കോഴിക്കോട്ടുനിന്ന് തിരിച്ചുപറക്കുന്ന വിമാനം 9.40-ന് മുംബൈയിൽ എത്തും.

ബോയിങ്‌ 737 മാക്സ് വിമാനമാണ് ‘ആകാശ’ എയർ സർവീസിന് ഉപയോഗിക്കുക. 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിൽ മുഴുവൻ സീറ്റുകളും ഇക്കോണമി ക്ലാസ്സിൽ ആയിരിക്കും. 3,000 രൂപ മുതൽ 4,000 രൂപവരെയാണ് ഇവർ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളും കമ്പനി വാഗ്ദാനംചെയ്യുന്നു.

ഇതിനുപുറമേ കോഴിക്കോട്ടുനിന്ന് അന്താരാഷ്ട്ര സർവീസുകളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് സർവീസുകൾ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സ് പിന്മാറിയ ഗൾഫ് മേഖലയിലേക്ക് ഇവർ സർവീസുകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം കോഴിക്കോട്ടുനിന്ന് റിയാദ്, ജിദ്ദ മേഖലകളിലേക്ക് പറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടുതൽ ആഭ്യന്തര മേഖലകളിലേക്കുള്ള സർവീസും കമ്പനി ലക്ഷ്യംവെക്കുന്നു.

Content Highlights: Akasa Air launches Mumbai-Kozhikode flights on Wednesdays using Boeing 737 MAX. International services and more domestic routes are under consideration.