ആദിവാസി സ്ത്രീകളെ കാണാതാകുന്ന 'കണ്ണീർപ്പാത'; കാനഡയിലെ ഹൈവേ 16

#കുഞ്ഞൂസ്

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലൂടെ വണ്ടിയോടിച്ചു പോയാൽ നല്ല ഭംഗിയുള്ള പ്രകൃതി കാണാം. മരതകപ്പച്ചപ്പണിഞ്ഞ നിബിഡ വനങ്ങൾ, മഞ്ഞുതൊപ്പി അണിഞ്ഞ വടക്കൻ മലനിരകൾ. പ്രിൻസ് ജോർജ്ജ് നഗരത്തിൽ നിന്ന് തീരദേശ നഗരമായ പ്രിൻസ് റൂപർട്ടിലേക്ക് നീളുന്ന, ഏകദേശം 720 കിലോമീറ്റർ ദൈർഘ്യമുള്ള 'ഹൈവേ 16' കാനഡയിലെ ഏറ്റവും മനോഹരമായ റോഡുകളിലൊന്നാണ്. പക്ഷേ, ഈ ഡ്രൈവിംഗിനിടയിൽ പെട്ടെന്ന് റോഡരികിലെ ആ വലിയ മുന്നറിയിപ്പ് ബോർഡ് കണ്ണിൽപ്പെടും. 'ഹൈവേ 16-ൽ ലിഫ്റ്റ് ചോദിച്ചു കയറരുത് ' അത് വെറും മുന്നറിയിപ്പല്ല, ചോര പൊടിഞ്ഞ സത്യമാണ്! അരനൂറ്റാണ്ടായി ഭീതിപടർത്തുന്ന ഒരുപിടി ദുരൂഹതിരോധാനങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രമുണ്ട് ഈ പാതയ്ക്ക്. ഏതൊരു യാത്രികന്റെയും നെഞ്ചു പിടപ്പിക്കുന്ന കണക്കുകൾ. ഈ മനോഹരമായ പാതയ്ക്ക് ലോകം നൽകിയ പേര് 'ഹൈവേ ഓഫ് ടിയേഴ്സ്' അഥവാ 'കണ്ണീരിന്റെ ഹൈവേ' എന്നാണ്.

കാടുകളുടെ വന്യസൗന്ദര്യത്തിനപ്പുറം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ വിജനമായ പാതയിലൂടെ യാത്ര ചെയ്ത നിരവധി പെൺകുട്ടികളെയും സ്ത്രീകളെയും എന്നന്നേക്കുമായി കാണാതായി. പലരും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. അതികഠിനമായ മഞ്ഞുവീഴ്ചയും വന്യമായ കാടുകളും നിറഞ്ഞതാണ് ഈ പ്രദേശം. അതിനാൽ കാണാതായ പലരുടെയും മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. കനേഡിയൻ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ 'പ്രോജക്റ്റ് ഇ-പാന' (Project E-PANA) ഔദ്യോഗികമായി 18 കേസുകൾ അന്വേഷിക്കുന്നു. എന്നാൽ, നാൽപതിലധികം പെൺകുട്ടികൾ ഇവിടെ ഇരയായിട്ടുണ്ടെന്നാണ് പ്രാദേശിക ജനവിഭാഗങ്ങൾ പറയുന്നത്. ഇവിടുത്തെ വിജനതയും ഒറ്റപ്പെട്ട അന്തരീക്ഷവും മുതലെടുത്ത് ഒരു വ്യക്തിയല്ല, മറിച്ച് നിരവധി പരമ്പരക്കൊലയാളികളും സാമൂഹ്യവിരുദ്ധരുമാണ് ഈ ക്രൂരകൃത്യങ്ങൾ ചെയ്തതെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

നമ്മൾ ചോദിച്ചേക്കാം, 'എന്തിനാണ് അപരിചിതരുടെ വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചു കയറുന്നത്?' എന്ന്. എന്നാൽ അതിനു പിന്നിൽ ഈ പ്രദേശത്തിന്റെ വലിയ നിസ്സഹായാവസ്ഥയുണ്ടായിരുന്നു.

ഒരു കാലത്ത് ഈ ആദിവാസി മേഖലകളിൽ പൊതുഗതാഗത സൗകര്യങ്ങളോ കൃത്യമായ ബസ് സർവീസുകളോ ഉണ്ടായിരുന്നില്ല. മൊബൈൽ നെറ്റ്വർക്കുകൾ പോലും ലഭിക്കാത്ത വിജനത. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെ സ്‌കൂളുകളിലേക്കും ജോലിക്കും ആശുപത്രികളിലേക്കും പോകാൻ പാവപ്പെട്ട ആദിവാസി പെൺകുട്ടികൾക്ക് 'ഹിച്ച്‌ഹൈക്കിംഗ്' (Hitchhiking) അഥവാ കടന്നുപോകുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല! അങ്ങനെ സുരക്ഷിതമായി വീട്ടിലെത്താൻ അന്യവാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പല പെൺകുട്ടികളും പിന്നീട് ഒരിക്കലും തിരികെ വന്നില്ല...

ഇത് വെറും കുറ്റകൃത്യമല്ല, ഒരു വംശഹത്യയുടെ ചരിത്രമാണ്!കാണാതായവരിൽ ഭൂരിഭാഗവും അവിടുത്തെ പ്രാദേശിക ആദിവാസി (Indigenous/First Nations) വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളായിരുന്നു. വെള്ളക്കാരായ സ്ത്രീകൾ കാണാതാകുമ്പോഴുണ്ടാകുന്ന ജാഗ്രതയോ അന്വേഷണമോ ആദിവാസി പെൺകുട്ടികളുടെ കാര്യത്തിൽ ് ഉണ്ടാകുന്നില്ലെന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

നാഷണൽ ഇൻക്വയറി (National Inquiry into MMIWG) സമർപ്പിച്ച ചരിത്രപ്രധാനമായ റിപ്പോർട്ടും ചർച്ചയായി. 'ഹൈവേ 16-ൽ  കേവലം ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളല്ല, മറിച്ച് ആദിവാസി സ്ത്രീകൾക്കെതിരെ കാലങ്ങളായി തുടരുന്ന ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നാണ് റിപ്പോർട്ട്.

ഈ പാതയിൽ റോഡരികിലെ മരങ്ങളിലും പൊതുഇടങ്ങളിലും ചുവന്ന വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് കാണാം. കാണാതായ ഓരോ ആദിവാസി സ്ത്രീയുടെയും ഓർമ്മയ്ക്കായിണിത്. ആദിവാസി ആചാരപ്രകാരം, മരിച്ചുപോയ ആത്മാക്കൾക്ക് കാണാൻ കഴിയുന്ന ഒരേയൊരു നിറം ചുവപ്പാണ്. തിരികെ വരാത്ത പ്രിയപ്പെട്ട ആത്മാക്കൾക്ക് വഴികാട്ടിയായി മരങ്ങളിൽ ചുവന്ന കുപ്പായങ്ങൾ ആടികളിക്കുന്നു

കുഞ്ഞൂസ്

Content Highlights: Explores the 720km stretch of Highway 16 in British Columbia, Canada., Details the history of disappearances and murders of indigenous women over five decades., Explains the systemic lack of public transport forcing hitchhiking in isolated regions., Highlights the significance of Project E-PANA and the National Inquiry into MMIWG., Symbolism of red dresses as a tribute to missing indigenous women.