'കയ്യിൽ കാശില്ലാതെ വീട്ടില്‍ നിന്നിറങ്ങി; ആരുമറിഞ്ഞില്ല പോകുന്നത് ഇത്തരത്തിലൊരു യാത്രയ്ക്കാണെന്ന്'

-
-

2019 സെപ്റ്റംബർ മൂന്നിന് പുലർച്ചെ മൂന്നുമണിക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ആ പെൺകുട്ടി. കേരളത്തിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര. കയ്യിൽ പൈസയില്ല. ഇന്ന് ഒരിടത്താണെങ്കിൽ നാളെ എവിടെയായിരിക്കുമെന്ന് പറയാനാവാത്ത ഒരുതരം യാത്ര. ലിഫ്റ്റ് ചോദിച്ചും കാൽനടയായും കൃത്യസമയത്ത് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത ആ സഞ്ചാരത്തിന് വിദേശരാജ്യങ്ങളിലുള്ളവർ ചാർത്തിക്കൊടുത്തിരിക്കുന്ന പേര്, ഹിച്ച്ഹൈക്കിങ്. അങ്ങനെയൊരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് തൃശ്ശൂർ കുന്ദംകുളം സ്വദേശിനിയായ 22-കാരി ഉമാ റോയ്.

കോളേജിൽ തുടങ്ങിയ ഏകാന്തയാത്രകൾ

ഡിഗ്രി വരെയാണ് വിദ്യാഭ്യാസം. 2019 സെപ്റ്റംബർ മൂന്നിന് യാത്ര തുടങ്ങി. പത്താംതരത്തിന് ശേഷമുള്ള എല്ലാ പഠനവും ജേണലിസം മുന്നിൽക്കണ്ടായിരുന്നു. ചെറുപ്പത്തിൽ അങ്ങനെ യാത്രകളൊന്നും ചെയ്തിട്ടില്ല. പക്ഷേ യാത്രകളേക്കുറിച്ചറിയാൻ ഭയങ്കര ആകാംക്ഷയായിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുമ്പോഴാണ് യാത്ര കൂടിയുള്ളതാവണം എന്റെ പ്രൊഫഷൻ എന്ന് തീരുമാനിച്ചത്. കാരണം ആ സമയത്താണ് പലരിൽ നിന്നായി ജേണലിസം പഠിച്ച് ജോലിയിൽ കയറിയാൽ ഒരുപാട് യാത്ര ചെയ്യാം എന്ന് കേൾക്കുന്നത്. പഠനമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഹിച്ച് ഹൈക്കിങ് എന്ന ആശയത്തേക്കുറിച്ച് കേൾക്കുന്നത് തന്നെ.

കോളേജിൽ വച്ചാണ് സോളോ യാത്രകൾ ചെയ്തുതുടങ്ങിയത്. ആ സമയത്ത് ബംഗ്ലാദേശിലേക്ക് രണ്ടുവട്ടം ഒറ്റയ്ക്ക് യാത്ര ചെയ്തു. പിന്നെ ഇന്റേൺഷിപ്പ് ഷിംലയിലായിരുന്നു. തീവണ്ടിയിലായിരുന്നു ബംഗ്ലാദേശ് യാത്ര. ആ യാത്രയ്ക്കിടെ പല കാര്യങ്ങളും അറിയാനായി. എല്ലാവരും പോകുന്നപോലെ ഒരു യാത്ര തന്നെയായിരുന്നു അത്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ വലിയ വ്യത്യാസം തോന്നിയില്ല. അവിടെ ചെന്ന് കയറുമ്പോൾ എനിക്ക് ഫോണൊന്നും ഉണ്ടായിരുന്നില്ല.

കോളേജിൽ പഠിക്കുന്ന സമയത്ത് ലിഫ്റ്റൊക്കെ ചോദിച്ച് യാത്ര പോകുന്ന ഒരു സമ്പ്രദായമുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ അതിന്റെ പേര് ഹിച്ച് ഹൈക്കിങ് ആണെന്നോ അത് എത്രത്തോളം പ്രാവർത്തികമാകുമെന്നോ ഒന്നും അറിയില്ലായിരുന്നു. ടോമിസ്ലാവ് പെർക്കോ എന്ന യാത്രക്കാരന്റെ സംഭാഷണം കേട്ടപ്പോഴാണ് ഈ യാത്രാരീതിയെക്കുറിച്ച് മനസിലാക്കുന്നത്. അതോടെ വീണ്ടും ആകാംക്ഷയായി. അതോടെ യാത്ര ചെയ്യണമെന്നും തീരുമാനിച്ചു.

വീട്ടിൽ പറയാതെ, തയ്യാറെടുപ്പുകളില്ലാതെ...

ഹിച്ച് ഹൈക്കിങ് നടത്തിയ ഇന്ത്യക്കാരെക്കുറിച്ച് അറിയില്ലായിരുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല യാത്രയ്ക്ക്. പുറപ്പെട്ടു കഴിഞ്ഞപ്പോൾ മാത്രമാണ് ടെന്റും സ്ലീപ്പിങ് ബാഗും ബാക്ക്പാക്കുമൊക്കെ വേണമെന്ന് മനസിലാകുന്നത്. ഉണ്ടായിരുന്നത് സുഹൃത്തിൽ നിന്നും വാങ്ങിയ ബാഗും അതിൽ പഴയ കുറച്ച് തുണികളും ബെഡ്ഷീറ്റും ബ്ലാങ്കെറ്റും ഷൂസും പോലുള്ള അത്യാവശ്യ സാധനങ്ങൾ. പൈസ കൊടുത്ത് വാങ്ങിയത് 100 രൂപയുടെ ഒരു വാട്ടർബോട്ടിൽ മാത്രം.

സത്യത്തിൽ ഹിച്ച് ഹൈക്കിങ്ങിന്റെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. നേരത്തെ ഒറ്റയ്ക്ക് യാത്ര ചെയ്തതുകൊണ്ട് സോളോ ട്രിപ്പ് പോകുകയാണെന്നാണ് വിചാരിച്ചത്. യാത്ര തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അനിയത്തി ഇൻസ്റ്റാഗ്രാമിലിട്ട ഒരു പോസ്റ്റ് കണ്ടപ്പോഴാണ് കയ്യിൽ പൈസയില്ലാതെയാണ് പോയതെന്നും ഹിച്ച് ഹൈക്കിങ്ങാണെന്നും വീട്ടുകാർ മനസിലാക്കിയത്. വീട്ടിലേക്ക് തിരിച്ചുവരാൻ പറഞ്ഞെങ്കിലും അപ്പോഴേക്കും ഞാൻ ഒരുപാട് ദൂരം പോയിരുന്നു.

കേരളം, തമിഴ്നാട്, കർണാടക, വീണ്ടും കേരളം...

പുലർച്ചെ മൂന്നുമണിക്ക് വീട്ടിൽ നിന്നിറങ്ങി. തൃശ്ശൂരിൽ നിന്നും ട്രെയിനിൽ കൊല്ലത്തെത്തി. അവിടെ നിന്നാണ് ഹിച്ച് ഹൈക്കിങ് തുടങ്ങുന്നത്. കൊല്ലത്തുനിന്ന് നേരെ ഇടുക്കി. കേരളത്തിലെ യാത്ര അവിടെ അവസാനിപ്പിച്ചു. പിന്നെ പോയത് പോണ്ടിച്ചേരിയിലേക്കാണ്. ശേഷം കർണാടക, വീണ്ടും കേരളം, പിന്നെയും തമിഴ്നാട്ടിലെത്തി വീണ്ടും കർണാടകയിലേക്ക് പോയി. കാരണം എങ്ങനെ പോകണമെന്ന് പ്ലാനൊന്നും ഉണ്ടായിരുന്നില്ല. കർണാടകയിൽ നിന്ന് പിന്നെ ആന്ധ്ര, തെലങ്കാന, ഒറീസ, നാഗാലാൻഡ്, അവസാനം അസമിൽ യാത്രയവസാനിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈ ഏഴിന് തിരികെ സ്വന്തം നാട്ടിലെത്തി.

ഡിസംബറിൽത്തന്നെ യാത്ര അവസാനിപ്പിച്ചിരുന്നു. അസമിലെ ഒരു കുടുംബത്തിനൊപ്പമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ ചിലവഴിച്ചത്. യാത്ര തുടരാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അതോടെ യാത്ര അവിടെ നിന്നു. നാലഞ്ച് മാസം ആ കുടുംബത്തോടൊപ്പം നിന്നു. അവിടെ ഒരു ട്രാവലേഴ്സ് ഹോസ്റ്റലിൽ താത്‌കാലികമായി മാനേജരായും ജോലിചെയ്തു.

ദത്തെടുക്കാൻ തയ്യാറായ സമ്പന്ന വൃദ്ധൻ

ഒറീസയിൽ വെച്ചാണ് മറക്കാനാവാത്ത ഒരു സംഭവം നടന്നത്. തമിഴ്നാട്ടിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്തും അപ്പോൾ കൂടെയുണ്ടായിരുന്നു. തല ചായ്ക്കാൻ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. റോഡരികിൽ ഞങ്ങൾ നിൽക്കുന്നത് കണ്ട് ഒരു പോലീസുകാരൻ വന്ന് ഞങ്ങളോട് കാര്യങ്ങളന്വേഷിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോലീസ് സ്റ്റേഷന്റെ പുറത്ത് നിൽക്കുമ്പോൾ ഒരു പ്രായമുള്ള ആൾ വന്ന് ഞങ്ങളോട് സംസാരിച്ചു. അയാൾ അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു. തനിയെ സംസാരിക്കുന്ന പോലെയായിരുന്നു സംസാരശൈലി. കുടുംബത്തേക്കുറിച്ചും അയാളുടെ സ്വത്തിനേക്കുറിച്ചുമെല്ലാം പുകഴ്ത്തി സംസാരിച്ചുകൊണ്ടേയിരുന്നു. അല്പം കഴിഞ്ഞപ്പോൾ കൂടെ വരണമെന്നായി. ആദ്യം നിരസിച്ചങ്കിലും പിന്നെ പോവേണ്ടി വന്നു. അതൊരു ഇമോഷണൽ ബ്ലാക്ക്മെയിൽ പോലെയാണ് തോന്നിയത്. കാരണം വീട്ടിലേക്ക് തിരിച്ചുചെല്ലണമെന്ന് എന്റെ അച്ഛനമ്മമാർ പറഞ്ഞിരുന്നല്ലോ. അയാൾക്കൊപ്പം പോകുമ്പോൾ ഉള്ളിൽ ചെറിയൊരു പേടി തോന്നിയിരുന്നു. അവിടെ ചെന്നപ്പോഴാണ് അയാൾ പറഞ്ഞതെല്ലാം സത്യമാണെന്നു മനസിലായത്. ധാരാളം സ്വത്തുള്ളയാൾ. ആ വലിയ വീട്ടിലാകെ അദ്ദേഹത്തിന്റെ പ്രായമായ അമ്മമാത്രം. ഭാര്യ മരിച്ചു. മക്കളാകട്ടെ ​ബെം​ഗളൂരുവിലും മറ്റും ജോലിത്തിരക്കിലും. ചുരുക്കിപ്പറഞ്ഞാൽ നോക്കാനാരുമില്ല. സത്യത്തിൽ തന്റെയുള്ളിലെ പ്രയാസങ്ങൾ ആരോടെങ്കിലും പറയാനായി വിങ്ങി വിങ്ങി കാത്തിരിക്കുകയായിരുന്നു അയാൾ. അധികനേരം അവിടെ നിൽക്കാതെ തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പറഞ്ഞത് ഞങ്ങളെ ദത്തെടുക്കാൻ അദ്ദേഹം തയ്യാറാണെന്നാണ്. അദ്ദേഹം തന്നെ ഞങ്ങളെ തിരികെ സ്റ്റേഷനിൽ കൊണ്ടാക്കി.

അസമിൽ തനിച്ച്...

അസമിലെ ദിബ്രുഗഢിൽ ഒരു സുഹൃത്തുണ്ടായിരുന്നു. ഗുവാഹട്ടിയിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഡിസംബറിൽ ക്രിസ്മസിന് അവൾ വീട്ടിലേക്ക് ക്ഷണിച്ചു. ആ സമയത്ത് നാഗാലാൻഡിലായിരുന്നു ഞാൻ. അവിടെയപ്പോൾ നല്ല തണുപ്പായിരുന്നു. അത് സഹിക്കാനുള്ള സ്വെറ്ററൊന്നും ഇല്ലാതിരുന്നതിനാൽ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടുപോയി. ഞാനവിടെ എത്തിയ ശേഷം അവൾ ദക്ഷിണേന്ത്യയിലേക്ക് യാത്രയ്ക്കായി വന്നു. അതോടെ ഞാൻ അസമിൽ തനിച്ചായി. അവിടെ അത്രയും ദിവസം നിൽക്കുമെന്നൊന്നും വിചാരിച്ചില്ലായിരുന്നു. പിന്നെ ബിഹു ആഘോഷമൊക്കെ കാണാനായി. ഒരുപാട് നിന്നതുകൊണ്ട് കുറച്ച് ആസാമീസ് ഭാഷ പഠിച്ചു.

പുളിയുറുമ്പ് ഫ്രൈ, തേനീച്ച ഫ്രൈ

കാടിനോടുചേർന്നുള്ള ഒരു ഗ്രാമമായിരുന്നു അത്. അതുകൊണ്ട് തന്നെ കാടുമായി ബന്ധപ്പെട്ട ഒരുപാട് ഭക്ഷണം കഴിക്കാൻ പറ്റി. അതിലൊന്നായിരുന്നു പുളിയുറുമ്പുകൊണ്ടുള്ള വിഭവം. മടുപ്പിക്കുന്ന ഒരുതരം പുളി തന്നെയാണ്. പിന്നെ തേനീച്ച ഫ്രൈ. പൂർണവളർച്ചയെത്താത്ത തേനീച്ചയെയാണ് ഫ്രൈ ചെയ്യുന്നത്. നമ്മളെവിടെയാണോ ഉള്ളത് അതിലേക്ക് താദാത്മ്യം പ്രാപിക്കുക എന്നുള്ളതായിരുന്നു ചെയ്തത്. പുളിയുറുമ്പിനെ കഴിക്കാൻ മടിയൊന്നുമുണ്ടായിരുന്നില്ല. വായിലിട്ടുകഴിഞ്ഞപ്പോൾ ഉറുമ്പിന്റെ ആ പുളി ഇഷ്ടപ്പെട്ടില്ല. തേനീച്ച കൊണ്ടുള്ള വിഭവം നല്ല ഇഷ്ടവുമായി.

പിന്നെ കേരളത്തിൽ നിന്നുള്ള യാത്രയ്ക്കിടെ ഭക്ഷണത്തിന്റെ കാര്യം എന്താകുമെന്ന് ഏകദേശം അറിയാമായിരുന്നു. ഒരു ദിവസം ഭക്ഷണം കിട്ടുമോ എന്നുപോലും അറിയാത്ത സാഹചര്യം. അസമിലെത്തുന്നതുവരെ എല്ലാ ദിവസവും അങ്ങനെ തന്നെയായിരുന്നു. പലരും സ്നേഹത്തോടെ തരികയാണെങ്കിൽ കഴിക്കും. ചിലർ ഭക്ഷണം കഴിക്കാനുള്ള കാശ് തരും. ഭക്ഷണം കിട്ടാതെ വെള്ളം മാത്രം കുടിച്ച് രണ്ട് മൂന്ന് ദിവസം നിന്നിട്ടുമുണ്ട്. പിന്നെ യാത്രയിൽ എന്തുവേണമെങ്കിലും സംഭവിക്കാം എന്ന് മനസിലുറപ്പിച്ചുകൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പക്ഷേ ഏത് ഭക്ഷണമാണ്, ഏത് സ്ഥലമാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാകും. എല്ലാവരും നല്ല സ്നേഹമുള്ളവർ.

നൽകലിന്റെ പുതിയ അർത്ഥങ്ങൾ

യാത്രാമധ്യേ കണ്ടുമുട്ടിയ പലർക്കും ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. മനസിലാക്കിയ ചിലർ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് അഭ്യർത്ഥിച്ചു. മറ്റു ചിലരാകട്ടെ ട്രെയിൻ ടിക്കറ്റെടുത്ത് തരാമെന്നുവരെ പറഞ്ഞു.

നൽകുക എന്നതിന് പുതിയൊരർത്ഥം കിട്ടിയത് ഈ യാത്രയിലായിരുന്നു. നമ്മൾ പൂർണമനസോടെ തിരിച്ചൊന്നും ആഗ്രഹിക്കാതെ ഒരുകാര്യം കൊടുത്തു. അതിന് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചാൽ അതിന് കൊടുത്തു എന്ന് പറയാനാവില്ല. ഒരുപാടാളുകൾ ഈ യാത്രയിൽ എന്നെ ഒന്നും പ്രതീക്ഷിക്കാതെ സഹായിച്ചു. എന്നിൽ നിന്ന് ഒന്നും തിരിച്ചുകിട്ടാൻ പോകുന്നില്ലെന്ന് അവർക്കറിയാം. കൂടാതെ ഈ ഒരു കാര്യം മനസിലാക്കി എന്നാലാവുംവിധം എന്തെങ്കിലുമൊക്കെ കൊടുക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. നമ്മൾ നടക്കുന്ന ഓരോ അടിയിലും ഈ ലോകം മാറുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരുദാഹരണം പറയാം. മാഹിയിലെത്തിയപ്പോൾ തലചായ്ക്കാൻ ഒരിടം അന്വേഷിക്കുകയായിരുന്നു. ഒരുവഴിയുമില്ലാതെയായപ്പോൾ പോലീസ് സ്റ്റേഷനിൽ ചെന്നു. സെല്ലിൽ കിടന്നോളാം എന്നുവരെ പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് പോകാനായിരുന്നു കിട്ടിയ മറുപടി. പക്ഷേ തൊടുപുഴയിൽ വച്ച് വേറൊരു സംഭവമുണ്ടായി. ഒരു പോലീസുദ്യോഗസ്ഥൻ എന്റെയടുത്തേക്ക് വന്ന് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി ഹോസ്റ്റൽ ഏർപ്പാടാക്കിത്തന്നു.

കുറ്റബോധം, അസ്വസ്ഥത, ആകാംക്ഷ

ഒരു പ്ലാനുമില്ലാതെ നടത്തിയ യാത്രയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങളും മനസിലുണ്ടായിരുന്നു. ഒരുപാട് അസ്വസ്ഥയായിരുന്നു. ചിലസമയത്ത് കുറ്റബോധം തോന്നാറുണ്ടായിരുന്നു. കാരണം യാത്ര ചെയ്യുന്നതിനിടയ്ക്ക് താമസിക്കാനുള്ള ഒരിടം മാത്രമായിരുന്നു ഞാൻ താമസിച്ചിരുന്ന വീടുകൾ. ആ വീടുകൾ എന്ന് പറയുന്നത് എന്റെ യാത്രയുടെ ഭാഗമാണ്. അവർ എന്നോട് കാണിക്കുന്ന അടുപ്പം തിരിച്ചങ്ങോട്ട് അത്രയും തന്നെ അളവിൽ തിരിച്ചുകാണിക്കാൻ പറ്റാറില്ല എന്ന് തോന്നാറുണ്ട്. പലരുമായും ഇപ്പോഴും വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. അസമിലെ ആ കുടുംബം എന്നെ സ്വന്തം മകളെപ്പോലെയാണ് കരുതിയിട്ടുള്ളത്. ആ ഗ്രാമത്തിലുണ്ടായിരുന്നത് അവരുടെതന്നെ കുടുംബങ്ങളായിരുന്നു. ഒരുപാട് ബന്ധുക്കളേയും കിട്ടി.

അടുത്ത യാത്ര ഇനിയെന്ന് എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു കിട്ടിയ മറുപടി. പക്ഷേ ഒരു കാര്യം ഉമ ഉറപ്പിച്ചു പറയുന്നു. ഇനിയെന്നെങ്കിലും ഇങ്ങനെയൊരു യാത്ര ഉണ്ടാവുമെങ്കിൽ അമൂല്യമായ എന്തെങ്കിലും കണ്ടെത്താനാവും. അല്ലെങ്കിൽ താനറിയാതെ തന്നെ അതിലേക്ക് എത്തിച്ചേരുമെന്ന്.

Content Highlights:Uma Roy, Hitchhiking, Malayali Hitchhiker Girl, Hitchhiking Experience

Content Highlights: