മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തിൽനിന്ന് സ്വർണരഥത്തിൽ സൂര്യൻ എഴുന്നള്ളുന്ന കുറുമ്പാലക്കോട്ട

വെള്ളപ്പഞ്ഞിക്കെട്ടുകൾപോലെ മകരമഞ്ഞ് വയനാടിനെ പൊതിയുമ്പോൾ കുറുമ്പാലക്കോട്ടയിൽനിന്നുള്ള കാഴ്ചകൾക്ക് വിഭിന്നഭാവമാണ്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവിലിയൻപോലെ ചുറ്റിലും മാനംതൊടുന്ന മലനിരകൾ. അതിന് ഒത്തനടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റമലയുള്ളത്.
കോവിഡ് കാലത്തിന്റെ വിഹ്വലതകൾക്കെല്ലാം ഇടവേളയാകുമ്പോൾ അതിരാവിലെ കുറുമ്പാലക്കോട്ടയിലേക്ക് മലകയറാൻ വിദൂരത്തുനിന്നുപോലും സഞ്ചാരികളെത്തും. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും പട പടാ ശബ്ദം നിറച്ച് ഗ്രാമവഴികളിലൂടെ എവിടെനിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തിത്തുടങ്ങും. മലയുടെ പകുതിഭാഗത്തോളം കുത്തനെയുള്ള റോഡിലൂടെ ബൈക്കുകൾക്ക് കയറിയെത്താം. കുറുമ്പാലക്കോട്ടയിൽനിന്നുള്ള വയനാടിന്റെ പുലർകാലം കാണാനാണ് ഈ യാത്ര. ആറുമണിയാവുമ്പോഴേക്കും മലയുടെ നെറുക സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തിൽനിന്ന് സ്വർണരഥത്തിൽ സൂര്യൻ എഴുന്നള്ളുന്ന ദൃശ്യം.
മഞ്ഞ് താഴ്‌വാരമാകെ മൂടുമ്പോൾ അതിനുമുകളിൽനിന്ന് നോക്കെത്താദൂരമുള്ള ആകാശവിസ്മയങ്ങൾ. ഈ കാഴ്ചകൾതന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. സഞ്ചാരികളുടെ ഹൃദയത്തിൽ ഇടംതേടിയതോടെ ടൂറിസം അധികൃതരും ഇവിടെയെത്തി. വയനാട്ടിൽ അങ്ങനെ പുതിയ ഒരു ഡെസ്റ്റിനേഷൻകൂടി തുറക്കാനുള്ള തീരുമാനം ആദ്യഘട്ടത്തിൽ മുന്നേറിയെങ്കിലും പിന്നീട് പിന്നോട്ടുപോയി. മഴക്കാലത്തും ഇവിടെ സഞ്ചാരികൾ ഒഴിഞ്ഞനേരമുണ്ടായിരുന്നില്ല. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം.
സഞ്ചാരികൾ കാത്തിരിക്കുന്നു
വയനാട്ടിലെ ഹിൽ ടൂറിസം പട്ടികയിൽ ഉൾപ്പെടാൻ കുറുമ്പാലക്കോട്ടയും കാത്തിരിക്കുകയാണ്. പ്രദേശവാസികളും പ്രതീക്ഷയർപ്പിക്കുന്നു. വയനാടിന്റെ മധ്യഭാഗത്തായി ഇങ്ങനെയൊരു കേന്ദ്രം വികസിപ്പിക്കാൻ മറ്റിടമില്ല. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ ഇനിയും പഠനവിധേയമാക്കണം. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ സഞ്ചാരികളെ സ്വീകരിക്കാൻ കഴിയുമെന്നതാണ് ഈ കേന്ദ്രത്തിന്റെ സവിശേഷതകൾ. വേനൽക്കാലത്താണെങ്കിൽ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലർച്ചെ കാറ്റുണ്ടെങ്കിൽ ഈ മേഘപാളികൾ തൊട്ടുരുമ്മി അകന്നുപോകും. വയനാടിന്റെ പൂർണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക.
വൈകുന്നേരം അങ്ങുദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യൻ ഒളിച്ചുപോകുന്നതും ഇവിടെനിന്ന് കാണുമ്പോൾ കൂടുതൽ മനോഹരം. സാങ്കല്പികമായ കോട്ടയുടെ ഐതിഹ്യങ്ങൾ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യൻ വേനൽക്കാലത്ത് താഴ്‌വാരത്ത് വരൾച്ചയുടെ നോവറിയിക്കുന്നേയില്ല. മലയുടെ നെറുകയിൽ തണുത്ത വെളുപ്പാൻകാലത്ത് ചൂടുള്ള ചുക്കുകാപ്പിയുമായി പ്രദേശവാസികളും ഇവിടെ കാത്തുനിൽക്കുന്നുണ്ട്.
Content Highlights: kurumbalakotta view point, hill stations in wayanad, view points in kerala, wayanad tourism
Content Highlights: