'...ആയിയേ....ഇധർ....'; പൾട്ടൺ ബസാർ, ദെഹ്‌റാദൂണിലെ 'മിഠായിത്തെരുവ്'

#സന്തോഷ് വാസുദേവ്
ദെഹ്‌റാദൂണിലെ പൾട്ടൺ ബസാർ | ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍
ദെഹ്‌റാദൂണിലെ പൾട്ടൺ ബസാർ | ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

ദെഹ്‌റാദൂൺ: തണുത്തുറഞ്ഞ പ്രഭാതം പിന്നിട്ട് വെയിലിനു ചൂടുവന്നു തുടങ്ങുന്നതേയുള്ളൂ. '...ആയിയേ....ഇധർ....' ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിലെ പൾട്ടൺബസാറിലെ തുണിക്കച്ചവടക്കാരിലൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 'വില ഇടിഞ്ഞുകുത്തി വീണു...' എന്ന് മുൻപ് കോഴിക്കോട് മിഠായിത്തെരുവിൽ കേട്ട വിളിച്ചുപറയലിന്റെ ഹിന്ദി വകഭേദം.

ദെഹ്‌റാദൂൺ പട്ടണത്തിലെ ഹൃദയഭാഗത്തെ പ്രധാന കച്ചവട കേന്ദ്രമാണ് പൾട്ടൺ ബസാർ. ക്ലോക്ക് ടവർ മുതൽ ഒന്നര കിലോമീറ്റർ നീണ്ടുനിവർന്നു കിടക്കുന്ന പ്രധാന നിരത്ത്. ചെറിയ ഇരുമ്പുകട്ടകൾ വിരിച്ച നിരത്തിനിരുവശവും കൊച്ചുകൊച്ചു കടകളുടെ നീണ്ട നിര. ഇടയ്ക്ക് ഇടത്തോട്ടും വലത്തോട്ടുമൊക്കെ വളഞ്ഞുപുളഞ്ഞു പോകുന്ന ഉപനിരത്തുകൾ. എല്ലായിടത്തും കടകൾ തന്നെ. ഷെർവാണി മുതൽ കോട്ടുകൾ വരെ, കറിക്കത്തി മുതൽ ചീനച്ചട്ടിവരെ, തലയണയും പുതപ്പും കമ്പിളിയും മുതൽ ജനൽ കർട്ടൻ വരെ, പരുത്തി വസ്ത്രങ്ങൾ മുതൽ സിൽക്ക് വസ്ത്രങ്ങൾ വരെ, കാതിലും കഴുത്തിലും കൈയിലും അണിയുന്ന ആഭരണങ്ങൾ യഥേഷ്ടം. ഇടയ്ക്ക് ജ്യൂസും ഉണക്കപ്പഴങ്ങളും വിൽക്കുന്ന ചില കടകൾ. ഒരു വീട്ടിലേക്കു വേണ്ട എല്ലാ വസ്തുക്കളും ഒരൊറ്റ സ്ഥലത്തുനിന്നു വാങ്ങാം. പ്രാദേശികമായ സാധനങ്ങളും ഡൽഹിയും ലുധിയാനയും പോലുള്ള സ്ഥലത്തുനിന്ന് കൊണ്ടുവന്ന് വിൽക്കുന്ന സാധനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.

പൾട്ടൺ ബസാർ |ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

മിഠായിത്തെരുവിലേതു പോലെത്തന്നെ ഇവിടെയും വലിയ വാഹനങ്ങൾക്കു പ്രവേശനമില്ല. മുച്ചക്ര, നാലുചക്ര വാഹനങ്ങൾ ഉള്ളിലേക്കു പ്രവേശിക്കാതിരിക്കാൻ പ്രവേശനകവാടത്തിൽ ബാരിക്കേഡ് വെച്ച് തടഞ്ഞിരിക്കുന്നു. ഇടയ്ക്ക് ഇരുചക്ര വാഹനങ്ങൾ ചീറിപ്പാഞ്ഞു വരും. നോക്കിയും കണ്ടും നടന്നില്ലെങ്കിൽ അവ നമ്മെ ഇടിച്ചുതെറിപ്പിക്കുമെന്നു തോന്നും. പക്ഷേ ആരെയും ഒരു വാഹനവും ഇടിച്ചതായി അവിടെയുള്ള സമയത്തിനിടെ കണ്ടില്ല. വൈകി അടയ്ക്കുകയും വൈകി തുറക്കുകയും ചെയ്യുന്ന നഗര കേന്ദ്രങ്ങൾ പോലെത്തന്നെയാണ് പൾട്ടൺ മാർക്കറ്റും. മിഠായിത്തെരുവിന്റെ ചുരുങ്ങിയത് രണ്ടു മടങ്ങെങ്കിലുമുണ്ട് കടകളുടെ എണ്ണത്തിലും നിരത്തിന്റെയും ഉപനിരത്തിന്റെയും ദൈർഘ്യത്തിലും പൾട്ടൺ മാർക്കറ്റ്.

ഉപനിരത്തുകൾ താരതമ്യേന ഇടുങ്ങിയതാണ്. ഒരു സ്‌കൂട്ടർ എതിരേ വന്നാൽ നടക്കാൻ പോലും പ്രയാസമുള്ളത്രയും ഇടുങ്ങിയവ. ഇതിലൂടെ മുച്ചക്ര സൈക്കിൾ റിക്ഷയിൽ സാധനങ്ങൾ ഗോഡൗണുകളിൽനിന്ന് കടകളിലേക്കു മാറ്റുന്നതു കാണാം. വലിയ പ്ലാസ്റ്റിക് ചാക്കുകളുമായി അവിടവിടെ പ്ലാസ്റ്റിക് വസ്തുക്കളും അട്ടക്കടലാസുകളും പെറുക്കാൻ നടക്കുന്ന മധ്യവയസ്സുള്ള യുവതികൾ. പൂജാ സമയത്തെ മണിമുഴക്കം പോലെ തുടർച്ചയായ ശബ്ദം. കടകൾക്കിടയിലതാ കൊച്ചു ക്ഷേത്രം. ശിവനാണ് പ്രതിഷ്ഠ. കടകളുടെ ബോർഡിനെല്ലാം ഒരു പ്രത്യേകതയുണ്ട്. കാവിനിറത്തിന്റെ പശ്ചാത്തലത്തിൽ വെള്ള എഴുത്തുകൾ. ഭൂരിഭാഗം ബോർഡുകളും ഒരുപോലെ. കടയുടെ പേരുകളിൽ മാത്രമാണ് വ്യത്യാസം. 

പൾട്ടൺ ബസാർ |ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

മിഠായിത്തെരുവിലേതുപോലെത്തന്നെ ഇവിടേക്കും വൈകുന്നേരങ്ങളിലാണ് ആളുകൾ ഒഴുകുക. തിരമാലകൾ പോലെ ഒന്നിനുപിറകെ ഒന്നായി ഒഴുകിയെത്തുന്ന ജനക്കൂട്ടം. ഒറ്റയ്ക്കും കൂട്ടമായും അവർ നിരത്തിലൂടെ പരന്നൊഴുകി നടക്കും. വർത്തമാനം പറഞ്ഞും ചിരിച്ചും സാധനങ്ങൾ വാങ്ങിയും അവരങ്ങനെ ആഘോഷിച്ചു നടക്കും. 

കുപ്പായത്തിനുള്ളിലേക്ക് തണുപ്പ് അരിച്ചുകയറിത്തുടങ്ങുമ്പോൾ, രാത്രി പത്തു പിന്നിടുമ്പോൾ നിരത്ത് പതുക്കെ ഒഴിഞ്ഞുതുടങ്ങും. ഒരു ദിവസത്തെ മുഴുവൻ ക്ഷീണവും ഉറങ്ങിത്തീർന്ന് പിറ്റേന്ന് വീണ്ടും ഊർജസ്വലമായി തിരിച്ചെത്താൻ കച്ചവടക്കാരും കടകളടച്ച് വീടുകളിലേക്കു മടങ്ങും.

Content Highlights: palton bazar Dehradun