'കേട്ടുകേൾവി മാത്രമുണ്ടായിരുന്നയാൾ മുന്നിൽ; ചന്ദനം മുറിച്ചുകടത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു'

ഗോവിന്ദൻ, വീരപ്പൻ | ഫോട്ടോ: പി.ജയേഷ്, ആർക്കൈവ്സ് \ മാതൃഭൂമി
ഗോവിന്ദൻ, വീരപ്പൻ | ഫോട്ടോ: പി.ജയേഷ്, ആർക്കൈവ്സ് \ മാതൃഭൂമി
ഭരണകൂടങ്ങളുടെ പേടിസ്വപ്‌നമായി മാറി, കാടുകള്‍ അടക്കി ഭരിച്ചിരുന്ന വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം. രക്തരൂഷിതമായ കാലത്തിന്റെ കഥപറയാനുണ്ട് സത്യമംഗലം കാടുകള്‍ക്ക്. വീരപ്പന്‍ വിഹരിച്ച കാടുകളിലൂടെ നീളുന്ന യാത്രയില്‍ അറിയപ്പെടാത ജീവിതങ്ങളും ചോരക്കഥകളും മുന്നില്‍ തെളിയുന്നു | കാലം, 1989 ഓഗസ്റ്റ് 8-ലെ സായാഹ്നം. കൊല്ലേഗലില്‍നിന്ന് കൊടുംകാടായ മാതേശ്വരം മലൈ ചുറ്റി ഗോപിനാദത്തിലേക്ക് പോകുന്ന ഏക ബസ് വരുന്നതും കാത്തിരിക്കുകയായിരുന്നു അവര്‍. ബസില്‍നിന്നും ഇറങ്ങിയ ഫോറസ്റ്റ് ഗാര്‍ഡ് മോഹനയ്യ പാലാര്‍ ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി നടന്നു. അയാളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു അവര്‍. ''അണ്ണന്റെ (വീരപ്പന്‍) ഗ്യാങ്ങില്‍ അന്നേരം ഊട്ടുമാളെ രാമന്‍, പെണ്ണാകര മാരിയപ്പന്‍, സുണ്ടാ വെള്ളയന്‍ പിന്നെ ഞാനും. എല്ലാവരുടെയും കൈയ്യില്‍ നാടന്‍ തോക്കുണ്ടായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഉന്നംപിടിച്ചു. പക്ഷേ, അതിന് മുന്‍പേ മോഹനയ്യക്ക് നേരെ വീരപ്പന്‍ വെടിയുതിര്‍ത്തിരുന്നു. പിന്നെ ഒരുവര്‍ഷത്തോളം ഒളിവിലായിരുന്നു ഞാന്‍. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഞങ്ങളെ വളയുമ്പോള്‍ സത്യമംഗലം കാട്ടിലും ശെമ്മീട് കാട്ടിലും ഹൊഗനക്കല്‍ മലഞ്ചെരുവുകളിലുമായി ഞങ്ങള്‍ താവളങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. കാട് വീരപ്പന്റെ ഉള്ളംകൈയ്യിലായിരുന്നുവല്ലോ!. 91-ല്‍ ഞാന്‍ പിടികൊടുത്തു. വീരപ്പന്റെ നിര്‍ദേശപ്രകാരം ഡി.എഫ്.ഒ ശ്രീനിവാസന് മുന്‍പാകെയായിരുന്നു കീഴടങ്ങല്‍. 91 മുതല്‍ 2000 വരെ മൈസൂരു ജയിലില്‍ തടവ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പഴയ ഗ്യാങ്ങിലേക്ക് തിരിച്ച് പോയില്ല''. ഈറോഡില്‍ നിന്നും ആരംഭിച്ച യാത്ര സത്യമംഗലം കാടിന്റെ ഓരത്തുകൂടി ഗോപിനാദത്തിലേക്ക് നീളുന്നതിനിടെയാണ് അയാള്‍ മനസ്സ് തുറന്നത്. പേര്: ഗോവിന്ദന്‍, കാമരാജ്‌പേട്ടൈ ഗോവിന്ദന്‍. ആദ്യകാലങ്ങളില്‍ വീരപ്പന്‍ ഗ്യാങ്ങിലെ പ്രധാനി.
സത്യമം​ഗലം കാടിന്റെ വിദൂരദൃശ്യം

സത്യമംഗലസാമ്രാജ്യം

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായി വ്യാപിച്ചു കിടക്കുന്ന നിബിഡ വനം. ഹൊഗനക്കല്‍-സത്യമംഗലം മുതല്‍ മാതേശ്വരം മലൈ, വയനാട് മുത്തത്തി-നീലഗിരി കുന്നുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന കൊടുംകാട്. ആര്‍ക്കും പൊടുന്നനെ കടന്നെത്താന്‍ കഴിയാത്ത ഈ ഘോരവനമായിരുന്നു മൂന്നു പതിറ്റാണ്ടുകാലം വീരപ്പന്റെ സ്വൈര്യവിഹാരത്തിന് വഴിയൊരുക്കിയത്. വന്യമായ കാടിന്റെ നിഗൂഢതയോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ വീരപ്പന്‍ വേട്ടയ്ക്ക് ഭരണകൂടം നിയോഗിച്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന് [STF] മനസ്സിലായിരുന്നില്ല. മാതേശ്വരം കാട്ടിലാണ് പാലാര്‍ നദിയോട് ചേര്‍ന്ന് കര്‍ണാടക വനം വകുപ്പിന്റെ ചെക് പോസ്റ്റുള്ളത്. അതിനുമപ്പുറം സത്യമംഗലം വിഹരിക്കുന്നു. പാലാര്‍ നദി കടക്കവേ ഒരുനിമിഷം, ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിര്‍ത്തുവാന്‍ ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍നിന്നും ഇറങ്ങിയ ശേഷം അയാള്‍ പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ച ശിലാഫലകത്തിന് നേരെ കൈചൂണ്ടി. വീരപ്പനും സംഘത്താലും കൊലചെയ്യപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മോഹനയ്യയുടെ പേരും കൊല്ലപ്പെട്ട തീയതിയുമായിരുന്നു അതില്‍ അടയാളപ്പെടുത്തിയിരുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മോഹനയ്യയെ വെടിവെച്ച് കൊലപ്പെടുത്തിയത് ഇവിടെവെച്ചായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. എന്ത് പറയണമെന്ന് അറിയാതെ ഒരുനിമിഷം ഞാന്‍ ശങ്കിച്ചുനിന്നു. തെല്ലിട കഴിഞ്ഞ് ചോദിച്ചു. -''എന്തിന് വേണ്ടിയായിരുന്നു, രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍?''. അയാള്‍ ഒരുനിമിഷം മൗനിയായി. ചെക് പോസ്റ്റില്‍നിന്നും പോലീസുകാര്‍ അയാളെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു, അയാള്‍ തിരിച്ചും. എന്നിട്ട് അടക്കം പറഞ്ഞു. ''ഇവിടെ അധികം നില്‍ക്കേണ്ട, പോലീസുകാരുടെ മനസ്സില്‍ പഴയ കനലുകള്‍ കെടാതെ കിടപ്പുണ്ടാകും''.    ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഈറോഡില്‍നിന്നും മൈസൂരുവിലേക്ക് നീളുന്ന പാത മേട്ടൂര്‍ ഡാം പിന്നിട്ടാല്‍ രണ്ടായി പിരിയും. ഒന്ന് മാതേശ്വരം മലൈ ചുറ്റി കൊല്ലേഗാല്‍ വഴി മൈസൂരുവിലേക്ക് നീളും. മറ്റൊന്ന് പാലാര്‍ ചെക്ക് പോസ്റ്റ് വഴി ഗോപിനാദം പിന്നിട്ട് ഹൊഗനക്കലിലേക്കും. നിബിഡമായ വനത്തിനുള്ളിലൂടെ നീളുന്ന പാതകള്‍. പാലാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ കര്‍ണാടകമായി. ഹൊഗനക്കലിലേക്ക് നീളുന്ന ഈ പാതയിലാണ് ചെങ്കപ്പാടിയെന്ന കുഗ്രാമം. കന്നഡത്തില്‍ ഈ ഗ്രാമത്തെ ഗോപിനാദമെന്ന് വിളിച്ചുപോരുന്നു. 2000-ത്തിന് ശേഷമാണ് ഇവിടെ ടാറിങ് റോഡുകള്‍ പോലും നിര്‍മിക്കപ്പെടുന്നത്. കാട്ടിലൂടെയുള്ള പാത പൊട്ടിപ്പൊളിഞ്ഞതും ദുര്‍ഘടം പിടിച്ചതുമായിരുന്നു. കര്‍ണാടകത്തിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് ഗോപിനാദം സ്ഥിതിചെയ്യുന്നത്. ഗോപിനാദം എത്തുന്നതിന് മുന്‍പ് മാതേശ്വരം കാട്ടിനുള്ളില്‍ ചെറിയൊരു ഊരുണ്ട്. 'ഭീമങ്കല്‍'. കാവേരിനദിയുടെ തീരത്താണ് ഈ കൊച്ചുഗ്രാമം. കാമരാജ്‌പേട്ടൈ ഗോവിന്ദന്‍ ജനിച്ചുവളര്‍ന്നയിടം. അതിനുമപ്പുറം ഗോപിനാദം: വീരപ്പന്‍ ജനിച്ച ഊര്. ഭീമങ്കലിന് മധ്യത്തിലൂടെ കാവേരി ഒഴുകുന്നു. കാവേരിക്ക് ഇരുപുറമായി ചാമരാജ്‌നഗര്‍ ജില്ലയും തമിഴ്‌നാട്ടിലെ ധര്‍മപുരിയും അതിര് പങ്കിടുന്നു. കാവേരി നദിയുടെ തീരത്തിരുന്ന് കാമരാജ്‌പേട്ടൈ ഗോവിന്ദന്‍ മൂന്നുപതിറ്റാണ്ടിന് മുന്‍പത്തെ കഥകള്‍ പറഞ്ഞു. പോരാട്ടത്തിന്റെ... ഏറ്റമുട്ടലുകളുടെ... ക്രൂരഹത്യയുടെ കഥകള്‍.

''മാതേശ്വരം കാട്ടിലും സത്യമംഗലം കാട്ടിലും നിറയെ ചന്ദനമരങ്ങളുണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് പലരും ചന്ദനക്കടത്തില്‍ ഏര്‍പ്പെടുന്ന കാലം. ഞാനും കുറച്ച് സുഹൃത്തുക്കളും അക്കാലത്ത് ചന്ദനംമുറിച്ചു കടത്തിയിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പത്ത് പതിനെട്ടുപേരുണ്ടായിരുന്നു. വനം വകുപ്പിന്റെ പിടിവീഴാതെ വേണം ചന്ദനം മൈസൂരുവിലെത്തിക്കാന്‍. വീരപ്പന്‍ അന്നൊക്കെ ആനക്കൊമ്പ് വേട്ടയിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരിയ്ക്കല്‍ സത്യമംഗലം ശെമ്മീട് കാട്ടില്‍ ചന്ദനം മുറിക്കാന്‍പോയ കൂട്ടുകാര്‍ തിരിച്ചെത്തിയില്ല. ഫോറസ്റ്റുകാരുടെ കൈയ്യില്‍ അകപ്പെട്ടോയെന്ന ഉള്‍ഭയമുണ്ടായിരുന്നു. വൈകാതെ അതിലൊരുവന്‍ മാത്രം തിരിച്ചുവന്നു. ബാക്കിയുള്ളവര്‍ വീരപ്പന്റെ കസ്റ്റഡിയിലാണെന്നും കാട്ടിനുള്ളിലേക്ക് വരണമെന്നും അവന്‍ പറഞ്ഞു. അവിടെയെത്തുമ്പോള്‍ ഞാന്‍ അതിശയപ്പെട്ടുപോയി, കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി കാണുകയായിരുന്നു അയാളെ. കൊമ്പന്‍ മീശ പിരിച്ചുവെച്ചിരുന്നു, അയാളുടെ കണ്ണുകള്‍ക്ക് വല്ലാത്തൊരു തിളക്കവും ആജ്ഞശക്തിയുമുണ്ടായിരുന്നു. ഭരണകൂടങ്ങളുടെ പേടിസ്വപ്‌നമായിരുന്ന കൂസ് മുനിസ്വാമി വീരപ്പന്‍ എനിക്ക് മുന്നില്‍ പ്രത്യക്ഷമായി. സാമ്പത്തികപ്രയാസം നേരിടുന്നതിനാല്‍ ചന്ദനം മുറിച്ചുകടത്താന്‍ നീ എന്നെ സഹായിക്കണമെന്ന് വീരപ്പന്‍ എന്നോട് ആവശ്യപ്പെട്ടു. സത്യമംഗലം കാട്ടിലെ ചന്ദനം വീരപ്പനും കൂട്ടാളികളും മുറിച്ചുതരും. വനം വകുപ്പിന്റെ കണ്ണുവെട്ടിച്ച് മൈസൂരുവിലെത്തിക്കണം. ദുര്‍ഗ്രാഹ്യമായ കാടിന്റെ ഉള്‍ത്തടങ്ങളിലൂടെ ചന്ദനം കയറ്റിയ ലോറിയുടെ വളയം പിടിക്കാന്‍ എന്റെ കൈകള്‍ തരിച്ചു. അന്ന് മുതല്‍ ഞാന്‍ വീരപ്പന്റെ ഗ്യാങ്ങില്‍ ചേര്‍ന്നു. അന്ന് എനിക്ക് 18 വയസ്സ് മാത്രം. വീരപ്പനോടൊപ്പം ചന്ദനവേട്ടയുടെ കാലമായിരുന്നു പിന്നീടുള്ള മൂന്നുവര്‍ഷങ്ങള്‍. 

ഊരുകളിലെല്ലാം കൊടും പട്ടിണിയുടെ കാലമായിരുന്നു അന്ന്. കാടിനെ ആശ്രയിച്ചുജീവിക്കുന്നവരായിരുന്നു ഏറെയും. വന്യമൃഗശല്യം മൂലം പലരും തോക്ക് ഉപയോഗിക്കുന്നത് സാധാരണമായിരുന്നു. വീരപ്പന് ഒളിയിടം നല്‍കുന്നുവെന്ന് ആരോപിച്ച് വനം വകുപ്പ് പലരെയും ഉപദ്രവിച്ചിരുന്നു. 90-കളില്‍ കൊടിയ ദാരിദ്ര്യംമൂലം കര്‍ണാടകയില്‍നിന്നും ധര്‍മപുരി ജില്ലയിലേക്ക് കുടിയേറിയവര്‍ കാവേരി കടന്ന് കാട്ടില്‍ മുളവെട്ടാന്‍ വരുമായിരുന്നു. അവരെ വീരപ്പന്റെ ആളുകളാണെന്ന് പറഞ്ഞ് പോലീസും വനം വകുപ്പും ഉപദ്രവിച്ചിരുന്നു. ഒരിക്കല്‍ മുളവെട്ടാന്‍ കാട്ടില്‍ കയറിയവര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. പലരും വെടികൊണ്ടു മരിച്ചു. പ്രാണഭയത്താല്‍ കാവേരിയില്‍ ചാടിയ രണ്ടുപേരെ കാണാതെയായി. വെടിയുതിര്‍ത്തത് ഫോറസ്റ്റ് ഗാര്‍ഡ് മോഹനയ്യയാണെന്ന് വീരപ്പന് വിവരം ലഭിച്ചു. ഞങ്ങളന്ന് സിങ്കപ്പുറം കാട്ടില്‍ ചന്ദനവേട്ടയിലായിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ വീരപ്പന്‍ കോപംകൊണ്ട് വിറച്ചു. മോഹനയ്യയെ തീര്‍ക്കാന്‍ പദ്ധതിയിട്ടു. എനിക്കായിരുന്നു അതിന്റെ ചുമതല''.

ധിമ്പം വ്യൂ പോയിന്റിൽനിന്നുള്ള സത്യമം​ഗലം കാടിന്റെ ദൃശ്യം | ഫോട്ടോ: പി.ജയേഷ് \ മാതൃഭൂമി

ചെങ്കപ്പാടിയുടെ രാജാവ്

രണ്ട് പതിറ്റാണ്ടുകാലം ഭരണകൂടങ്ങളെ വിറപ്പിച്ച വീരപ്പന്റെ ഗ്രാമമായ ഗോപിനാദത്തില്‍ എത്തുമ്പോള്‍ സമയം സന്ധ്യയോട് അടുത്തിരുന്നു. ചോളപ്പാടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാര്‍ഷിക ഗ്രാമമാണിത്. കാലിവളര്‍ത്തലും കൃഷിപ്പണിയുമാണ് ഗോപിനാദം വാസികളുടെ ഉപജീവനമാര്‍ഗം. 1920-ല്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തെ ചാമ്പള്ളി എന്ന ഗ്രാമത്തില്‍ കാവേരി നദിക്ക് കുറുകെ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നദിയുടെ ഇരുകരകളിലും അധിവസിച്ചിരുന്നുവരെ കുടിയിറക്കി. അവര്‍ കാവേരിയോട് തൊട്ടുകിടന്ന വനപ്രദേശത്തുള്ള സമതലങ്ങളിലേക്ക് കുടിയേറി. വെള്ളത്തിനടിയിലായപ്പോയ നിയാംപടി, കാവേരിപുരം, ഗോവിന്ദപ്പാടി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കാവേരി നദിക്കക്കരെ ആത്തൂര്‍ എന്ന സ്ഥലത്ത് ഒരുഗ്രാമം കെട്ടിപ്പടുത്തു. അതിന് സമീപം മാതേശ്വരന്‍ മലയ്ക്കും പൊള്ളാച്ചി മലഞ്ചെരിവുകള്‍ക്കും ഇടയിലൂടെ ഒഴുകുന്ന എരക്കിയം തോടിന്റെ കരയില്‍ ചെങ്കപ്പാടി (കന്നഡത്തില്‍ ഗോപിനാദം) എന്ന ഗ്രാമം സ്ഥാപിച്ച് അവിടെ കൃഷിയിറക്കി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടപ്പോള്‍ പാലാറിന് മറുകരയിലുള്ള പ്രദേശങ്ങള്‍ കര്‍ണാടകത്തിലും ഇക്കരെയുള്ള പ്രദേശം തമിഴ്‌നാട്ടിലും ചേര്‍ക്കപ്പെട്ടു. അക്കാലത്തുതന്നെ കൊല്ലേഗാല്‍ താലൂക്ക് തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അത് നടന്നില്ല. അതേസമയം, കന്നഡികര്‍ കൂടുതലായി താമസിച്ചിരുന്ന താളവാടി പ്രദേശമാകട്ടെ തമിഴ്‌നാടിനോടും ചേര്‍ക്കപ്പെട്ടു. അങ്ങനെ രൂപംകൊണ്ട ചെങ്കപ്പാടി ഗ്രാമത്തിലെ മുനിയ ഗൗണ്ടര്‍ക്ക് കൂശന്‍ മുനുസ്വാമി, കീരിയാന്‍ പൊന്നുസ്വാമി എന്നീ രണ്ട് ആണ്‍മക്കള്‍ ജനിച്ചു. മൂത്തവനായ കൂശന്‍ മുനുസ്വാമി-പൊന്നുസാമി ദമ്പതികള്‍ക്ക് അഞ്ചുമക്കളുണ്ടായി. ഇതില്‍ രണ്ടാമത്തെ മകനാണ് പില്‍ക്കാലത്ത് കാടുകളെ അടക്കിഭരിച്ച കൂസ് മുനിസാമി വീരപ്പന്‍ എന്ന പേരില്‍ കുപ്രസിദ്ധിനേടിയ കാട്ടുരാജാവായി തീര്‍ന്നത്. അക്കാലത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങിയ വന്യമൃഗങ്ങളെ തുരത്താന്‍ കര്‍ഷകര്‍ നാടന്‍തോക്ക് ഉപയോഗിച്ചിരുന്നു. കൃഷികൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയാതെ വന്നതോടെ മുനുസാമി മുഴുനീളെ ശിക്കാരിയായി മാറി. വൈകാതെ വീരപ്പനും അതേ പാതയിലേക്ക് തിരിയുകയായിരുന്നു.

ഗോപിനാദം ഗ്രാമത്തിലെ വീരപ്പന്റെ വീട്‌

ഗോപിനാദം ഗ്രാമത്തില്‍ വീരപ്പന്‍ താമസിച്ചിരുന്നു വീട് ഇന്നും കാണാം. ഭാര്യ മുത്തുലക്ഷ്മിയും രണ്ട് പെണ്‍മക്കളും സേലത്തും ചെന്നൈയിലുമായാണ് താമസം. ചോളപ്പാടങ്ങള്‍ നിറഞ്ഞുനിന്ന വയലിനോട് ചേര്‍ന്നാണ് വീരപ്പന്റെ ജന്മഗേഹം. ആനകളെ വേട്ടയാടി വൈകാതെ ചന്ദനക്കൊള്ളയിലേക്ക് കടന്ന വീരപ്പനെ പിടികൂടാന്‍ തമിഴ്‌നാട്-കര്‍ണാടക സര്‍ക്കാരിന് രണ്ടുപതിറ്റാണ്ടുകള്‍ പണിപ്പെടേണ്ടി വന്നു. ഒരിയ്ക്കല്‍പോലും ഈ ഗ്രാമവാസികള്‍ അയാളെ ഒറ്റുകൊടുത്തിരുന്നില്ല. സായാഹ്നത്തില്‍ ഗോപിനാദത്തിലൂടെ ഞങ്ങള്‍ നടക്കാനിറങ്ങി. ചിലരോട് വീരപ്പനെക്കുറിച്ച് ചോദിച്ചു. പലര്‍ക്കും വീരപ്പനോട് ഇന്നും ആരാധനയാണ്. വീരപ്പനെ പിടികൂടാന്‍ വന്ന ഫോറസ്റ്റ് ഓഫിസര്‍ ശ്രീനിവാസനെയും ഈ ഗ്രാമവാസികള്‍ ആരാധിക്കുന്നുവെന്നതാണ് വൈരുദ്ധ്യം. ഗോപിനാദകാര്‍ക്ക് പ്രിയങ്കരനായി മാറിയ ഡിഎഫ്ഒ ശ്രീനിവാസന്റെ തലവെട്ടിയെടുക്കുകയായിരുന്നു വീരപ്പന്‍ ചെയ്തത്. വെട്ടിയെടുത്ത ഫോറസ്റ്റ് ഓഫിസറുടെ തല വര്‍ഷങ്ങള്‍ കഴിഞ്ഞ് താളവാടി കാട്ടില്‍വെച്ചാണ് പോലീസ് കണ്ടെടുക്കുന്നത്. വീരപ്പനെ കുരുക്കാന്‍ ഗ്രാമീണരെ കൂടെക്കൂട്ടകയെന്ന തന്ത്രമായിരുന്നു ശ്രീനിവാസന്റേത്. വികസനം തൊട്ടുതീണ്ടാത്ത കുഗ്രാമത്തിലേക്ക് വികസനമെത്തിക്കുകയാണ് ശ്രീനിവാസന്‍ ചെയ്തത്. ഗോപിനാദക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയായി മാരിയമ്മന്‍ കോവില്‍ പുതുക്കിപ്പണിതതും അദ്ദേഹമാണ്. മാരിയമ്മന്‍കോവിലിന്റെ ക്ഷേത്രഭിത്തിയില്‍ ഡിഎഫ്ഒ ശ്രീനിവാസന്റെ ചിത്രം ഇപ്പോഴും കാണാം.

ബന്നാരി അമ്മൻ കോവിൽ, വീരപ്പൻ കൊലപ്പെടുത്തിയ ഡി.എഫ്.ഒ ശ്രീനിവാസന്റെ പ്രതിമ

സന്ധ്യയോടുകൂടി ഭീമങ്കല്‍ ഗ്രാമത്തിലേക്ക് ഞങ്ങള്‍ തിരിച്ചുപോന്നു. മടക്കയാത്രയ്ക്കിടെ ഡിഎഫ്ഒ ശ്രീനിവാസനെ കുറിച്ച് ഗോവിന്ദനോട് ചോദിച്ചു. ''ഗ്രാമീണര്‍ക്ക് ഡിഎഫ്ഒ നല്ലവനായിരിക്കാം പക്ഷേ, എനിക്കങ്ങനെയായിരുന്നില്ല. ശ്രീനിവാസന് മുന്‍പാകെയാണ് താന്‍ കീഴടങ്ങിയത്. എന്നാല്‍, അയാള്‍ എന്നെ കോടതിയില്‍ ഹാജരാക്കിയില്ല. മറിച്ച് വീരപ്പനെ പിടികൂടുവാന്‍ എന്നെ വെച്ച് വിലപേശുകയായിരുന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞകാലം. വീരപ്പന്റേതുപോലെ ഹിംസയുമായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാടുമായി ഇഴുകിച്ചേര്‍ന്നുള്ള ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്''.

മൂളൈക്കാട് ​ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീരപ്പന്റെ കുഴിമാടം

 വന്യതയും നിഗൂഢതയും നിറഞ്ഞുനിന്ന കാട് ഞങ്ങളെ മാടിവിളിച്ചുകൊണ്ടേയിരുന്നു. 

മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്- (പുനഃപ്രസിദ്ധീകരണം)

Content Highlights: veerappan death anniversary sathyamangalam travel