1536 ലെ ലണ്ടനിലേക്ക് ടൈം ട്രാവൽ വ്ലോഗ്; അതിശയ കാഴ്ചകളിൽ അമ്പരപ്പിച്ച് ക്ലോയിയുടെ യാത്രകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനന്തമാണ്. മനുഷ്യരുടെ ചിന്താശേഷിയയേയും ക്രിയാത്മകതയേയും അത് തകർക്കുമെന്ന ആശങ്ക ഒരുവശത്തുണ്ടെങ്കിലും മനുഷ്യരുടെ സർഗാതമകതയ്ക്ക് പുതിയ ദിശയൊരുക്കുകയാണ് മറുവശത്ത് എഐ. ഭൂതകാലത്തിലേക്ക് ടൈം ട്രാവൽ ചെയ്യാനും അവിടുത്തെ കാഴ്ചകൾ കാണാനും മനുഷ്യർക്ക് സാധിക്കില്ല. എന്നാൽ എഐയുടെ സഹായത്തോടെ അങ്ങനെ ഒരു അനുഭവം സമ്മാനിച്ച് ശ്രദ്ധ നേടുകയാണ് ക്ലോയി വേഴ്സസ് ഹിസ്റ്ററി എന്ന യൂട്യൂബ് ചാനൽ. യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും ക്ലോയി വേഴ്സസ് ഹിസ്റ്ററി വൈറലായിക്കൊണ്ടിരിക്കുകയാണ്.
യൂട്യൂബ് ചാനലിൽ ഏറ്റവും ഒടുവിൽ പങ്കുവെക്കപ്പെട്ട ഐ ടൈം ട്രാവൽഡ് ടു ടുഡോർ ലണ്ടൻ ഇൻ 1536 എന്ന വ്ലോഗ് ശ്രദ്ധ നേടുകയാണ്. പുരാതന ബ്രിട്ടനിലേക്ക് 2026-ൽ നിന്ന് ടൈം ട്രാവൽ ചെയ്തൊരു യുവതിയെത്തുന്നു ക്യാമറയും പിടിച്ച് ലണ്ടനിലെ പ്രാകൃത നഗര വീഥികളിലൂടെ മനുഷ്യരുടെ ജീവിതരീതികളും രുചിയും പ്രകൃതിയും പരിചയപ്പെടുത്തി രാപകലില്ലാതെ സഞ്ചരിക്കുന്നു. തെരുവുകളിലൂടെ സാധാരണ ജീവിതം മാത്രമല്ല. അക്കാലത്തെ ഹെൻട്രി എട്ടാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ക്ലോയി ഹാംടൺ കോർട്ട് പാലസും സഞ്ചരിക്കുന്നുണ്ട്.
അക്കാലത്ത് ഒരു വ്ലോഗുണ്ടായിരുന്നെങ്കിൽ എങ്ങനെയുണ്ടായിരുന്നു. ആ കൗതുകം വീഡിയോയിലുടനീളം കാഴ്ചക്കാർക്ക് തോന്നും. ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേർ മെയ് 16 ന് പങ്കുവെച്ച ഈ വീഡിയോ കണ്ടിട്ടുണ്ട്. രണ്ട് ലക്ഷത്തിനടുത്താളുകൾ സബ്സ്ക്രൈബ് ചെയ്ത ചാനലിൽ ഇതുവരെ മൂന്ന് വീഡിയോകൾ മാത്രമാണ് വന്നിട്ടുള്ളത്. പുരാതന റോമിലേക്കായിരുന്നു ക്ലോയിയുടെ ആദ്യയാത്ര, പിന്നീട് 1912 ലെ ടൈറ്റാനിക് കപ്പലിലും ക്ലോയി യാത്ര ചെയ്തു. അതേസമയം ക്ലോയി വേഴ്സസ് ഹിസ്റ്ററിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇത്തരത്തിൽ നിരവധി ഹ്രസ്വ വീഡിയോകൾ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമാതാവും ഡിജിറ്റൽ ക്രിയേറ്ററുമായ ജോനാഥൻ ലാമിയാണ് 'ക്ലോയി വേഴ്സസ് ഹിസ്റ്ററി'യുടെ സ്രഷ്ടാവ് നിർമിച്ചത്. റൺവേ (Runway), സീഡാൻസ് (Seedance) തുടങ്ങിയ അത്യാധുനിക എഐ ജനറേറ്റീവ് ടൂളുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഈ 'ടൈം ട്രാവലിങ്' വീഡിയോകൾ രൂപകല്പന ചെയ്യുന്നതും നിർമിക്കുന്നതും.