ഈ വർഷം 183 വിമാനങ്ങളിൽ സാങ്കേതികത്തകരാർ; കൂടുതൽ എയർ ഇന്ത്യയിൽ

ന്യൂഡൽഹി: രാജ്യത്താകെ ഈവർഷം 183 വിമാനങ്ങളിൽ സാങ്കേതികത്തകരാറുണ്ടായെന്ന് കേന്ദ്രസർക്കാർ.ജൂലായ് 21 വരെയുള്ള കണക്കാണിത്. കൂടുതൽ തകരാറുണ്ടായത് എയർഇന്ത്യയുടെ വിമാനങ്ങൾക്കാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ ലോക്‌സഭയെ അറിയിച്ചു. ആന്റോ ആന്റണി, കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എയർഇന്ത്യയുടെ 85 വിമാനങ്ങൾക്കാണ് സാങ്കേതികത്തകരാറുണ്ടായത്. അതിൽ 61 എണ്ണവും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ്. ഇൻഡിഗോയുടെ 62 വിമാനങ്ങളും ആകാശയുടെ 28 വിമാനങ്ങൾ, സ്പൈസ് ജെറ്റിന്റെ എട്ടുവിമാനങ്ങളും തകരാറിലായി. അലയൻസ് എയറിന്റെ വിമാനങ്ങൾ തകരാറിലായിട്ടില്ല.
കഴിഞ്ഞവർഷം രാജ്യത്താകെ 421 വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ 253 വിമാനങ്ങളും എയർ ഇന്ത്യയുടേതായിരുന്നു. അലയൻസ് എയറിന്റെ 51, ഇൻഡിഗോയുടെ 46, വിസ്താരയുടെ 44, സ്പൈസ് ജെറ്റിന്റെ 23, ആകാശ എയറിന്റെ നാല് എന്നിങ്ങനെയും വിമാനങ്ങളിൽ സാങ്കേതികത്തകരാറുണ്ടായി. 2023-ൽ 448 വിമാനങ്ങൾ തകരാറിലായിരുന്നു.
അഞ്ചുവർഷത്തിൽ യാത്രക്കാരിൽനിന്ന് ഡിജിസിഎക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് 2023-ലാണ്, 5513 പരാതി. കഴിഞ്ഞവർഷം 4016 പരാതിയും ഇക്കൊല്ലം ജൂലായ് 14 വരെ 3925 പരാതിയും ലഭിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം പൈലറ്റുമാരുടെ കൂട്ടയവധി
അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയിൽ പൈലറ്റുമാരുടെ കൂട്ടയവധി. ജൂൺ 16-നു മാത്രം 112 പൈലറ്റുമാരാണ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചത്. വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യ ജീവനക്കാർ കൂട്ടയവധിയെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മുരളീധർ മോഹോളാണ് മറുപടി നൽകിയത്.
അപകടത്തിനുശേഷം പൈലറ്റുമാരുടെ മെഡിക്കൽ അവധികളിൽ നേരിയ വർധനയുണ്ട്. ജൂൺ 16-ന് 51 കമാൻഡർമാരും 61 ഫസ്റ്റ് ഓഫീസർമാരും ഉൾപ്പെടെ 112 പൈലറ്റുമാർ അസുഖാവധിയിൽ പ്രവേശിച്ചു .-മന്ത്രി പറഞ്ഞു.ജൂൺ 12-ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനം കെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ 241 യാത്രക്കാരാരുൾപ്പെടെ 260 പേരാണ് കത്തിയമർന്നത്.
Content Highlights: aircraft-technical-snags-india-2025