നിശ്ശബ്ദതയാവണം ഭാഷ, അത്യാഹിതങ്ങള്‍ മുന്‍കൂട്ടി കാണാം; ട്രെക്കിങ്ങ് പാതകളിലെ സുരക്ഷാ മുന്‍കരുതലുകള്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, പശ്ചിമഘട്ടത്തിലെ വെള്ളിങ്കിരി മലകളിലേക്കുള്ള ട്രെക്കിങ്ങിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മലയടിവാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. രാത്രിയില്‍ കോയമ്പത്തൂര്‍ ഭാഗത്ത് നിന്നാണ് മലകയറ്റം തുടങ്ങുന്നത്. ഏഴ് മലകള്‍ കയറിയിറങ്ങി പതിനഞ്ചു കിലോ മീറ്ററോളം ട്രെക്ക് ചെയ്ത് വേണം ലക്ഷ്യത്തിലെത്താന്‍ സമയം സന്ധ്യയോടടുക്കുന്നു. ഊന്നുവടി, വെള്ളം, ഭക്ഷണം, ടോര്‍ച്ച്, ട്രെക്കിങ്ങിന് യോജിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ കരുതിയിട്ടുണ്ടെങ്കിലും രാത്രി കാടുകയറാന്‍ പോകുന്നതിന്റെ ആകാംക്ഷയും ചെറിയൊരു ആശങ്കയും ഉള്ളിലുണ്ട്.
അതിനിടയിലേക്കാണ് ഫോര്‍മല്‍ വസ്ത്രം ധരിച്ച്, കയ്യിലൊരു ഫയലൊക്കെയായി രണ്ടു യുവാക്കള്‍ കടന്നു വന്നത്. കോയമ്പത്തൂരിലെ ഏതോ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് അടുത്തെവിടെയെങ്കിലും കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങളുണ്ടോ എന്ന് ഗൂഗിളില്‍ തിരഞ്ഞ് വന്നതാണ്. ഒരു കുപ്പി വെള്ളമോ ഒരു ടോര്‍ച്ചോ പോലും ഇല്ലാതെ മൊബൈല്‍ ഫോണിലെ വെളിച്ചം കൊണ്ട് മാത്രം മല കയറി നോക്കാം എന്ന ഉദ്ദേശത്തിലായിരുന്ന അവരോട് ചെയ്യാന്‍ പോകുന്ന സാഹസത്തിലെ അപകടത്തെക്കുറിച്ച് വിശദീകരിച്ചു കൊടുത്തെങ്കിലും മുന്നോട്ടുതന്നെ പോവുകയായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ, മൂന്നോ നാലോ മണിക്കൂറിനുള്ളില്‍ ഫോണിലെ ചാര്‍ജ് തീര്‍ന്ന് രാത്രി കാട്ടില്‍ കുടുങ്ങിപ്പോവുകയും തിരിച്ചിറങ്ങുന്ന ഏതോ ഗ്രൂപ്പിന്റെ സഹായം കൊണ്ട് താഴെ എത്തുകയും ചെയ്തു എന്ന് പിറ്റേന്ന് അടിവാരത്ത് തിരിച്ചെത്തിയപ്പോള്‍ അറിഞ്ഞു.
ട്രെക്കിങ്ങ് പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വരുന്നതിനും ട്രക്കിങ്ങിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത അനിഷ്ട സംഭവങ്ങള്‍ക്കും പൊതുവായി കണ്ടുവരുന്ന ചില കാരണങ്ങളുണ്ട്: ഒന്ന്, സ്വന്തം ശാരീരികക്ഷമതയിലുള്ള അതിരു കവിഞ്ഞ ശുഭാപ്തി വിശ്വാസം. രണ്ടാമതായി മുന്‍പ് പങ്കെടുത്ത വലിയ ട്രെക്കിങ്ങുകളില്‍നിന്ന് കിട്ടിയ ആത്മവിശ്വാസം. മൂന്ന്, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥാലത്തിന്റെ അപകടസാധ്യതയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതില്‍ വരുത്തുന്ന പിഴവുകള്‍. പ്രധാനമായി ആകെ നടക്കേണ്ട ദൂരം, കയറ്റത്തിന്റെ ചെരിവും കാഠിന്യവും, കയറാനെടുക്കുന്ന ശരാശരി സമയം, വന്യമൃഗങ്ങളുടെ സാനിധ്യം, വഴിയിലെ വെള്ളത്തിന്റെ ലഭ്യത, തിരിച്ചുവരാനുള്ള സമയക്രമം എന്നിവയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ. അഗസ്ത്യാര്‍കൂടം മുതല്‍ ആറളം വരെയുള്ളയുള്ള കേരളത്തിലെ മിക്കവാറും എല്ലാ ട്രെക്കിങ്ങ് പാതകളിലും ഗൈഡുകളും വാച്ചര്‍മാരും ഉണ്ടാവുമെങ്കിലും ഏതു നിമിഷത്തിലും ഒരു വന്യജീവിസാന്നിധ്യം പ്രതീക്ഷിക്കാവുന്നയിടങ്ങളാണ്. പ്രത്യേകിച്ച്, മൃഗങ്ങള്‍ വ്യാപമായി കാടിറങ്ങുന്ന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍.
സുരക്ഷിതമായി ട്രെക്ക് ചെയ്യാന്‍ സഹായിക്കുന്ന ചില രീതികളെക്കുറിച്ച്:
സംഘമായി യാത്രചെയ്യുമ്പോള്‍ കൂട്ടത്തില്‍ അനുഭവസമ്പത്തുള്ള ഒരാളെ ട്രെക്ക് നയിക്കാന്‍ ചുമതലപ്പെടുത്തുക. അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് എല്ലാ അംഗങ്ങളും അതിനെക്കുറിച്ചു ബോധവാന്മാരാണെന്ന് ഉറപ്പു വരുത്തുക. മലകയറ്റത്തില്‍ ഗതിവേഗം വളരെ പ്രധാനമാണ്. മല കീഴടക്കുന്നു എന്ന ഭാവത്തിനു പകരം ഇത്രയും ദൂരം ആസ്വദിക്കാന്‍ കഴിഞ്ഞു എന്ന കൃതജ്ഞതയോടെയുള്ള യാത്രയാണ് ഗുണം ചെയ്യുക. യാത്ര പൂര്‍ത്തിയാക്കുന്നതുവരെ ശാരീരികക്ഷമത നിലനിര്‍ത്തേണ്ടത് കൊണ്ട് മലകള്‍ ഓടിക്കയറുകയോ ശരീരത്തെ അമിതമായി അധ്വാനിപ്പിക്കുകയോ ചെയ്യരുത്. വലിയ ഉയരത്തില്‍ കാലുകള്‍ പതിപ്പിച്ചു കയറുന്നത് പെട്ടെന്ന് തളര്‍ച്ചയുണ്ടാക്കും. ചെറിയ ചെറിയ ചുവടുകള്‍ വച്ച് ആയാസരഹിതമായി ആസ്വദിച്ച് കയറുന്നതാണ് അനുയോജ്യം.
കൂട്ടത്തില്‍നിന്ന് മാറി ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കുക. പ്രാഥമികാവശ്യങ്ങള്‍ക്കോ മറ്റോ വേണ്ടി കൂട്ടത്തില്‍നിന്ന് മാറുമ്പോള്‍ അത് മറ്റുള്ളവരെ അറിയിക്കുകയും തിരിച്ചെത്തി കഴിഞ്ഞ് ഒരുമിച്ച് യാത്ര തുടരുകയും ചെയ്യുക. ശരീരം നല്‍കുന്ന തളര്‍ച്ചയുടെ ചെറിയ സൂചനകള്‍ അവഗണിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദം തുടങ്ങിയവ തോന്നുമ്പോള്‍ തീര്‍ച്ചയായും വിശ്രമിക്കുക. 'ഞാന്‍ കാരണം മറ്റുള്ളവര്‍ കാത്തുനില്‍ക്കേണ്ടി വരുമല്ലോ' എന്നോര്‍ത്ത് അവശത മറച്ചുവച്ചു മുന്നോട്ട് പോകാതിരിക്കുക.
ട്രെക്കിങ്ങില്‍ ശരീരത്തിന് തളര്‍ച്ച സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും അത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്ന അത്യാഹിതമായി മാറാതിരിക്കാനുള്ള മുന്‍കരുതലുകളില്‍ പ്രധാനമാണ് വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും ചെറിയൊരു പ്രഥമ ശുശ്രൂഷാ കിറ്റിന്റെയും ലഭ്യത ഉറപ്പാക്കല്‍. കാട്ടിനുള്ളില്‍ തളരുകയോ ബോധം പോവുകയോ ചെയ്ത ഒരാളെ മറ്റുള്ളവര്‍ക്ക് തോളിലേറ്റി മാത്രമേ പുറത്തേക്ക് എത്തിക്കാന്‍ കഴിയൂ എന്നിരിക്കേ, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ് ദുര്‍ഘടമായ മലഞ്ചെരിവുകളില്‍ ഇരുട്ടുകൂടി പരന്നാല്‍ സ്ഥിതി പലമടങ്ങ് ഗുരുതരമാകും. ചെറിയൊരു ടോര്‍ച്ചും ഒരു അധിക ബള്‍ബും ബാറ്ററിയും കൂടി ബാഗില്‍ കരുതുക. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തെ ഒരിക്കലും പൂര്‍ണമായി ആശ്രയിക്കാതിരിക്കുക.
നിശബ്ദതയാണ് ട്രക്കിങ്ങിന്റെ ഭാഷ. വന്യജീവികളുടെ ആവാസഭൂമിയെ ബഹുമാനിക്കാം. പ്രധാനപ്പെട്ട കാര്യങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ മാത്രം സംസാരിക്കാം. കാട്ടിനുള്ളിലെ യാത്രയില്‍ ഹെഡ്‌സെറ്റ്/പോര്‍ട്ടബിള്‍ സ്പീക്കര്‍ തുടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കാം. വന്യമൃഗങ്ങള്‍ അപകടകരമായ അടുത്തെത്തിയാലും തിരിച്ചറിയാന്‍ കഴിയില്ല എന്നതുകൊണ്ടു മാത്രമല്ല, സംഘാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം ഇല്ലാതാവുന്നതുകൊണ്ടും വന്യജീവികള്‍ക്ക് ശല്യമാവുന്നത് കൊണ്ടും കൂടിയാണ് അവ ഒഴിവാക്കേണ്ടത്. കാടിന്റെ ശബ്ദം ആസ്വദിക്കാന്‍ കൂടി വേണ്ടിയാണല്ലോ ട്രെക്കിങ്ങ് ചെയ്യുന്നത്.
വഴിയില്‍ കാണുന്ന ആകര്‍ഷണങ്ങളെ പ്രത്യേകം കരുതിയിരിക്കുക. അവയൊന്നും അംഗീകൃത ട്രെക്കിങ് പാതയില്‍നിന്നു വ്യതിചലിക്കാനുള്ള കാരണങ്ങളായിക്കൂടാ. പ്രത്യേകതയുള്ള മരങ്ങള്‍, പാറക്കൂട്ടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയെയൊക്കെ സുരക്ഷിത അകലത്തില്‍നിന്ന് ആസ്വദിക്കാം. മരത്തിന്റെ കൊമ്പിന്റെ ബലമോ പാറക്കൂട്ടങ്ങള്‍ തെന്നിമാറാനുള്ള സാധ്യതയോ വെള്ളത്തിലെ ചുഴി, ചതുപ്പ്, മുതല പോലുള്ള ജീവികളുടെ സാന്നിധ്യമോ പ്രവചിക്കാനാവാത്തത് കൊണ്ട് അവയ്ക്കുപിറകില്‍ എപ്പോഴും ഒരപകടം പ്രതീക്ഷിക്കുക. അടിയന്തിര സഹായം കിട്ടാന്‍ താമസമുള്ളത് കൊണ്ട് കാട്ടിനുള്ളില്‍വച്ച് നടക്കുന്ന ഏതൊരത്യാഹിതവും വളരെ പെട്ടന്ന് തന്നെ പലമടങ്ങ് ഗൗരവമുള്ളതായി മാറിയേക്കും.
കാലിന്റെ അളവിന് ചേര്‍ന്ന മികച്ച ട്രക്കിങ് ഷൂസ്, സോക്‌സ് എന്നിവയൊന്നും വില കുറച്ച് കാണരുത്. ആദ്യത്തെ കുറച്ച് കിലോ മീറ്ററുകള്‍ക്കുള്ളില്‍ത്തന്നെ കാലില്‍ കുമിള വന്ന് തൊലി പൊട്ടിയാല്‍ പിന്നീടുള്ള യാത്ര ഒരിക്കലും ഓര്‍ക്കാന്‍ സുഖമുള്ളതായിരിക്കില്ല. വെള്ളം, ഗ്ലൂക്കോസ് പൊടി, ചോക്ലേറ്റുകള്‍ തുടങ്ങിയവ ആവശ്യത്തിന് കരുതുക. തളരുമ്പോള്‍ പെട്ടെന്ന് ഊര്‍ജം കിട്ടാന്‍ ഇവ ഉപകരിക്കും. മുകളിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ മുഴുവനും അവനവന്‍തന്നെ തിരിച്ചു കൊണ്ടുവരുമെന്നും ഉറപ്പു വരുത്താം. ബാഗിന്റെ വശങ്ങളിലെ ഒരു ചെറിയ അറ ഇതിനായി നീക്കി വയ്ക്കാം. മരങ്ങളില്ലാത്ത തുറന്ന കുന്നിന്‍ചെരിവുകള്‍ ഉള്‍പ്പെടുന്ന ട്രെക്കിങ്ങുകളില്‍ വെയിലേറ്റുള്ള തളര്‍ച്ചയൊഴിവാക്കാന്‍ തൊപ്പി, കൂളിംഗ് ഗ്ലാസ്, ടവല്‍ തുടങ്ങിയവ കരുതാം. കാടിന്റെ നിറവുമായി യോജിച്ചു പോവുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാം.
ബാഗ് തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം കൊണ്ടുപോവാന്‍ ശ്രദ്ധിക്കാം. മുകളിലേക്ക് കൊണ്ടുപോകുന്ന ഓരോ ഗ്രാം ഭാരത്തിനും കയറ്റം തുടങ്ങുമ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും. എത്ര പരിശീലനം നേടിയ ആള്‍ക്കും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനം. പ്രകൃതിയും വന്യജീവികളും, സ്വന്തം ശരീരം വരെ എപ്പോള്‍ വേണമെങ്കിലും അപ്രതീക്ഷിതമായ രീതികളില്‍ പ്രതികരിച്ചേയ്ക്കാം എന്ന എന്ന ജാഗ്രതയാണ് യാത്രയിലുടനീളം വേണ്ടത്.
(ബംഗളൂരുവിലെ പ്രധാന ട്രെക്കിങ്ങ് ക്ലബ്ബുകളുമായി സഹകരിച്ച് ട്രെക്കിങ്ങ് പാതകളെ മാലിന്യ മുക്തമാക്കിവരുന്ന ക്ലീന്‍ മൗണ്ടന്‍സ് എന്ന എന്‍.ജി.ഓയുടെ സ്ഥാപകരിലൊരാളാണ് ലേഖകന്‍. Website: www.cleanmountains.org )
Content Highlights: safe trekking, how to trek in a secure way, travel tips
Content Highlights: