'എന്നെ ഞാനാക്കിയ സ്ഥലം, ആദ്യസിനിമ ചിത്രീകരിച്ചതും അവിടെ'; യാത്രകളെപ്പറ്റി സാറാ അലി ഖാന്‍

സാറ അലി ഖാന്‍ | photo: pti
സാറ അലി ഖാന്‍ | photo: pti

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറ അലി ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം സാറ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ യാത്രാ താല്‍പര്യങ്ങള്‍ കുടുംബത്തിലെ മറ്റെല്ലാവരെക്കാളും വ്യത്യസ്തമാണെന്ന് പറയുന്ന സാറ, തന്റെ പ്രിയപ്പെട്ട യാത്രകളെക്കുറിച്ചും ഇഷ്ടപ്പെട്ട ഇടങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് NDTV-ക്ക് നല്‍കിയ അഭിമുഖത്തില്‍. പുറംനാടുകളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ഇന്ത്യയിലെ സ്ഥലങ്ങളെല്ലാം ചുറ്റിക്കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും താരം പറയുന്നു. 

വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കേദാര്‍നാഥില്‍ എത്തുന്ന സാറ അതിനെക്കുറിച്ച് പറയുന്നതിങ്ങനെ, 'എന്നെ ഞാനാക്കിയ സ്ഥലമാണ് കേദാര്‍നാഥ്. എന്റെ ആദ്യചിത്രം 'കേദാര്‍നാഥ്' ഷൂട്ട് ചെയ്തത് അവിടെയാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള തദ്ദേശീയര്‍ക്കും എന്നെ അറിയാം. അവിടെ ദാബയിലൊക്കെയിരുന്ന് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാറുണ്ട്. അപ്പോള്‍ ചില സഞ്ചാരികള്‍, ഞാന്‍ അവിടുത്തുകാരിയാണ് എന്നുകരുതി എന്നോടുവന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയൊക്കെ ചോദിക്കാറുണ്ട്', ചിരിയോടെ സാറ പറയുന്നു. 

'യാത്ര പോകുമ്പോള്‍ മേക്കപ്പിടാറില്ല, അതിന് സമയം കിട്ടാറില്ല. പരമാവധി സ്ഥലം കാണുന്നതിലാവും എന്റെ ശ്രദ്ധ. കുടുംബത്തിലെ മറ്റുള്ളവരുടെയും എന്റെയും യാത്രാരീതികള്‍ വളരെ വ്യത്യസ്തമാണ്. അവര്‍ക്കെല്ലാം പുറംനാടുകളിലേക്ക് യാത്രപോകുന്നതാണ് ഇഷ്ടം. എന്നാല്‍ എനിക്ക് ഇന്ത്യ മുഴുവന്‍ കണ്ടുതീര്‍ക്കണം എന്നാണ് ആഗ്രഹം', സാറ പറയുന്നു. ലോകത്ത് ഒരാള്‍ കണ്ടിരിക്കേണ്ട അഞ്ചുസ്ഥലങ്ങള്‍ ഏതെല്ലാം എന്ന ചോദ്യത്തിന് ഉടന്‍വന്നു മറുപടി, 'തീര്‍ച്ചയായും കേദാര്‍നാഥ്, പിന്നെ മണാലി, പോണ്ടിച്ചേരി. ഇന്ത്യക്ക് പുറത്താണെങ്കില്‍ ന്യൂയോര്‍ക്ക്, വെനീസ്'. 

'യാത്രകള്‍ നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. യാത്രകളാണ് നമ്മളെ നമ്മളാക്കുന്നത്. യാത്ര ചെയ്യാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. 2016-ല്‍ ബിരുദമെടുത്ത ശേഷമാണ് ഞാന്‍ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ തുടങ്ങിയത്. അതെന്നില്‍ വരുത്തിയ മാറ്റം അദ്ഭുതാവഹമായിരുന്നു. എന്റെ വീട്ടില്‍ വെക്കേഷന്‍ എന്നാല്‍ യു.കെ.യിലേക്ക് പോകലാണ്. അമ്മയ്ക്കും അനിയനും അച്ഛനുമൊക്കെ യു.കെ. അത്രയ്ക്ക് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് അവരെന്നെ കളിയാക്കാറുണ്ട്, 'നമുക്ക് യു.കെ. പോയാലോ.. നിന്റെ യു.കെ. അല്ല, ഞങ്ങളുടെ യു.കെ.യിലേക്ക്' എന്ന്. എന്റെ യു.കെ. എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഉത്തരാഘണ്ഡ് എന്നാണ്,' സാറ പൊട്ടിച്ചിരിക്കുന്നു. 

Content Highlights: sara ali khan about her connection with kedarnath