ഹിമാലയന്‍ പര്‍വതങ്ങള്‍ മുതല്‍ പശ്ചിമഘട്ട മഴക്കാടുകള്‍ വരെ; കൂടുതല്‍ നാഷണല്‍ പാര്‍ക്കുകള്‍ ഇവിടെയാണ്

ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ സംരക്ഷിക്കുന്ന പ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ സമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ പ്രതീകമാണ് അവ. അതിമനോഹരമായ 106 ദേശീയ ഉദ്യാനങ്ങളുള്ള നാടാണ് ഇന്ത്യ. പഞ്ചാബ് ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നാഷണല്‍ പാര്‍ക്കുകളുണ്ട്. പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ മുതല്‍ ഹിമാലയന്‍ പര്‍വതപ്രദേശങ്ങള്‍ വരെ നീളുന്ന വൈവിധ്യങ്ങളാണ് ഇന്ത്യയിലെ ഈ ഉദ്യാനങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ നാഷണല്‍ പാര്‍ക്കുകളുള്ള സംസ്ഥാനങ്ങളെ പരിചയപ്പെടാം.
മധ്യപ്രദേശ്- 11
ടൈഗര്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന മധ്യപ്രദേശിലാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങളുള്ളത്. ബാന്ധവ്ഗഢ്, കന്‍ഹാ, ദിനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്ക്, ഘുഘുവ ഫോസില്‍ പാര്‍ക്ക്, കുനോ, മാധവ്, പന്ന, പെഞ്ച്, സഞ്ജയ്, സത്പുര, വന്‍ വിഹാര്‍ എന്നിവയാണ് മധ്യപ്രദേശിലെ ദേശീയ ഉദ്യാനങ്ങള്‍.
ആന്‍ഡമാന്‍ നിക്കോബാര്‍- 9
കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജൈവവൈവിധ്യം കൊണ്ടും സമ്പന്നമാണ്. ഉഷ്ണമേഖല മഴക്കാടുകളും പവിഴപ്പുറ്റുകളുടെ തീരങ്ങളും ഉള്‍പ്പടെ ഒന്‍പത് ദേശീയ ഉദ്യാനങ്ങളാണ് ഇവിടെയുള്ളത്. കാംബല്‍ ബേ, ഗലാതിയ ബേ, മഹാത്മാ ഗാന്ധി മറൈന്‍, മിഡില്‍ ബട്ടണ്‍ ഐലന്‍ഡ്, മൗണ്ട് ഹാരിയറ്റ്, നോര്‍ത്ത് ബട്ടണ്‍ ഐലന്‍ഡ്, റാണി ഝാന്‍സി മറൈന്‍, സാഡില്‍ പീക്ക്, സൗത്ത് ബട്ടണ്‍ ഐലന്‍ഡ് എന്നിവയാണ് ആന്‍ഡമാനിലെ ദേശീയ ഉദ്യാനങ്ങള്‍.
അസം- 7
തേയിലയ്ക്കും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കും പ്രശസ്തമായ സംസ്ഥാനമാണ് അസം. ലോകപ്രശസ്തമായ കാസിരംഗ ഉള്‍പ്പടെ ഏഴ് ദേശീയ ഉദ്യാനങ്ങളാണ് അസമിലുള്ളത്. ദിബ്രു സൈക്കോവ, മാനസ്, നമേരി, ദെഹിങ് പട്കല്‍, റൈമോണ, കാസിരംഗ, മനാസ് എന്നിവയാണ് അസമിലെ ദേശീയ ഉദ്യാനങ്ങള്‍.
കേരളം- 6
ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ആറ് ദേശീയ ഉദ്യാനങ്ങളാണുള്ളത്. ആനമുടി ഷോല, ഇരവികുളം, മതികെട്ടാന്‍ ഷോല, പാമ്പാടും ഷോല, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, സൈലന്റ് വാലി എന്നിവ.
ഉത്തരാഘണ്ഡ് - 6
ഹിമാലയന്‍ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗംഗോത്രി, ഗോവിന്ദ് വിഹാര്‍, ജിം കോര്‍ബറ്റ്, നന്ദ ദേവി, രാജാജി, വാലീ ഓഫ് ഫ്‌ളവേഴ്‌സ് എന്നിവയാണ് ഉത്തരാഖണ്ഡിലെ നാഷണല്‍ പാര്‍ക്കുകള്‍.
Content Highlights: Indian states with most national parks