സഹ്യന്റെ വിരല്‍പോലെ ഉയർന്നുനിൽക്കുന്ന ആ മലമുകളിൽ തമ്പടിക്കാം

സഹ്യപര്‍വതനിരകളുടെ കിഴക്ക്, കൊടൈക്കനാലില്‍നിന്ന് 42 കിലോമീറ്റര്‍ മാറി കുമ്പൂര്‍ എന്ന ഗ്രാമത്തിലാണ് തമ്പുരാന്‍കോവില്‍ സ്ഥിതിചെയ്യുന്നത്. കുമ്പൂര്‍ ഗ്രാമത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ഓഫ് റോഡ് ഡ്രൈവിങ്ങും നാല് കിലോമീറ്റര്‍ കാല്‍നടയാത്രയും ചെയ്താല്‍ തമ്പുരാന്‍കോവിലിലെത്താം. തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ ജില്ലയില്‍, കൊടൈക്കനാലിന് സമീപമുള്ള മന്നവന്നൂര്‍ പഞ്ചായത്തിലാണ് കുമ്പൂര്‍ എന്ന കുഗ്രാമം സ്ഥിതിചെയ്യുന്നത്.
1474 കുടുംബങ്ങള്‍ മാത്രം വസിക്കുന്ന മന്നവന്നൂര്‍ ശീതകാല പച്ചക്കറികളുടെ പ്രധാന കൃഷിസ്ഥലമാണ്. കുമ്പൂര്‍, കീഴാണവയല്‍ എന്നീ രണ്ടു ഗ്രാമങ്ങള്‍ ചേര്‍ന്ന മന്നവന്നൂര്‍ സമുദ്രനിരപ്പില്‍നിന്ന് 6170 അടി ഉയരത്തിലാണ്. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ICAR) ആട് ഗവേഷണകേന്ദ്രവും (Goat and sheep farm) ഇവിടെയാണ്.
മന്നവന്നൂരില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് കുമ്പൂരിലേക്ക്. ആകെ 202 കുടുംബങ്ങളാണ് കുമ്പൂരില്‍ വസിക്കുന്നത്. എല്ലാവരും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍. ഉരുളക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബീന്‍സ്, സവാള തുടങ്ങിയവ വിവിധ സീസണുകളിലായി കൃഷി ചെയ്യുന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഒരു ഏകാധ്യാപക വിദ്യാലയവും കുമ്പൂരിലുണ്ട്.
ഞങ്ങള്‍ അഞ്ചുപേര്‍. തിരുവനന്തപുരത്തുനിന്ന് ഷിനു സുകുമാരന്‍, ബിജു പി.ബി, എറണാകുളത്തുനിന്ന് സിനേഷ്, അസീം റഷീദ് എന്നിവരാണ് മറ്റുസംഘാംഗങ്ങള്‍. എല്ലാവരും കാഞ്ഞിരപ്പള്ളിയില്‍ ഒത്തുകൂടി. അവിടെനിന്ന് കൊടൈക്കനാലിലേക്ക്. രാത്രി എട്ടുമണിയോടെ കൊടൈക്കനാലില്‍ എത്തി. ഞങ്ങളെ കാത്ത് വഴികാട്ടിയായ ഗിരീഷ് അവിടെ ഉണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ മന്നവന്നൂരിലേക്ക് തിരിച്ചു. ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഴയ കാഴ്ചകളിലൂടെ ഉച്ചയോടെ മന്നവന്നൂരില്‍. വിവേക് എന്ന വിവേകാനന്ദന്‍ ഞങ്ങളെ കാത്ത് അവിടെ നിന്നിരുന്നു. മന്നവന്നൂരിലെ ഒരു പ്രധാന കൃഷിക്കാരനാണ് വിവേക്. മന്നവന്നൂരില്‍നിന്ന് നേരെ കുമ്പൂരിലേക്ക്.
പാചകം ചെയ്യാനുള്ള ആഹാരസാധനങ്ങളുമായാണ് ഉച്ചതിരിഞ്ഞ് കൊടൈക്കനാലില്‍നിന്ന് കുമ്പൂരിലെത്തിയത്. അവിടെനിന്ന് ഫോര്‍വീലര്‍ ഡ്രൈവ് പിക്ക് അപ്പ് ജീപ്പില്‍ തമ്പുരാന്‍കോവിലിലേക്ക്. ഏഴ് കിലോമീറ്റര്‍ ഓഫ് റോഡ് ഡ്രൈവ്. പലസ്ഥലങ്ങളിലും റോഡ് തന്നെയില്ല. മൂന്നുമണിക്കൂര്‍ എടുത്തു ആ സാഹസിക യാത്ര പൂര്‍ത്തിയാക്കാന്‍. ദുര്‍ഘടപാതയുടെ ഇരുവശത്തും പൂത്തുനിന്ന കുറിഞ്ഞിക്കാഴ്ച യാത്രാക്ലേശം ലഘൂകരിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ തമ്പുരാന്‍കോവില്‍ സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തെത്തി. വാഹനയാത്ര ഇതുവരെ മാത്രം. ഇവിടെനിന്ന് നാല് കിലോമീറ്റര്‍ നടക്കണം.
സൂര്യപ്രകാശം മങ്ങിയതുകൊണ്ട് കാല്‍നടയാത്ര പിറ്റേദിവസത്തേക്ക് മാറ്റി. ടാര്‍പോളിന്‍ ഉപയോഗിച്ച് ടെന്റ് കെട്ടി, ആഹാരം പാകംചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാനുകളും മ്ലാവുകളും വരയാടുകളും കാട്ടുപോത്തുകളും വിഹരിക്കുന്ന കാനനനടുവില്‍ 10 മണിയോടെ ഉറങ്ങാന്‍ കിടന്നു. രാവിലെ ആറുമണിക്കുതന്നെ മലകയറ്റം ആരംഭിച്ചു.
ഏകദേശം ഒരുമണിക്കൂര്‍കൊണ്ട് ഞങ്ങള്‍ തമ്പുരാന്‍മലയുടെ നെറുകയിലെത്തി. കേരളത്തിലെ മൂന്നാര്‍ ഭാഗത്തുനിന്ന് തമിഴ്നാട്ടിലെ കൊടൈക്കനാല്‍ ഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന സഹ്യപര്‍വതനിരയുടെ മധ്യഭാഗത്തുനിന്ന് വിരല്‍പോലെ തള്ളിനില്‍ക്കുന്ന ഭാഗമാണ് തമ്പുരാന്‍മല. പുല്‍മേടുകള്‍ മാത്രം കാണപ്പെടുന്ന മലയുടെ മധ്യഭാഗത്തായി ഒരു മരം നില്ക്കുന്നു. ഈ മരത്തിന്റെ ചുവട്ടിലാണ് തമ്പുരാന്‍കോവില്‍.
അതിമനോഹരമായ ദൃശ്യാനുഭവമാണ് തമ്പുരാന്‍മലയുടെ വിരല്‍ത്തുമ്പുപോലുള്ള ഭാഗത്തേക്ക് നടന്നാല്‍. ഒരുവശത്തായി മറയൂര്‍മലനിരകളും മറുഭാഗത്തായി കൊടൈക്കനാല്‍ മലനിരകളും നേരെ നോക്കിയാല്‍ മഞ്ചംപട്ടി താഴ്വരയും കാണാം. മഞ്ചംപട്ടി താഴ്വരയുടെ നീര്‍മറി പ്രദേശത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗമാണ് തമ്പുരാന്‍മല. അമരാവതി ഡാമും അതിലേക്കുള്ള കൈവഴികളും ഇവിടെനിന്നുള്ള പ്രധാന കാഴ്ചയാണ്. അധികമാരും സന്ദര്‍ശിക്കാത്ത ഇവിടം കുറിഞ്ഞി ഉദ്യാനം കൂടിയാണ്.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: thamburankovil kodaikkanal tourist place, Mathrubhumi Yathra
Content Highlights: