കാരറ്റിന്റെ മണമുള്ള, കോടമഞ്ഞ് മൂടിയ മലനിരകളുള്ള നാട്... കണ്ടറിയണം നിലമ്പൂരിന്റെ സഖിയെ

അത്രമേല് പ്രിയപ്പെട്ടയിടങ്ങളുണ്ട്, നമുക്ക് സ്വന്തം ഗ്രാമംപോലെ തോന്നുന്നവ. ഊട്ടി അങ്ങനൊരു സ്ഥലമാണ്. ഭാഷയോ സംസ്കാരമോ എന്റെ ജന്മസ്ഥലവുമായി വിദൂരസാമ്യംപോലുമില്ലെങ്കിലും വളര്ന്ന പ്രദേശത്തിന് ഏതാനും ഗ്രാമങ്ങള്ക്കപ്പുറം ചുരം കയറിയെത്തുന്ന തണുത്തുറഞ്ഞ നാട്. പച്ചപ്പും നിറമണിഞ്ഞ പൂക്കളും കടുംചായം പൂശിയ അടുത്തടുത്തായി അടുക്കിവെച്ച വീടുകളും കുതിരച്ചാണകത്തിന്റെ മണവുമുളള സ്ഥലം.
നിലമ്പൂരില് തുടങ്ങുന്ന പച്ചപ്പ് വഴിക്കടവിലെ സംസ്ഥാനാതിര്ത്തി കടന്ന് പരന്നു കിടക്കുന്നു. ഗൂഡല്ലൂരും നാടുകാണിച്ചുരവും കടക്കുമ്പോള് അരിച്ചെത്തുന്ന തണുപ്പിനുപോലും അപരിചിതത്വമില്ല. നാട്ടുഭാഷയില് പറഞ്ഞാല് 'കണ്ണടിച്ചുപോകുന്ന കളറു'ള്ള സാരികളണിഞ്ഞ് കസേരകളിലോ നിലത്തോ ഇരുന്ന് ഫ്രഷായ പച്ചക്കറികള് വില്ക്കുന്ന സ്ത്രീകള് സ്ഥിരം കാഴ്ചയാണ്. യൂക്കാലിപ്റ്റസ് മരങ്ങള് കണ്മുന്നിലെത്തുംമുമ്പ് തന്നെ വാസന മൂക്കിലടിക്കും. എ.സി. മുറിയില് പാതിരാ വരെ ഓഫീസിലിരിക്കുന്നതിനാല് 13 ഡിഗ്രി വരെയൊക്കെ തണുപ്പ് സഹിക്കാനാകുമെന്ന് സ്വയം അഭിമാനിക്കും.
വിവാഹത്തിനുമുമ്പ് ഒന്നോ രണ്ടോ തവണയേ പോയിട്ടുളളൂ ആ നാട്ടിലേക്ക്. എന്നാല് അതിനുശേഷം കൊല്ലത്തില് മൂന്നോ നാലോ തവണ പോകും. ഞങ്ങളിരുവരും മാത്രമായും കുടുംബത്തോടൊപ്പവും ബന്ധുക്കളോടൊപ്പവും പോയിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെ കാഴ്ചകള് കാണുന്നതിനപ്പുറം മറ്റു ടൂറിസ്റ്റുകള്ക്കൊപ്പം തിരക്കിലലിഞ്ഞു തണുത്തുവിറച്ച് തെരുവിലൂടെ അലയാനാണ് താത്പര്യം. കമ്പിളിക്കുപ്പായവും പുല്ത്തൈലവും അത്തറും കാപ്പിയും ചായയും തുടങ്ങി പലവക സാധനങ്ങളും വില്ക്കുന്ന കടകളിലെ അണ്ണന്മാര് നീട്ടിവിളിക്കും. വൈന് ബിയര് ഷോപ്പുകള്, തട്ടുകടകള് മുതല് പിസ പോലുളള വിഭവങ്ങള് വില്ക്കുന്ന മള്ട്ടിനാഷണല് കമ്പനികളുടെ ഔട്ട്ലെറ്റുകള് വരെ നിരത്തുകളില് നിരന്നുനില്പ്പുണ്ടാകും. പക്ഷേ ഞങ്ങള്ക്ക് താത്പര്യം അഡയാര് ആനന്ദഭവന് എന്ന ഹോട്ടലാണ്. ഇടയ്ക്ക് ചില വര്ഷങ്ങളില് തമിഴ്നാട്ടില് താമസിച്ചതിന്റെ ഓര്മകള് അയവിറക്കാന് ഭര്ത്താവിന് അവിടെനിന്ന് പരിപ്പ് പൊടിയും വത്തകൊഴമ്പും ആവയ്ക്കാമാങ്ങയും വാങ്ങുന്നതും സ്ഥിരമാണ്.
പിന്നെ പോകാറുളളത് കോത്തഗിരിയിലെ കോടനാട് വ്യൂപോയിന്റിലാണ്. മറ്റൊരു ലോകം, നമ്മള് ചരിത്രപുസ്തകത്തില് പഠിച്ചു ഭാവനയില് കണ്ട ഏതൊക്കെയോ പൗരാണിക സംസ്കാരങ്ങളുടെ അവശേഷിപ്പുപോലെ കോടമഞ്ഞില് താഴ്ന്നും പൊങ്ങിയും മലകളും അതിനിടയില് അവ്യക്തമായി ജലസ്രോതസുകളും. വല്ലാത്ത ഒരു അനുഭവം തന്നെയാണത്. ചെറിയ തുകയ്ക്ക് ടിക്കറ്റെടുത്ത് അവിടെ നിന്ന് മതിവരുവോളം കാഴ്ചകളാസ്വദിക്കാം, വാഹനത്തിരക്കിന്റെയും ഹോണടികളുടെയും ശല്യമില്ലാതെ. കൂനൂരിലെ കാഴ്ചകള് മനോഹരമാണെങ്കിലും വാഹനബാഹുല്യവും ഗതാഗതക്കുരുക്കും മടുപ്പിക്കും.
ഓരോ മുറിയ്ക്കും ഓരോ കാഴ്ച
ഊട്ടിയിലേക്ക് ഒടുവില് പോയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കോവിഡ് തമിഴ്നാട്ടില് അക്കാലത്തു റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കേരളത്തില് ജനുവരിയില് ഉണ്ടായ കേസുകളിലെ രോഗികള് സുഖപ്പെടുകയും ചെയ്തിരുന്നു. കോളേജിലെ സുഹൃത്ത് വിപിന്റെ മേല്നോട്ടത്തിലുളള ഹോംസ്റ്റേയിലായിരുന്നു താമസം. അവിടെനിന്ന് നോക്കിയാല് കിലുക്കത്തില് തിലകന് താമസിച്ച പോലെയുളള ഒരു വീടു കാണാം. അവിടെ ചിമ്മിനിയില്നിന്ന് പുകയുയരുന്നുണ്ട്. അതിനടുത്ത് കൃഷിയിടവുമുണ്ട്. ഹോംസ്റ്റേയില് നിറയെ പൂക്കളുണ്ട്.
ഇതിനുമുമ്പ് പോയ, പുല്മേടും പൂക്കളുമുളള താമസയിടത്തില് വീട്ടുടമസ്ഥന്റെയും പത്നിയുടെയും ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രമുണ്ടായിരുന്നു. മരത്തിന്റെ നിലമാണ്. നടക്കുമ്പോള് മണിച്ചിത്രത്താഴിലേതുപോലെ 'യാരത്' എന്ന ചോദ്യം വരുമെന്ന് ഞങ്ങള് തമാശയായി പറഞ്ഞിരുന്നു. അതിനുമുമ്പ് മുറിയെടുത്തത് റെയില്വേ സ്റ്റേഷനിന്റെ എതിര്വശത്താണ്. തീവണ്ടി വന്നുനില്ക്കുന്നതും ആളുകളെ ഇറക്കുന്നതും കയറ്റുന്നതും കാണാം. ആ തീവണ്ടിയില് കയറി കൂനൂരിലേക്ക് ഒരു ചെറുയാത്രയും നടത്തി. വേറൊരിക്കല് എടുത്ത മുറിയ്ക്കടുത്ത് കാരറ്റ് സംസ്കരണം നടക്കുന്നുണ്ടായിരുന്നു. പറിച്ചെടുത്തവ യന്ത്രസഹായത്തോടെ കഴുകി വൃത്തിയാക്കുന്ന കാഴ്ച നല്ല രസമുണ്ട് കാണാന്. അതിനടുത്ത് 'നായരുടെ ചായ്ക്കട'യുണ്ട്. രുചിയുള്ള കേരളീയ ഭക്ഷണം ചെറിയ വിലയ്ക്ക് കിട്ടും അവിടെ.
മണമുള്ള ഊട്ടി
ഊട്ടിയ്ക്ക് കാരറ്റിന്റെ മണമുണ്ട് ചിലപ്പോള്... അതോ പുല്ത്തൈലത്തിന്റെയാണോ... ചായയുടെ ഗന്ധമാണോ... അറിയില്ല! ഓര്മകള് അയവിറക്കുമ്പോള് അവിടേയ്ക്കെത്താന് തോന്നുന്നു. ഇനിയെന്നു പോകാനാകുമെന്ന് അറിയില്ല... അന്നാട്ടിലെ നനുത്ത പ്രഭാതം പോലെ മഹാമാരിയടങ്ങിയ നല്ലൊരു നാളെയ്ക്കായി കാത്തിരിക്കാന് മറ്റൊരു കാരണം കൂടി...
Content Highlights: Ootty Travel, Nilgiri Tourism, Kodanadu View Point, Coonoor, Ootty Heritage Train Travel
Content Highlights: