രാജ്യത്തിന് മാതൃകയായി കൊച്ചി വാട്ടർമെട്രോ; സാധ്യതകൾ തേടി ഗുജറാത്ത്, ഒന്നരവർഷം 30ലക്ഷം യാത്രക്കാർ

#കെ.പി. പ്രവിത
കൊച്ചി വാട്ടർമെട്രോ | Photo:ANI
കൊച്ചി വാട്ടർമെട്രോ | Photo:ANI

കൊച്ചി: കേരളത്തിന്റെ വാട്ടർമെട്രോ കുതിക്കുകയാണ്. സർവീസ് ആരംഭിച്ച് ഒന്നര വർഷത്തിനകം കൊച്ചി വാട്ടർമെട്രോയിൽ 30 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയുടെ ഖ്യാതി കേരളവും കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിയിട്ടുണ്ട്. കൊച്ചിയുടെ മാതൃകയിൽ വാട്ടർമെട്രോ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ. അഹമ്മദാബാദിലും സൂറത്തിലും വാട്ടർമെട്രോയുടെ സാധ്യതകളാണ് പരിശോധിക്കുന്നത്. കൊച്ചിയിൽനിന്നുള്ള വാട്ടർമെട്രോ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ റിപ്പോർട്ട് നൽകും. ഇതിനുപുറമേ മറ്റു പല സംസ്ഥാനങ്ങളും പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് വാട്ടർമെട്രോയുടെ വിവിധ റൂട്ടുകളിലായി 30,04,257 പേരാണ് യാത്ര ചെയ്തത്. പുതിയ റൂട്ടുകളിലേക്ക് വാട്ടർമെട്രോ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. കാക്കനാട്, വൈറ്റില, ഹൈക്കോടതി, ബോൾഗാട്ടി, ഫോർട്ട്‌കൊച്ചി, തെക്കൻ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്കെല്ലാം നിലവിൽ വാട്ടർ മെട്രോ സർവീസുണ്ട്. മുളവുകാട് നോർത്തിൽ വാട്ടർമെട്രോ ടെർമിനലിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ്‌, കുമ്പളം എന്നിവിടങ്ങൾ രണ്ടുമാസത്തിനകം തയ്യാറാകും.

Content Highlights: 30 lakh people traveled on Kochi Water Metro within a year and a half of service