മാച്ചിയമ്മ ചോദിക്കും: 'ഈ വീടിനെന്താ കുഴപ്പം? മഴയായാലും വെയിലായാലും എനിക്ക് സുഖമാണ്'

കാലപ്രവാഹത്തില്‍ വയനാടിന്റെ തനത് കാഴ്ചകളെല്ലാം അതിവേഗം മാഞ്ഞുപോവുകയാണ്. എന്നാല്‍ ഗ്രാമവഴികളില്‍ ചില കാഴ്ചകള്‍ വയനാടിന്റെ കൈവിളക്കുകളായുണ്ട്. അത്തരത്തിലൊന്നാണ് ചേകാടി താഴശ്ശേരിയിലെ മാച്ചിയമ്മയുടെ വീട്ടുവിശേഷങ്ങള്‍...
കലണ്ടര്‍ താള്‍ ഒരു വട്ടം കൂടി മറഞ്ഞ് കാലത്തിന്റെ കണക്കുകളില്‍ ഒരു കൊല്ലം കൂടി വരഞ്ഞിടുമ്പോള്‍ മാച്ചിയമ്മയുടെ വീടിന് പിന്നെയും ഒരു വയസ്സ് കൂടി. തറയില്‍ ചാണകം മെഴുകി വിരലുകളാല്‍ വരയിട്ട് മണ്‍ചുമരുകളില്‍ ചിത്രം വരഞ്ഞും ഒരു വീട്. ഇറതാണ കുളിരുള്ള മാച്ചിയമ്മയുടെ പുല്ലു വീട്ടില്‍ പിന്നെയും കാലം തോല്‍ക്കുന്നു. അങ്ങിനെയങ്ങനെ ചുറ്റുമുള്ളതെല്ലാം മാറി മറിഞ്ഞപ്പോഴും ചേകാടി താഴശ്ശേരിയിലെ മാച്ചിയമ്മയ്ക്കും വീടിനും ഇപ്പോഴും മാറ്റമില്ല.
വീടിനും മാച്ചിയമ്മയ്ക്കും പ്രായം എത്രയായി എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാനാവില്ല. മഴയും കാറ്റും വെയിലും മാറി മാറി വന്ന കണക്കുകള്‍ എണ്ണിനോക്കിയാല്‍ വീടിന് നൂറ്റാണ്ടോളം പഴക്കമുണ്ട്. എന്റെ ചെറുപ്പത്തിലും ഈ വീട് ഇങ്ങനെ തന്നെ.. അതിന് മുന്നിലും ഇങ്ങനെ തന്നെ.. ഇതുമാത്രമായിരിക്കും കാടറിറമ്പത്തെ താഴശ്ശേരി കോളനിയിലെ മാച്ചിയമ്മയ്ക്ക് വീടിന്റെ പഴക്കത്തെക്കുറിച്ച് പറയാനറിയുക. തലമുട്ടുന്ന ഇറയുള്ള വീടിന്റെ നീളന്‍ വരാന്തയില്‍ വയലിറമ്പങ്ങളില്‍ നിന്നും കാറ്റുവന്ന് നിറയുന്നു. മൂന്നോളം മണ്‍പടികള്‍ ചവിട്ടി വേണം കോലായിലേക്ക് കയറാന്‍. മുളകൊണ്ട് അടുത്തടുത്ത് കഴുക്കോലിട്ട് അതിന് മുകളില്‍ മുളചീന്തുകളാല്‍ വരിച്ചിലുകളിട്ട പൂമുഖം. മൂന്ന് ഭാഗവും വരാന്തയുള്ള വീടിന്റെ അകത്തളങ്ങളും പഴയതുപോലെ തന്നെ. പാത്രങ്ങള്‍ നിരത്തിവെക്കുന്ന മുളത്തട്ടുകള്‍, ഉറികള്‍, ചിരട്ട കൈലുകള്‍ എന്നിങ്ങനെയായി അടുക്കളയും ഗതകാല വയനാടിന്റെ പെരുമകളെ ചേര്‍ത്തുപിടിക്കുന്നു. ഇടങ്ങളെല്ലാം പുതുമകളെ തേടി തിരക്കിട്ടോടുമ്പോള്‍ പൈതൃകങ്ങളെ നിധി പോലെ കാത്തുവെക്കുന്ന ഇവര്‍ക്കുമുണ്ട് പുതിയ കാലത്തോട് ചിലതെല്ലാം പറയാന്‍.
ലാളിത്യങ്ങളുടെ തണല്‍
കോളനികള്‍ പോലും കോണ്‍ക്രീറ്റ് മേല്‍ക്കൂരകളിലേക്ക് പാടെ മാറിയപ്പോഴും ഈ മാറ്റത്തെയൊന്നും മാച്ചിയമ്മയും കണ്ടില്ലെന്ന് നടിച്ചു. ഇതിലൊക്കയല്ലേ ജീവിതം തുടങ്ങിയത്. ഇപ്പോഴും ഇതിനെന്താ കുഴപ്പം എന്നാണ് ഇവര്‍ ചോദിക്കുക. മക്കളും മാച്ചിയമ്മയുടെ സന്തോഷങ്ങള്‍ക്ക് എതിര് നിന്നില്ല. കുലീനമായ പൈതൃകങ്ങളുടെ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഇവരും ജീവിതം ശീലിച്ചു. മഴയായാലും വെയിലായാലും പുല്ലുവീട്ടില്‍ സുഖമാണ്. നന്നായി പരിപാലിക്കണമെന്ന് മാത്രം. അതിനാണ് പുതിയ കാലത്തെ വെല്ലുവിളി. പുല്ല് മേയാനറിയുന്നവര്‍ കുറയുന്ന കാലമാണ്. ഇപ്പോള്‍ കുടുംബത്തില്‍ തന്നെയുള്ള മുതിര്‍ന്ന ചിലരാണ് പുല്ലുമേയാന്‍ വര്‍ഷത്തില്‍ വരാറുള്ളത്. അല്ലെങ്കില്‍ പുതിയ തലമുറകള്‍ ഇതെല്ലാം പഠിക്കണം. അതിനുള്ള സാധ്യതകളും കുറവാണ്. പിന്നെ നീളം കൂടിയ വൈക്കോലും മേയാന്‍ വേണം. ഇതെല്ലാം ഇപ്പോ കുറഞ്ഞുവരുന്നു. പുതിയ ഇനം നെല്ലിലേക്കും കൃഷിയിലേക്കും കാലം ചുവടുമാറ്റുമ്പോള്‍ ഈ പുല്ലുവീടുകള്‍ ഇനിയും എത്രകാലം എന്ന് ചോദിക്കേണ്ടിവരും. ചാണകം മെഴുകാനും തളിക്കാനും ദിനം തോറും വീട് പരിപാലിക്കാനും വീട്ടുകാരും വേണം. ഇതിനെല്ലാം ഒരേ മനസ്സുള്ളവരുള്ളതിന്റെ പിന്‍ബലത്തിലാണ് ഈ വീടും ചേകാടിയുടെ ലാളിത്യത്തിന്റെ പര്യായമാകുന്നത്.
കാലത്തിനും കാടിനും കാവല്‍
കാട്ടാനമുതല്‍ വന്യമൃഗങ്ങള്‍ക്ക് നടുവിലായിരുന്നു മാച്ചിയമ്മയുടെയും ജീവിതം. ഇപ്പോഴും വീടിന് തൊട്ടരികില്‍ വരെയും മുളചീന്തുകള്‍ തിന്നാന്‍ പകല്‍ സമയം പോലും കാട്ടാനകളെത്തും. എങ്കിലും പ്രകൃതിക്ക് കുട പിടിക്കുന്ന ഈ പുല്ലുവീടിനെ തൊടാന്‍ കാട്ടാനകള്‍ വന്നിട്ടില്ല. ഓര്‍മ്മകളുടെ അങ്ങേ തലയ്ക്കല്‍ വരെയും പുല്ലുമേഞ്ഞ ഈ വീടിനെ വന്യമൃഗങ്ങള്‍ ആക്രമിച്ച സംഭവങ്ങളൊന്നുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കാടിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന താഴശ്ശേരിയിലേക്ക് കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയുമെല്ലാം വരവും പോക്കുമുണ്ട്.
പണ്ടൊക്കെ ചേകാടിയില്‍ പുല്ലുമേഞ്ഞ വീടുകളായിരുന്നു. പിന്നെ പിന്നെ ചില വീടുകളെല്ലാം ഓട് മേഞ്ഞതായി. അപ്പോഴും ആദിവാസികളുടെ വീടുകള്‍ പുല്ലിട്ടതായിരുന്നു. ഇപ്പോള്‍ ഇവിടെ രണ്ട് വീടുകള്‍ മാത്രമാണ് പുല്ലുമേഞ്ഞതായുള്ളത്. ബാക്കിയെല്ലാം കോണ്‍ക്രീറ്റ് വീടുകളായും മാറി. ആദിവാസി കോളനികളും ചേകാടിയും മാറി. കാടിന് നടുവിലെ നെല്ലിന്റെ സുഗന്ധം പോലും ഇപ്പോള്‍ അറിയാനില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ വീടും. ഈ വീട് കാണാന്‍ ഇപ്പോള്‍ പലരും വരും. എല്ലാവര്‍ക്കും അത്ഭുതമാണ് ഈ വീട്. ഒരിക്കല്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെട്ട് ഈ പൈതൃകവീട് സംരക്ഷിക്കാന്‍ മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ പതിനായിരം രൂപയും നല്‍കിയിരുന്നു. ആവുന്ന കാലത്തോളം ഇത് നില നിര്‍ത്തണം. കാലത്തിനോടും പ്രകൃതിയോടും എന്നും ഇണങ്ങിയ വീടിന്റെ ഇറയത്തിരുന്ന് മാച്ചിയമ്മ പറയുന്നു.
Content Highlights: Oldest mud home Wayanad chekadi