കോഴിയുടെ ചോരകൊണ്ടുള്ള ജദോ, പന്നിനെയ് ചേര്‍ത്ത അച്ചാര്‍; വിചിത്രമാണ് ഈ നോര്‍ത്തീസ്റ്റ് രുചികള്‍

കോഴിയുടെ ചോര ചേര്‍ത്ത ചോറ് ജദോ (Photo: Canva), ഭൂത് ജൊലോകിയ എന്ന മുളക് (Photo: PTI)
കോഴിയുടെ ചോര ചേര്‍ത്ത ചോറ് ജദോ (Photo: Canva), ഭൂത് ജൊലോകിയ എന്ന മുളക് (Photo: PTI)

പ്രകൃതി ഭംഗികൊണ്ട് മാത്രമല്ല രുചിവൈവിധ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ മറ്റെവിടെയും കിട്ടാത്ത അത്യപൂര്‍വ വിഭവങ്ങളാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന അതീവരുചികരമായ ഈ ഭക്ഷണങ്ങള്‍ ഒരിക്കലെങ്കിലും കഴിച്ചുനോക്കേണ്ടവയാണ്. നിങ്ങളുടെ അടുത്ത വടക്കുകിഴക്കന്‍ യാത്രയില്‍ നിര്‍ബന്ധമായും രുചിക്കേണ്ട ചില വിഭവങ്ങള്‍ പരിചയപ്പെടാം.

സിക്കിം

മോമോസ്

ഇന്ത്യയിലെവിടെ പോയാലും മോമോസ് കിട്ടുമെങ്കിലും സിക്കിമിലെ മോമോസിന് ഒരു പ്രത്യേക രുചി തന്നെയാണ്. ചിക്കന്‍, ബീഫ്, പനീര്‍ തുടങ്ങി ഒട്ടേറെ സ്റ്റഫിങ്ങുള്ള മോമോസ് ഇവിടെ കിട്ടും. ഗാങ്ടോക്കിലെ എം.ജി. റോഡുമുതല്‍ മിക്ക സ്ഥലങ്ങളിലും മോമോസ് ലഭ്യമാണ്.

തുപ്ക

തണുപ്പുള്ള സ്ഥലമായതിനാല്‍ സൂപ്പ് നന്നായി കുടിക്കുന്നവരാണ് സിക്കിംകാര്‍. നൂഡില്‍സും ചിക്കന്‍ സ്റ്റോക്കും ചേര്‍ത്താണ് തുപ്കയുണ്ടാക്കുന്നത്. ബീഫുപയോഗിച്ചും തുപ്കയുണ്ടാക്കാം.

തുപ്ക

ഷബാലെ 

മൈദമാവിനുള്ളില്‍ ഇറച്ചി സ്റ്റഫ് ചെയ്ത് പൊരിച്ചെടുക്കുന്ന വിഭവമാണ് ഷബാലെ. ചൂടോടെ കഴിക്കേണ്ട ഒരു പലഹാരമാണിത്.

പോര്‍ക്ക് ഗ്യാരി

ഇളം ബാംബു ഷൂട്ട്സും പോര്‍ക്കും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പോര്‍ക്ക് ഗ്യാരി.

സീല്‍ റൊട്ടി 

സിക്കിമില്‍നിന്ന് കഴിക്കേണ്ട മറ്റൊരു വിഭവമാണ് സീല്‍ റൊട്ടി. വട്ടത്തിലുള്ള റൊട്ടിയാണ് സീല്‍. ഉരുളക്കിഴങ്ങുകറിയോടോ ഇറച്ചിക്കറിയോടോ ഒപ്പമാണ് സീറൊട്ടി കഴിക്കുക. അരി കൊണ്ടുണ്ടാക്കുന്ന ഒന്നാണിത്.

മോമോസ്

ഫെര്‍മെന്‍ഡ് പാനീയങ്ങള്‍ 

സിക്കിമിലെ പരമ്പരാഗതമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പാനീയങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടവയാണ്. അരി, ചോളം, മില്ലെറ്റ് എന്നിവ ഫെര്‍മെന്റ് ചെയ്താണ് ഇവ തയ്യാറാക്കുന്നത്.

മേഘാലയ

ജദോ

ജ എന്നാല്‍ ചോറ്, ദോ എന്നാല്‍ ഇറച്ചി. പ്രാദേശികമായി ലഭിക്കുന്ന ചെറിയ അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. കോഴിയുടെ ചോരയാണ് ഈ വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രധാന ഘടകം. കോഴിയുടെ ശരീരഭാഗങ്ങളാണ് ഇതിനായെടുക്കുന്നത്. ചോരയില്‍ കുഴച്ചെടുത്ത അരി പൊരിച്ച സവാളയും ഇറച്ചിയും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കും. എരിവിനായി ഉപയോഗിക്കുന്നത് പച്ചമുളകും കുരുമുളകുമാണ്.

ജദോ

ദോ ജെം

പന്നിയുടെ കുടല്‍ കുറച്ച് വ്യത്യസ്തമായ രീതിയില്‍ പാകംചെയ്തെടുത്ത വിഭവമാണ് ദോ ജെം. ആദ്യം പന്നിയുടെ രക്തം ഉപ്പും കുരുമുളകും ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കും. അതിനുശേഷം അത് പന്നിയുടെ കുടലില്‍ നിറയ്ക്കും. ശേഷം 45 മിനിറ്റ് നല്ലവണ്ണം തിളപ്പിച്ചെടുക്കും. ഇങ്ങനെ തയ്യാറാക്കിയ കുടല്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കും. ഇത് കഴിക്കാന്‍ കുറച്ച് ഗട്സ് വേണം

ചൗമീന്‍

ഷില്ലോങ്ങില്‍ പോയിക്കഴിഞ്ഞാല്‍ കഴിക്കേണ്ട മറ്റൊരു വിഭവമാണ് ചൗമീന്‍. നൂഡില്‍സിനെയാണ് ചൗമീന്‍ എന്ന് വിളിക്കുന്നത്. നല്ല എരിവുള്ള നൂഡില്‍സാണ് ചൗമീന്‍. മുട്ട, ബീന്‍സ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും സോസും ചേര്‍ത്തുണ്ടാക്കുന്ന ചൗമീന്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി ലഭിക്കും.

പപ്പായപ്പൂക്കളും ഉണക്കമീനും ചേര്‍ത്ത കറി

ആണ്‍പപ്പായമരത്തില്‍നിന്നെടുത്ത പൂക്കളും, ഉണക്കമീന്‍ സോഡപ്പൊടി മുളക് എന്നിവയും വെള്ളം ചേര്‍ണ്ടാക്കുന്ന ഈ കറിയ്ക്ക് കയ്പാണെങ്കിലും നല്ല രുചിയാണ്.

ചൗമീന്‍

സാക്കിന്‍

അരിയും എള്ളും ഉപ്പും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ചീനച്ചട്ടിയില്‍ ദ്വാരമിട്ട് അതില്‍ വാഴയിലയും ചകിരിയും വെച്ച് ദ്വാരമടയ്ക്കും. ഇതിനുമുകളില്‍ അരിയും എള്ളുമിട്ട് ലെയര്‍ചെയ്ത് പുഴുങ്ങിയെടുക്കുന്നതാണ് സാക്കിന്‍.

അരുണാചല്‍

ലുക്ടെര്‍ 

കിങ് ചില്ലി അഥവാ ഭൂത് ഝോല്‍കിയ എന്ന മുളകും ഉണക്ക ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന വിഭവം. ചോറിനൊപ്പമാണ് ഇത് കഴിക്കുക.

പികാ പിലാ 

അപതാനി ഗോത്ര വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരുതരം അച്ചാറാണിത്. മുളയുടെ മുകുളങ്ങളും പന്നി നെയ്യും മുളകും ചേര്‍ത്താണിത് ഉണ്ടാക്കുന്നത്.

പെഹക് 

എരിയന്‍ ചമ്മന്തിയാണ് പെഹക്. പുളിപ്പിച്ച സോയാ ബീനും മുളകും (ഭൂത് ഝോല്‍കിയ) ചേര്‍ത്താണി തുണ്ടാക്കുക. 

ഞാടോക്

മസാലയും പലതരം ഹെര്‍ബുകളും പുരട്ടിവെച്ച് കല്ലില്‍ തയ്യാറാക്കിയെടുക്കുന്ന മീന്‍വിഭവമാണിത്.

ബാംബു ഷൂട്ട് ഫ്രൈ 
അസം

ബായ്

പ്രാദേശികമായി ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉപയോഗിച്ചാണ് ബായ് എന്ന സൂപ്പ് ഉണ്ടാക്കുന്നത്. പോര്‍ക്കും ബാംബൂ ഷൂട്ട്സുമാണ് പ്രധാന ചേരുവ. 

കോട്ട് പീത്ത

നാലുമണി പലഹാരമാണ് കോട്ട് പീത്ത. അരിയും പഴവും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ആദ്യ കാഴ്ചയില്‍ ക്രിസ്പി ആണെന്ന് തോന്നുമെങ്കിലും നല്ല മൃദുവായ വിഭവമാണിത്. കോട്ട് പീത്തയില്‍ പഴം ചേര്‍ക്കുന്നതിനാല്‍ നല്ല മധുരം കാണും. നമ്മുടെ നാട്ടിലെ ഉണ്ണിയപ്പത്തിന്റെ സ്വാദാണിതിന്.

ബാംബു ഷൂട്ട് ഫ്രൈ 

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് രുചിച്ചുനോക്കാവുന്ന ഒരു വിഭവമാണ് ബാംബൂ ഷൂട്ട് ഫ്രൈ. മുളയുടെ കൂമ്പും ഷിടേക്ക് കൂണുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Content Highlights: famous foods of north east India