350 ഏക്കറില്‍ ഇന്ത്യയിലെ ആദ്യ ഡിസൈനര്‍ മൃഗശാല; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്

ന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉടന്‍ തുറക്കും. തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ജീവികളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭിച്ചു. തൃശ്ശൂരില്‍ നിലവിലുള്ള പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി 439 ഇനം ജീവികളെ പലഘട്ടങ്ങളിലായി പുത്തൂരിലേക്ക് മാറ്റും. ഈ മാസംതന്നെ ജീവികളെ കൊണ്ടുവരാനാണ് ശ്രമം. ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച സുവോളജിക്കല്‍ പാര്‍ക്കില്‍ മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റുന്നതോടൊപ്പം മറ്റിടങ്ങളില്‍ നിന്നുമുള്ള മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടു വരുവാനുമുള്ള ശ്രമത്തിലുമാണ് അധികൃതര്‍. തൃശ്ശൂരില്‍നിന്ന് പക്ഷികളെയാണ് ആദ്യം പുത്തൂരിലേക്ക് മാറ്റുന്നത്. ഇതോടെ നഗരത്തിലെ മൃഗശാലാമാറ്റത്തിനും തുടക്കമാകും. സുവോളജിക്കല്‍ പാര്‍ക്ക് അധികൃതരും സംസ്ഥാന മൃഗശാലാവകുപ്പ് ഡയറക്ടറും സംയുക്തമായി കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി. ചില സാങ്കേതികകാരണങ്ങളാണ് നടപടി വൈകിപ്പിച്ചത്. പുത്തൂരിലെ പാര്‍ക്കിന്റെ 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. പക്ഷികള്‍, കുരങ്ങുകള്‍, കാട്ടുപോത്ത്, ചീങ്കണ്ണി, മാന്‍, പുലി, ജിറാഫ് തുടങ്ങിയവയുടെ ആവാസസ്ഥലങ്ങള്‍ കൂടാതെ ഓറിയന്റേഷന്‍ സെന്റര്‍, ടിക്കറ്റ് കൗണ്ടര്‍, എലവേറ്റഡ് നടപ്പാത, ഡൈവേഴ്‌സിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മാണവും കഴിഞ്ഞു.

പാര്‍ക്കിനുള്ളിലെ റോഡുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പുതിയ ഇരുപത്തഞ്ചോളം ജീവനക്കാരെ നിയമിച്ചു. സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിനുള്ള നടപടികളും തുടങ്ങി. ജനവാസകേന്ദ്രങ്ങളിലിറങ്ങി വനംവകുപ്പ് പിടികൂടിയശേഷം തിരിച്ച് വനത്തിലേക്ക് തിരിച്ചുവിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംരക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ജീവികളെയും ഇനി പുത്തൂരിലേക്ക് കൊണ്ടുവരാനാകും. പാലക്കാട് അയിലൂരില്‍നിന്ന് അവശനിലയില്‍ എത്തിച്ച പുലിക്കുട്ടി പുത്തൂരില്‍ പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്നുണ്ട്. പുലിക്കുട്ടിയുടെ സംരക്ഷണവും തുടര്‍ന്നും ഇവിടെയാകും.

കേരളത്തിനു പുറത്തുനിന്ന് വിവിധ മൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയോഗിച്ച വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യംതന്നെ പാര്‍ക്ക് സജ്ജമാക്കി തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കുന്നത്.. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്. പ്രശസ്ത ഓസ്ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.

വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറസ്സായി പ്രദര്‍ശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പുതിയ മൃഗശാലയുടെ പ്രധാന ആകര്‍ഷണീയത. ഇത്തരത്തില്‍ 23-ഓളം ഇടങ്ങളാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം വിവിധയിനം പക്ഷികള്‍ക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. കൂടാതെ വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിനോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ട്രാം സ്റ്റേഷനുകള്‍, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, ടോയിലറ്റ് ബ്ലോക്കുകള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

Content Highlights: Puthur zoological park