കുറച്ചുനേരമേ പോയിവരാനുള്ളൂ, പരിചിതരെന്നുതോന്നും മനുഷ്യർ; ഒരു പാകിസ്താൻ യാത്രാനുഭവം

#നളിനി ദാമോദരൻ
ഹിന്ദു' പത്രം പാകിസ്താനിൽ ആദ്യമായി ഒരു വിദേശകാര്യ വാർത്താ വിഭാഗം 1990-ൽ ആരംഭിച്ചപ്പോൾ പ്രതിനിധിയായി അയക്കാൻ തീരുമാനിച്ചത് അപ്പോൾ ഡൽഹിയിലെ ലേഖകനായിരുന്ന എന്റെ മകൻ എം. കേശവമേനോനെയായിരുന്നു. അവന്റെ അച്ഛൻ മരിക്കുകയും എന്റെ മകൾ ഭർത്താവിനൊപ്പം ലണ്ടനിലുമായിരുന്നതുകൊണ്ട് മകനായിരുന്നു നാട്ടിൽ എന്റെ ആശ്രയം. അതറിയുന്നതുകൊണ്ട് അവൻ എന്റെ അഭിപ്രായം ചോദിച്ചു.  അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാൻ അവനെ വിശേഷപ്പെട്ട ആ ചുമതല ഏറ്റെടുക്കാൻ അനുവദിച്ചു. പ്രോത്സാഹിപ്പിച്ചു. ഭാര്യ നന്ദിനിയും മകനൊപ്പം പോയി. വളരെപ്പെട്ടെന്ന് അവൾക്ക് ഇസ്ലാമാബാദിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി കിട്ടുകയും ചെയ്തു.

രണ്ടുവർഷത്തിനുശേഷം മകൻ എന്നെയും ഭാര്യയുടെ മാതാപിതാക്കളായ സതീഷിനെയും ഉമയെയും പാകിസ്താനിലേക്ക് ക്ഷണിച്ചു. ഇങ്ങനെ ഒരവസരമില്ലെങ്കിൽ ഒരുപക്ഷേ, ഒരിക്കലും കാണാൻ സാധിക്കാത്തയിടമായിരുന്നു പാകിസ്താൻ. അതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്രയ്ക്ക് ഒരപൂർവ സൗഭാഗ്യത്തിന്റെ അധികമധുരമുണ്ടായിരുന്നു. 
‌
ലഹോറിലാണ് ഞാൻ വിമാനമിറങ്ങിയത്. ഇന്ത്യയ്ക്ക് ഡൽഹി പോലെയാണ് പാകിസ്താന് ലഹോർ. സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും വിശിഷ്ട നഗരമാണത്. ഇന്ത്യയിൽനിന്ന് വേദനയോടെ മുറിഞ്ഞുപോയ ആ നഗരം ഞാൻ കൺനിറയെ കണ്ടു. ആ നഗരത്തിലൂടെ നടന്നു. അതിൻറെ ചലനങ്ങളും ചൂടും ചൂരുമെല്ലാം അനുഭവിച്ചു. 

ഭൂപ്രകൃതിയിലും രൂപസാദൃശ്യത്തിലും ഇന്ത്യക്കും പാകിസ്താനും ഏറെ സമാനതകളുണ്ട്. വിസ്താരത്തോടെ അയഞ്ഞരീതിയിലുള്ള പൈജാമയാണ് പുരുഷവേഷം. സ്ത്രീകളുടേത് സാൽവാറും കമ്മീസുമാണ്. വിരളമായി സാരിയും. ഇന്ത്യൻ സ്ത്രീകൾ പുറത്തിറങ്ങി നടക്കുമ്പോൾ പാശ്ചാത്യ വസ്ത്രങ്ങളായ ജീൻസും പാന്റ്സും ഉപയോഗിക്കരുത് എന്ന് വിലക്കുണ്ടായിരുന്നു. പാകിസ്താനിലെ സ്ത്രീകൾക്കും ഈ വേഷം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വേർതിരിച്ചറിയാനാവാത്തവിധം രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾക്കും ഈ വിലക്ക് ഏർ
പ്പെടുത്തിയത്. 

ലഹോറിലെ കാഴ്ചകൾ കാണാൻ ഞങ്ങൾ പുറപ്പെട്ടു. ആദ്യം പോയത് ലഹോർ കോട്ടയിലേക്ക്. ഡൽഹിയിലെ ചെങ്കോട്ടപോലെ മുഗൾ ചക്രവർത്തിമാർ നിർമിച്ചതാണ് ഈ കോട്ടയും. അതിനടുത്തുതന്നെയാണ് ബാദ്ഷാഹി മോസ്സ്. അധികം ദൂരെയല്ലാതെ മഹാരാജാ രഞ്ജിത് സിങ് നിർമിച്ച ഗുരുദ്വാര കണ്ടു. ഇന്ത്യക്കാരായ ധാരാളം സിഖ് തീർഥാടകർ അവിടെ വരാറുണ്ട്. ഞങ്ങൾ വന്ന വിമാനത്തിലും തീർഥാടകരുണ്ടായിരുന്നു. മാൾറോഡ് എന്ന വിസ്താരമേറിയതും നീണ്ടുകിടക്കുന്നതുമായ പ്രസിദ്ധമായ വഴിയിലൂടെ കാഴ്ചബംഗ്ലാവ് കാണാൻ ഞങ്ങൾ പോയി. ശേഷം മുഗൾ ചക്രവർത്തിയായ ജഹാംഗീർ നിർമിച്ചതും അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങൾക്കും സാക്ഷിയായതുമായ ഷാലിമാർ ഉദ്യാനത്തിലെത്തി.

വൈകുന്നേരം ലഹോറിലെ പ്രസിദ്ധമായ നിശാമാർക്കറ്റ് (Night Market) കാണാനാണ് പോയത്. വൈദ്യുതവിളക്കുകളുടെ പ്രഭാപൂരംകൊണ്ട് പ്രകാശമാനമായിരുന്നു ആ മാർക്കറ്റ്. പരന്നുകിടക്കുന്ന ഒരു തുറന്ന സ്ഥലത്ത് ഷോപ്പുകളിലും വഴിയോരങ്ങളിലുമായി കച്ചവടം തകൃതി യായിരുന്നു. പലതരത്തിലുള്ള സാധനങ്ങളും അവിടെ ലഭ്യമായിരുന്നു. പ്രത്യേകിച്ചും തുണിത്തരങ്ങൾ. കൈയിലൊതുങ്ങുന്ന വിലയിലുള്ളതും വ്യത്യസ്തമായ വസ്ത്രങ്ങൾക്കുപറ്റിയതുമായ തുണിത്തരങ്ങൾ അവിടെ ധാരാളം. വഴിയോരങ്ങളിൽ ഷാമിയാന കെട്ടിയ ചെറിയ ഭക്ഷണ ശാലകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ നിന്നായിരുന്നു ഞങ്ങളുടെ അത്താഴം. 

പിറ്റേന്നു രാവിലെ ഞാൻ ഇസ്ലാമാബാദിലേക്കുള്ള യാത്ര ആരംഭിച്ചു. ബസിലായിരുന്നു യാത്ര. പാകിസ്താന്റെ പട്ടണങ്ങളിലൂടെയുള്ള ആ സഞ്ചാരം രസാവഹമായിരുന്നു. പാകിസ്താൻ ഭരണത്തിൽ അവിടത്തെ പട്ടാളത്തിനുള്ള സ്വാധീനം ഏവർക്കും അറിയാവുന്നതാണ്. അത് ശരിവെക്കുകയായിരുന്നു ഇസ്ലാമബാദിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ കണ്ടിരുന്ന മിലിറ്ററി കന്റോൺമെന്റ് ഏരിയ എന്ന് എഴുതിയ വലിയ ബോർഡുകൾ. 

പാകിസ്താൻ നിലവിൽവന്നപ്പോൾ ഒരു പുതിയ തലസ്ഥാനം വേണമെന്ന് ഭരണാധികാരികൾ തീരുമാനിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ് തലസ്ഥാനനഗരി നിർമിച്ചത്. ഒരു നഗരത്തിന്റെ മുഖമുദ്രയാണല്ലോ അവിടത്തെ റോഡുകൾ. ദിവസേന നേരം പുലരുംമുമ്പ് റോഡുകൾ ടാങ്കറുകളിൽ വെള്ളംകൊണ്ടുവന്ന് കഴുകുന്നത് ഇസ്ലാമബാദിലെ രസകരമായ കാഴ്ചയാണ്.

ഒരു ഹൗസിങ് കോളനിയിലായിരുന്നു മകന്റെ വസതി. സാമാന്യം വലിയൊരു വീടായിരുന്നു അത്. ധാരാളം സ്ഥലമുള്ളതുകൊണ്ട് അതിലെ ഒരു മുറി അവൻ ഓഫീസായി പ്രവർത്തിപ്പിക്കാൻ തുടങ്ങിയിരുന്നു. പത്രമോഫീസിനു വേണ്ട വാർത്താവിനിമയ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

വീടിൻറ ബാൽക്കെണിയിൽ നിന്നാൽ കുറച്ചകലെയുളള മർഗല കുന്നുകൾ കാണാം. ഇസ്ലാമാബാദ് ഭൂമികുലുക്ക പ്രവണതയുള്ള ഒരു സ്ഥലമാണ്. ചിലപ്പോൾ കട്ടിലിൽ കിടക്കുമ്പോൾ അത് ഇളകുന്നതായി എനിക്ക് തോന്നും. പേടിയോടെ എന്താണത് എന്ന് അന്വേഷിച്ചപ്പോൾ ഇടയ്ക്കിടെ അനുഭവപ്പെടാറുള്ള ഭൂചലനമാണെന്ന് അവിടത്തുകാർ ലാഘവത്തോടെ പറഞ്ഞു. 

സൊഹ്റ എന്നു പേരുള്ള പാകിസ്താനി സ്ത്രീയായിരുന്നു വീട്ടുജോലിക്കാരി. വീടിനുമുമ്പിൽ എപ്പോഴും പാകിസ്താൻ പോലീസിന്റെ കാവലുണ്ടായിരുന്നു. സുരക്ഷയ്ക്കാണ് കാവലേർപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നെങ്കിലും സാധാരണ സന്ദർശകരല്ലാതെ അപരിചിതർ ആരെങ്കി ലും വിദേശീയനായ മാധ്യമപ്രവർത്തകനെ കാണാൻ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കായിരുന്നു അത് എന്നതാണ് സത്യം. വാർത്തകൾ ചോർത്തുന്നതിനെ പാകിസ്താൻ എന്നും ഭയപ്പെട്ടിരുന്നു. 

അയൽവാസികൾ പാകിസ്താനികളായിരുന്നു. ആ കുടുംബവുമായി മകനും ഭാര്യയും നല്ല സ്നേഹബന്ധം പുലർത്തിയിരുന്നു. പക്ഷേ, പോലീസുകാരന്റെ സാന്നിധ്യമുള്ളതിനാൽ ഭരണാധികാരികളെ ഭയന്ന് ഗൃഹസന്ദർശനം കഴിയുന്നതും ചുരുക്കി. ഇരുവരുടെയും മതിലിനരികിൽനിന്നായിരുന്നു കുശലപ്രശ്നം ചെയ്തിരുന്നത്. എന്നാൽ, അതതു വീട്ടുകാർ ആചരിക്കുന്ന വിശേഷദിവസങ്ങളിലെ ഭക്ഷണപദാർഥങ്ങൾ രണ്ടുകൂട്ടരും കൈമാറിയിരുന്നു.

വീട്ടുടമസ്ഥൻ ഒരു വലിയ ഭൂവുടമയായിരുന്നു. കൂടാതെ, ശിക്കാരിയും. ഞങ്ങൾ അവിടെ ഉള്ളപ്പോൾ അദ്ദേഹം താൻ വെടിവെച്ചുകൊന്ന ഒരു കാട്ടുപന്നിയെ ജീപ്പിൽ കൊണ്ടുവന്ന് സമ്മാനിച്ചു. ഇസ്ലാം മതവിശ്വാസികൾക്ക് പന്നിമാംസം നിഷിദ്ധമാണല്ലോ. അതുകൊണ്ട് പന്നിമാംസം വൃത്തിയാക്കാൻ അടുത്തുള്ള ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടുവന്നു. അവരതുകൊണ്ടുപോയി തോലുകളഞ്ഞ് വൃത്തിയാക്കിയ മാംസമായി കൊണ്ടുവന്നു. ആ മാംസം ഞങ്ങൾ പങ്കുവെച്ച് ഇന്ത്യക്കാരും വിദേശികളുമായ സുഹൃത്തുക്കൾക്ക് സമ്മാനിച്ചു.

ഇസ്ലാമാബാദിൽ വിദേശവസ്തുക്കൾക്ക് നിരോധനമുണ്ടായിരുന്നില്ല. വിദേശകാറുകൾ മുതൽ മൊട്ടുസൂചിവരെ വിപണിയിൽ ലഭ്യമായിരുന്നു. അന്ന് വിദേശവസ്തുക്കൾക്ക് നമ്മുടെ നാട്ടിൽ വിലക്കുണ്ടായിരുന്നു എന്നോർക്കുക. പാകിസ്താനി സ്ത്രീകൾക്ക് ആഭരണങ്ങൾ നല്ല ഇഷ്ടമാ യിരുന്നതുകൊണ്ട് പലതരത്തിലും ഭംഗിയിലും നിർമിച്ച സ്വർണാഭരണങ്ങൾ കടകളിൽ നിറയെ ഉണ്ടായിരുന്നു. കൂടാതെ, വജ്രംകൊണ്ട് നിർമിച്ച പലതരത്തിലുള്ള ആഭരണങ്ങളും. മരതകം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിതന്നെ പാകിസ്താനിലുണ്ട് എന്നറിഞ്ഞു. എന്നാൽ, വിപണി യിലെ ഉത്പാദകവസ്തുക്കളിൽ ഏറ്റവും ആകർഷകമായി ത് മരത്തിൽ കൊത്തുപണി ചെയ്ത ഗൃഹോപകരണങ്ങളായിരുന്നു. പലവിധത്തിലുള്ള മേശ, കസേര, സോഫാസെറ്റ്, അലമാര, കട്ടിൽ അങ്ങനെ പലതും. മറ്റൊന്ന് ഒട്ടകത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പലതരത്തിലും വലുപ്പത്തിലുമുള്ള ലാമ്പ് ഷെയ്ഡുകൾ ആണ്. 

ഇസ്ലാമാബാദിൽ ഒരു വെള്ളിയാഴ്ചച്ചന്ത ഉണ്ടായിരുന്നു. തുറന്ന സ്ഥലത്ത് നിലത്തിരുന്നായിരുന്നു കച്ചവടം. അവിടെ സാധനങ്ങൾ വിലപേശി വാങ്ങാം. പാകിസ്താൻ നിർമിതമായ പലതരത്തിലുള്ള വിരികൾ ആ മാർക്കറ്റിൽ ലഭ്യമായിരുന്നു. നിറത്തിലും ഡിസൈനിലും ഈടിലും ആ വിരികൾ മികച്ചവയാണ്. അന്ന് വാങ്ങിയ വിരികൾ പലതും ഇന്നും ഒരു കേടും കൂടാതെയുണ്ട്.

ഇസ്ലാമാബാദ് ആസ്ഥാനമാക്കി ജോലിചെയ്യുന്ന വിദേശപത്രലേഖകരെ പാകിസ്താൻ പ്രധാനമന്ത്രിമാർ മധ്യാഹ്ന വിരുന്നിനായി ക്ഷണിക്കുന്ന പതിവുണ്ട്. അങ്ങനെ ആ വിരുന്ന് സത്കാരത്തിന് ക്ഷണിച്ച അതിഥികളിൽ എന്റെ മകനും ഉണ്ടായിരുന്നു. നവാസ് ഷെരീഫായിരുന്നു അന്നത്തെ പ്രധാനമന്ത്രി. പാകിസ്താനിലെ വിരുന്നു സത്കാരങ്ങളിൽ ബീഫുകൊണ്ടുണ്ടാക്കിയ രുചിയേറുന്ന പല പദാർഥങ്ങളും പ്രധാന ഇനമായിരുന്നു. പക്ഷേ, ആ വിരുന്നിൽ ബീഫിന്റെ ഒരു വിഭവവും വിളമ്പിയിരുന്നില്ല. അതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് പേരുകൊണ്ടുതന്നെ ഹിന്ദുവാണെന്ന് തിരിച്ചറിയാവുന്ന എന്റെ മകൻ അന്നത്തെ അതിഥികളിൽ ഒരാളായിരുന്നതുകൊണ്ടാണെന്ന്. ഗോമാംസം ഹിന്ദുക്കളിൽ അധികം പേരും ഉപയോഗിക്കാറില്ലല്ലോ. ബീഫ് വിഭവങ്ങൾ എന്റെ മകന് എത്ര പഥ്യമായിരുന്നെന്ന് പ്രധാനമന്ത്രിക്കറിയില്ലല്ലോ! മറ്റുള്ളവരുടെ മതവിശ്വാസിത്തെ ബഹുമാനിക്കാനും വികാരങ്ങളെ പരിഗണിക്കാനും ആ മതരാഷ്ട്രം കാണിച്ച ശ്രദ്ധ എന്നെ അദ്ഭുതപ്പെടുത്തി. 

പാകിസ്താനിലുള്ളപ്പോൾ ഉണ്ടായ ഒരു സംഭവം ഓർക്കുന്നു. മകന്റെ ഭാര്യാപിതാവ് സതീശൻ, മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹൈപ്പൂളിൽ പഠിക്കുമ്പോൾ രണ്ട് മുസ്ലിം സഹോദരന്മാർ സഹപാഠികളായിട്ടുണ്ടായിരുന്നു. വിഭജനത്തിന് മുമ്പായിരുന്നതുകൊണ്ട് ഇൻകംടാക്സ് ഓഫീസറായി രുന്ന അവരുടെ പിതാവിന് സ്ഥലംമാറ്റമായി കുടുംബസമേതം വന്നതാണ്. പാകിസ്താൻ രാജ്യം പിറന്നപ്പോൾ അവർ പാക് പൗരത്വം സ്വീകരിച്ച് അങ്ങോട്ടുപോയി. ഞങ്ങളുടെ പാകിസ്താൻ യാത്ര തീരുമാനിച്ചപ്പോൾ സതീശന് ആ സഹപാഠികളെ വീണ്ടും കാണാനായാൽ നന്നായിരുന്നു എന്ന് തോന്നി. അതുകൊണ്ട് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പേരും അഡ്രസ്സും മകൾക്കും ഭർത്താവിനും അയച്ചുകൊടുത്തു, അവരെ കണ്ടു പിടിക്കാൻ സാധിക്കുമോ എന്നുനോക്കാൻ. അതനുസരിച്ച് അതിനുള്ള ശ്രമം തുടങ്ങാനിരിക്കേ, വിരുന്നുസത്കാരത്തിനിടെ ഒരു പാകിസ്താൻ വനിതയുമായി മകന്റെ ഭാര്യ പരിചയപ്പെട്ടു. സംഭാഷണമധ്യേ സതീശന്റെ സഹപാഠികളെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു അത് അവരുടെ ബന്ധുക്കളാണെന്ന്. അതുകൊണ്ട് അവരുമായി ബന്ധപ്പെടാനും പിതാവ് വരുന്ന വിവരം അറിയിക്കാനും സാധിച്ചു. അവരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതു കേട്ട് അവർക്കും സന്തോഷമായി. അങ്ങനെ ഇസ്ലാമാബാദിൽ ആയിരുന്നപ്പോൾ ഒരു ദിവസം വൈകുന്നേരം സതീശനും ഉമയും നന്ദിനിയും അവരുടെ വീട്ടിൽച്ചെന്ന് പഴയബന്ധം പുതുക്കി. അവരിൽ ഒരാൾ ഇസ്ലാമാബാദിൽ അമ്മയോടും കുടുംബത്തോടുമൊപ്പമായിരുന്നു താമസം. മറ്റെയാൾ കറാച്ചിയിലും. അപ്പോഴേക്കും അച്ഛൻ മരിച്ചിരുന്നു. അസാധ്യമെന്ന് കരുതിയി
രുന്ന അപൂർവസമാഗമമായിരുന്നു അത്.

സൗദി അറേബ്യയുടെ സഹായത്തോടുകൂടി മാർബിളിൽ നിർമിച്ച കിങ് ഹൈസൽ പള്ളി നഗരത്തിലെ വിശേഷ കാഴ്ചയാണ്. സ്ത്രീകളടക്കമുള്ള വിദേശീയരെ നിസ്കാരസമയങ്ങളിൽ ഒഴിച്ച് മറ്റുസമയങ്ങളിൽ പള്ളിയുടെ അകം ചെന്നുകാണാൻ അനുവദിച്ചിരുന്നു. 

പാകിസ്താനിലെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച തക്ഷശിലയുടേതായിരുന്നു. കുഞ്ഞുനാളിൽ പാഠപുസ്തകത്തിൽ പഠിച്ച ഒരിടം കാണുന്നതിന്റെ ആനന്ദം. തക്ഷശില, ഉജ്ജയിനി, നാളന്ദ എന്നിവ പ്രാചീനഭാരതത്തിലെ സർവകലാശാലകളാണ്. വിഭജനം കഴിഞ്ഞപ്പോൾ തക്ഷശില പാകിസ്താനിലായി. അത് പണ്ട് ഗാന്ധാരത്തിന്റെ ഒരു ഭാഗമായിരുന്നു. കച്ചവടമായിരുന്നു അവിടത്തെ പ്രധാന തൊഴിൽ. പിന്നീട് മൗര്യസാമ്രാജ്യം വന്നതോടെ തക്ഷശിലയിൽ ഒരു സർവകലാശാല ആരംഭിച്ചു. ചാണക്യൻ തക്ഷശിലയിൽ പഠിച്ചയാളാണ്. അശോകചക്രവർത്തിയുടെ കാലമായതോടെ ബുദ്ധി പ്രമാണങ്ങൾക്ക് പ്രസക്തിയേറി. അതോടെ തക്ഷശിലയുടെ പ്രധാന്യം കുറഞ്ഞു. 

ഞങ്ങൾ തക്ഷശിലയിലെത്തിയപ്പോൾ അവിടെ കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല, പകരം അവശിഷ്ടങ്ങളായിരുന്നു എല്ലായിടവും. ഞങ്ങൾ കൂട്ടിയിട്ടിരുന്ന മൺകൂമ്പാരങ്ങളുടെ മുകളിലേക്കു പോയി. അവിടെനിന്ന് നോക്കിയാൽ തക്ഷശില സർവകലാശാലാ കെട്ടിടത്തിന്റെ പര ന്നുകിടക്കുന്ന കല്ലിന്റെ അവശിഷ്ടങ്ങൾ കാണാം. ഒരു സ്തൂപംമാത്രം അതിൽനിന്ന് വേറിട്ടുനിന്നു. എങ്കിലും അവശിഷ്ടങ്ങളെല്ലാം നല്ലപോലെ സൂക്ഷിച്ചിട്ടുണ്ട്. എല്ലാം ചേർത്തുവെക്കുമ്പോൾ നമുക്ക് ആ സർവകലാശാലയുടെ ഉജ്ജ്വല രൂപം സങ്കല്പിക്കാൻ കഴിയും. ബുദ്ധന്റെ പല പ്ര തിമകളും അവിടെ പ്രദർശിപ്പിച്ചിരുന്നു. തക്ഷശിലയിൽനിന്ന് മടങ്ങുമ്പോൾ അതിന്റെ നടത്തിപ്പുകാരൻ പറഞ്ഞു: “നിങ്ങൾ ഇന്ത്യക്കാർക്കുമാത്രമേ ഈ സ്ഥലത്തിന്റെ പ്രാധാന്യം അറിയൂ.''

ഇസ്ലാമാബാദിൽനിന്ന് പി.ഐ.എ. വിമാനത്തിൽ ഡൽഹിയിലേക്കായിരുന്നു മടക്കയാത്ര. കണ്ണടച്ചുതുറക്കുമ്പോഴേക്കും ഡൽഹിയിലെത്തി. അപ്പോൾ ഞാൻ ഓർത്തു. ഇത്ര കുറച്ചുനേരമേയുള്ളൂ പോയിവരാൻ. അത്രമേൽ പരിചിതരെന്നുതോന്നും മനുഷ്യരുമായി ഇടപഴകിയാൽ. എല്ലാം പങ്കുവെക്കുന്നു നമ്മൾ... എന്നിട്ടും എന്തിനാണീ ഒടുങ്ങാത്ത വിരോധവും പകയും?

Content Highlights: pakistan travel, lahore travel, women travel

Content Highlights: