ഉണ്ണിയപ്പചരിതം അഞ്ചാംഖണ്ഡം

മലയാളികളുടെ ഏറ്റവും സ്വാദിഷ്ഠമായ അപ്പം ഉണ്ണിയപ്പമായിരിക്കണം. ഉണ്ണിക്കണ്ണന്‍, ഉണ്ണിയേശു, ഉണ്ണിഗണപതി എന്നൊക്കെ പറയുന്നതുപോലെ അത്രയും ഹൃദയത്തോട് ചേര്‍ത്തുവെക്കും ഉണ്ണി അപ്പത്തെയും. ആറു മലയാളിക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ സ്ഥലം മാറുന്നതിനനുസരിച്ച് ഉണ്ണിയപ്പത്തിന്റെ പേരും സ്വാദും ചേരുവകളും വലിപ്പവും മാറുന്നു. വിദേശങ്ങളിലേക്കുള്ള യാത്രയില്‍ ബന്ധുക്കളുടെ സ്‌നേഹപ്പൊതികളില്‍ ഒന്നാംസ്ഥാനം ഉണ്ണിയപ്പത്തിനു തന്നെ.
'അപ്പം തിന്നാല്‍ പോരെ, കുഴിയെണ്ണണോ' എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ട് ഉണ്ണിയപ്പത്തെക്കുറിച്ച്. ഇത്തവണ ഞാന്‍ കുഴിയെണ്ണാന്‍ തീരുമാനിച്ചു. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഉണ്ണിയപ്പ വിശേഷം. എന്തിനേറെ പറയുന്നു മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഉണ്ണിയപ്പം.
ഒന്നാം ഖണ്ഡം
ഗണേശന്റെ കൊതി
മഹേശന്റെ തിരുജടയില്‍ ഗംഗയെ ഒളിപ്പിച്ചിരിക്കുകയാണല്ലൊ? അദ്ദേഹം ഒറ്റയ്ക്കിരിക്കുമ്പോള്‍ ഗംഗ ഇറങ്ങി വന്നാലോ എന്ന് പാര്‍വതിക്ക് സംശയം. ഒരേയൊരു പോംവഴിയേ ഉള്ളൂ. ഗണേശനെ കാവലിരുത്തണം. മകന്‍ അടുത്തുണ്ടെങ്കില്‍ തിരുജടയിലെ ഗംഗ ഇറങ്ങി വരില്ലല്ലോ. വികൃതിയായ ഉണ്ണിഗണപതി ഒരു സ്ഥലത്തും അടങ്ങിയിരിക്കുന്ന പ്രകൃതക്കാരനല്ല... ഉണ്ണി ഗണപതിയെ മഹേശനു കാവലിരുത്താന്‍ ഒറ്റ വഴിയേ ഉള്ളൂ. നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കിക്കൊടുക്കുക. അങ്ങനെ സ്വാദുള്ള ഉണ്ണിയപ്പവും കഴിച്ച് ഉണ്ണി ഗണപതി മഹേശനു കാവലിരുന്നു എന്ന് സങ്കല്പം. ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ കണ്‍മടക്കിന്റെ കഥയായിരുന്നു അത്. ഇത്രയും സ്വാദുള്ള ഉണ്ണിയപ്പം ഒരുപാട് കഴിച്ചതുകൊണ്ടാണത്രെ ഗണപതിക്ക് ഉണ്ണിക്കുടവയര്‍ ഉണ്ടായത്.
കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പമാണ് ഉണ്ണിയപ്പത്തില്‍ ശ്രേഷ്ഠമായത്. 'കൊട്ടാരക്കര ഗണപതിക്ക് അപ്പം വാര്‍പ്പിച്ചാല്‍ ആണ്‍കുട്ടി ഉണ്ടാകും' എന്നാണ് ചൊല്ല്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ണിയപ്പമുണ്ടാക്കുന്നതും, വഴിപാട് നേരുന്നതും കൊട്ടാരക്കര ഗണപതി അമ്പലത്തിലത്രെ.
ലോകത്തിലെ ഏറ്റവും കഠിനമായ ഉണ്ണിയപ്പം ശബരിമലയിലേതാണ്. ആറുമാസം വെച്ചാലും കേടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര ഉറപ്പുള്ള പല്ലായാലും ഏഴു മിനിറ്റെങ്കിലും എടുക്കും ഇത് കഴിച്ചു തീര്‍ക്കാന്‍. മലയാളികളുടെ ഉണ്ണിയപ്പം എന്നു കേള്‍ക്കുമ്പോള്‍ തമിഴര്‍ക്കും തെലുങ്കര്‍ക്കും ഓര്‍മ വരുന്നത് ഈ ഉണ്ണിയപ്പമാണ്. ശബരിമലയിലെ ഉണ്ണിയപ്പം മാത്രം കഴിക്കുന്ന ചില ഉണ്ണിയപ്പ കൊതിയന്മാരുമുണ്ട്. ഈ ഉണ്ണിയപ്പത്തിനുള്ളില്‍ അരവണ പായസമൊഴിച്ച് കഴിക്കാന്‍ നല്ല സ്വാദാണ്.
ഗണേശപ്രീതിയ്ക്കായി ചില ക്ഷേത്രങ്ങളില്‍ അപ്പംമൂടല്‍ എന്നൊരു നേര്‍ച്ചപോലുമുണ്ട്. അഭിഷേകം ചെയ്യുന്നതുപോലെ ഗണപതി പ്രതിഷ്ഠയെ ഉണ്ണിയപ്പംകൊണ്ടു മൂടും. പാലക്കാട് ശ്രീകൃഷ്ണപുരം ഈശ്വരമംഗലം ഗണപതി ക്ഷേത്രം, ഇടപ്പള്ളി ഗണപതി ക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ഗണപതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ അപ്പംമൂടല്‍ നേര്‍ച്ച നടത്താറുണ്ട്.
രണ്ടാം ഖണ്ഡം
രമേശന്‍ പോറ്റിയുടെ സ്‌നേഹപ്പൊതി
ഗണപതി അമ്പലങ്ങളിലെ ഉണ്ണിയപ്പങ്ങളില്‍ എനിക്കേറ്റവും സ്വാദു തോന്നിയത് പൂജപ്പുര ജയില്‍വളപ്പിലെ ഗണപതി അമ്പലത്തിലേതാണ്. രമേശന്‍ പോറ്റിയാണ് അതിന്റെ സ്രഷ്ടാവ്. പോറ്റിയുടെ കുംഭയും രൂപവും എല്ലാം ഗണപതിയെ ഓര്‍മിപ്പിക്കും. മാത്രമല്ല ഗണേശദാസനുമാണ് പോറ്റി. ദേവസ്വംബോര്‍ഡിന്റെ റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടുപോലും മറ്റെങ്ങും പോകാതെ കാല്‍നൂറ്റാണ്ടായി ഗണേശപൂജ തുടരുന്നു. എന്റെ ഭാര്യ ദിവ്യ ഉള്‍പ്പെടെ പലരും പോറ്റിയെ വിളിക്കുന്നത് ഗണപതി പോറ്റി എന്നാണ്. കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ് പോറ്റിയെ. അതിനു കാരണവുമുണ്ട്.
അമ്പലത്തില്‍ ഏതു കുട്ടി വന്നാലും പോറ്റിയുടെ ഒരു സ്‌നേഹപ്പൊതി ഉണ്ടാകും. ഒരു കഷ്ണം പത്രത്തിനുള്ളില്‍ ഒരില വെച്ച് ആറേഴ് ഉണ്ണിയപ്പം അതിനു മുകളില്‍ അല്പം പഞ്ചസാര വിതറി ഒരു ചെറിയ പൊതിയാക്കി കുട്ടികളുടെ കൈയില്‍ കൊടുക്കും. അതുകൊണ്ടുതന്നെ എന്റെ രണ്ടുമക്കള്‍ക്കും അവിടെ പോകാന്‍ വലിയ ഇഷ്ടമാണ്. ഇളയവന്‍ ഒന്നേകാല്‍ വയസ്സുള്ള ദര്‍ഷ്, പോറ്റിയെ കണ്ടാല്‍ തുള്ളിച്ചാടും. എന്തിനേറെ പറയുന്നു മകരമാസത്തിലെ തണുത്ത വൈകുന്നേരങ്ങളില്‍ അമ്പലത്തിനുള്ളില്‍ കയറുമ്പോള്‍ തന്നെ ഉണ്ണിയപ്പത്തിന്റെ മണമടിക്കും. പൂജയൊക്കെ കഴിഞ്ഞ് ഇളംചൂടുള്ള ആ ഉണ്ണിയപ്പ പൊതി തുറന്നാല്‍ കുട്ടികളുടെ മാത്രമല്ല നമ്മുടെ പോലും റിലേ കട്ടാകും.
മൂന്നാംഖണ്ഡം
നമ്പൂതിരിമാരുടെ ഉണ്ണിയപ്പം
ഉണ്ണിയപ്പത്തിന്റെ 'അസ്‌കിത'യുള്ളവരാണ് നമ്പൂതിരിമാര്‍. എന്തിനും ഏതിനും ഉണ്ണിയപ്പമുണ്ടാക്കും. 'ഇന്ന് മഴയാണല്ലോ. ലേശം ഉണ്ണിയപ്പമുണ്ടാക്കാം', 'ഇന്ന് മഴ പെയ്യുമെന്നു തോന്നണില്ല്യ, എന്നാ, ലേശം ഉണ്ണിയപ്പം ഉണ്ടാക്കാം', ഇതാണവസ്ഥ. സാധാരണ വേളികളില്‍, അയനി ഊണിന് വധുവിന് ഉണ്ണിയപ്പം വിളമ്പും. വരന്‍ ഇറങ്ങുമ്പോള്‍ വഴിയില്‍ കഴിക്കാന്‍ ഉണ്ണിയപ്പം കൊടുക്കും. വേളിക്ക് കൃത്യമായ അളവില്‍ ഉണ്ണിയപ്പം കൊടുക്കും. 24 അപ്പം, 48 അപ്പം, 64 അപ്പം, 128 അപ്പം, അങ്ങനെ പോകുന്നു ആ കണക്ക്. മെമ്മറി കാര്‍ഡില്‍ ഏആ കണക്ക് പറയുന്നതുപോലെ വരന്റെ വീട്ടിലേക്ക് വധുവിനെ കൊണ്ടുവരുന്ന കുടിവയ്പ് ചടങ്ങിന് ഉപനയനം കഴിയാത്ത കുട്ടിയെ മടിയിലിരുത്തി വധുവിനെ അമ്മായി എന്നു വിളിപ്പിക്കും.
അതിനുശേഷം അവന്റെ കൈയില്‍ ധാരാളം ഉണ്ണിയപ്പം വാരിക്കൊടുക്കും. ഈ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ അപ്പം തട്ടിപ്പറിക്കലാണ്. (അപ്പം വാരല്‍ എന്നും പറയാറുണ്ട്.) വലിയ ഓട്ടുരുളിയില്‍ നിറയെ ഉണ്ണിയപ്പം ഉണ്ടാക്കിവെച്ച് ഉണ്ണികള്‍ക്കായി എറിഞ്ഞുകൊടുക്കും. ഈ ദമ്പതികള്‍ക്ക് ഒരുപാട് ഉണ്ണികള്‍ ഉണ്ടാകാനുള്ള സന്താന സൗഭാഗ്യത്തിനാണ് ഈ ചടങ്ങ്. പിന്നെ നമ്പൂതിരിമാരുടെ എല്ലാ ചടങ്ങുകള്‍ക്കും ഉണ്ണിയപ്പം ഇല്ലാതെയൊരു കളിയില്ല. നെയ്യിലാണ് നമ്പൂതിരിമാര്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. ചേരുവകളും കുറവാണ്. അരിപ്പൊടി, ശര്‍ക്കര, തേങ്ങ, പഴം മാത്രം. ആറന്മുള വള്ളസദ്യയിലും ഉണ്ണിയപ്പം ഒരു പ്രധാനവിഭവമാണ്. വള്ളംകളിക്കിടെ ഉണ്ണിയപ്പത്തെക്കുറിച്ചൊരു പാട്ടുമുണ്ട്.
നാലാം ഖണ്ഡം
ഉണ്ണിയപ്പം കമ്യൂണിസ്റ്റാണ്
ധാരാളം പേരുകളുണ്ട് ഉണ്ണിയപ്പത്തിന്. കാരയപ്പം, കാരോലപ്പം, കാരേപ്പം, കായപ്പം, കാരക്കുണ്ടപ്പം, കണ്ണൂരപ്പം.... വടക്കന്‍ കേരളത്തില്‍ പൊതുവെ കാരോലപ്പം, കാരേപ്പം എന്നാണ് പറയുക. ഉണ്ണിയപ്പകാരത്തില്‍ (ഉണ്ണിയപ്പചട്ടി) തയ്യാറാക്കുന്നതുകൊണ്ടാണ് ആ പേര് വന്നത്. പഴം അഥവാ കായ് അതില്‍ ചേര്‍ക്കുന്നതിനാലാവും കായപ്പം എന്നൊരു പേരും പറയാറുണ്ട്. പേരെന്തായാലും സംഗതി ഉണ്ണിയപ്പം തന്നെ. കണ്ണൂര്‍ ജില്ലയിലെ നായര്‍, മേനോന്‍, നമ്പ്യാര്‍ വിഭാഗക്കാരുടെ കാരോലപ്പം നല്ലെണ്ണയിലാണ് ഉണ്ടാക്കുക.
പെണ്‍കുട്ടികള്‍ ഋതുമതി ആകുന്ന ചടങ്ങിനും ഏഴാംമാസം ഏഴു പലഹാരങ്ങളുമായി പോയി ഗര്‍ഭിണിയെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിനും കാരോലപ്പത്തിന് പ്രഥമസ്ഥാനമാണ്. ഉണ്ണിയപ്പത്തിന്റെ മറ്റൊരു ബന്ധുവാണ് കണ്ണൂരപ്പം. അപ്പത്തിന്റെ മാവില്‍ പഞ്ചസാര ഇട്ടാണെന്നു തോന്നുന്നു കണ്ണൂരപ്പം ഉണ്ടാക്കുന്നത്. ഷേയ്പ് ഒക്കെ ഒരുപോലെയാണെങ്കിലും രുചിക്ക് വ്യത്യാസമുണ്ട്. കണ്ണൂരപ്പം ഉണ്ണിയപ്പത്തേക്കാള്‍ കട്ടിയുണ്ട്. എന്നാല്‍ അകംപൊള്ളയാണ്. വള്ളുവനാട്ടിലെ ഒരു പ്രധാന വിഭവമാണ് ഉണ്ണിയപ്പം. മിക്കവാറും എല്ലാ ജാതിക്കാരുടെയും ശ്രാദ്ധ പൂജകള്‍ക്ക് ഉണ്ണിയപ്പം നിര്‍ബന്ധമാണ്. ഗര്‍ഭിണി ആയിരിക്കുമ്പോഴും കുട്ടി ഉണ്ടാകുമ്പോഴും ബന്ധുവീടുകളിലേക്കും കാണാന്‍ വരുന്നവര്‍ക്കും ഉണ്ണിയപ്പം കൊടുക്കുന്ന ശീലവും വള്ളുവനാട്ടുകാര്‍ക്കുണ്ട്.
ഉണ്ണിയപ്പത്തിന്റെ മറ്റൊരു വകഭേദമാണ് മൊയ്തീന്‍ അപ്പം. ഒരു മുസ്ലിം തറവാട്ടുകാരുടെ കുടുംബ റെസിപ്പിയാണിത്. അതിന്റെ റെസിപ്പി തപ്പി ഞാന്‍ ഒരുപാടു വാതിലുകളില്‍ മുട്ടി. ഫലം നഹി. എന്നാലും കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഉണ്ണിയപ്പത്തെക്കാളും വലുതാണ് മൊയ്തീനപ്പം. നല്ല സോഫ്റ്റും. ഈ അപ്പം എങ്ങനെയാണ് ഇത്ര സോഫ്റ്റ് ആകുന്നത് എന്ന് എനിക്ക് കണ്ടുപിടിക്കാനേ കഴിഞ്ഞിട്ടില്ല. വയനാട് അമ്പലവയലിനടുത്ത് തോമാട്ടുചാലിലെ ഒരു ചെറിയ കടയിലാണ് മൊയ്തീനപ്പം കിട്ടുക. മൂന്നുനാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനവിടെ പോയിട്ടുണ്ട്. ഇപ്പോഴും മൊയ്തീനപ്പത്തിന്റെ സ്വാദ് നാവിന്‍തുമ്പിലുണ്ട്.
കര്‍ക്കടകപ്പതിനാല് കുറിച്യര്‍ക്ക് വലിയ വിശേഷമാണ്. മരിച്ചുപോയ കാരണവന്മാര്‍ തങ്ങളെ കാണാന്‍ വരുന്ന ദിവസമാണ് ഇതെന്നാണ് കുറിച്യരുടെ സങ്കല്പം. ആ ദിവസം മരച്ചില്ലകള്‍ വെട്ടി പറമ്പിലും വയലിലും ഊന്നും. വരുന്ന ആത്മാക്കള്‍ക്ക് ഇരുന്നു വിശ്രമിക്കാന്‍ തണലുണ്ടാക്കാനാണ് അങ്ങനെ ചെയ്യുന്നത്. സന്ധ്യയാകുമ്പോള്‍ വലിയ കുട്ടകളിലാണ് ഉണ്ണിയപ്പം നേദിക്കുക. പത്തും ഇരുപതും ഉണ്ണിയപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഉണ്ണിയപ്പകാരങ്ങള്‍ എല്ലാ വീടുകളിലും ഉണ്ടാകും. പക്ഷേ, ഇത് ചിലപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണയാവും ഉപയോഗിക്കുക.
വയനാട്ടിലെ ആദിവാസസമൂഹമായ കുറുമരുടെ ഇടയില്‍ ഒരു പ്രത്യേകതരം ഉണ്ണിയപ്പമുണ്ട്. ഗന്ധകശാല അരി കല്ലില്‍ മാടി അരച്ച്, ശര്‍ക്കര ഉരുക്കി പാവുകാച്ചി അതിലേക്ക് ചേര്‍ത്ത്, ചിരകിയ തേങ്ങ, ചതച്ചെടുത്ത ഏലക്കായ, ജീരകം, പഴം എന്നിവ ചേര്‍ത്ത് കുഴച്ച് കാരകുണ്ടപ്പം ചുട്ടെടുക്കും. ഉണ്ണിയപ്പത്തെക്കാളും വലുപ്പം കൂടുതലാണ് കാരകുണ്ടപ്പത്തിന്. ഉണ്ണിയപ്പചട്ടിയ്ക്കും പ്രത്യേകതയുണ്ട്. വെണ്ണക്കല്ല് അഥവാ വെണ്ണാറംകല്ലില്‍ കൊത്തി കുഴിയുണ്ടാക്കിയാണ് കാരകുണ്ടപ്പത്തിന്റെ ചട്ടി ഉണ്ടാക്കുന്നത്. ആദിവാസി വംശീയഭക്ഷണമുണ്ടാക്കുന്നതില്‍ വിദഗ്ധനായ വെള്ളേട്ടനാണ് എനിക്ക് നമ്മുടെ രുചിയാത്രയില്‍ കാരകുണ്ടപ്പം ഉണ്ടാക്കിത്തന്നത്. കുറുമരുടെ പ്രത്യേകതരം ഗന്ധകശാല ചോറ്, കെല്ലുപിട്ട്, വാഴയിലയില്‍ പൊതിഞ്ഞ് ചുട്ട കോഴി, നാടന്‍ കോഴിക്കറി അങ്ങനെ പല അപൂര്‍വരുചികളും ലോകത്തിന് പരിചയപ്പെടുത്തിയ ആളാണ് വെള്ളന്‍ എന്ന വെള്ളേട്ടന്‍.
വിറകടുപ്പില്‍, വെണ്ണക്കല്ലില്‍ തീര്‍ത്ത കാരകുണ്ടപ്പത്തിന്റെ ചട്ടിവെച്ച് അതില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍, കാരകുണ്ടപ്പത്തിന്റെ മാവൊഴിക്കുന്നു. ഗന്ധകശാല അരി ആയതിനാല്‍, ഒരു പ്രത്യേകതരം സുഗന്ധം അവിടെ പരക്കും. എന്റമ്മേ, ഒരു വണ്ടിയെടുത്ത് വയനാട്ടിലേക്ക് വിട്ടാലോ എന്നുപോലും ഞാനിപ്പോള്‍ ചിന്തിച്ചുപോകുന്നു... ചൂടോടെ കാരകുണ്ടപ്പം കഴിക്കണം. അന്തംവിട്ട സ്വാദാ.
പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ലാതെ, ജാതിമതഭേദമില്ലാതെ, പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ എല്ലാ കുശിനികളിലും ഹൃദയങ്ങളിലും കയറിപ്പറ്റിയ അല്ലെങ്കില്‍ ആധിപത്യം സ്ഥാപിച്ച ഉണ്ണിയപ്പമാണ് ആദ്യത്തെ കമ്യൂണിസ്റ്റ്.
അഞ്ചാംഖണ്ഡം
കുട്ടേട്ടന്റെ 'നന്മ'യപ്പം
20-ാം വയസ്സിലാണ് കുട്ടേട്ടന്‍ വയനാട്ടിലെ തെറ്റുറോഡില്‍ തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനരികില്‍ ജംഗിള്‍ വ്യൂ ടീഷോപ്പ് സ്ഥാപിച്ചത്. അന്ന് വഴിയാത്രക്കാര്‍ക്ക് ചായയും മോരും കൊടുക്കുന്ന ഒരു കുഞ്ഞിക്കടയായിരുന്നു. ചായയ്ക്ക് കടിയായി നല്‍കിയിരുന്നത് ഉണ്ണിയപ്പമായിരുന്നു. അന്ന് പഴയൊരു കണ്ണാടി അലമാരയില്‍ മൂന്നുദിവസം കൂടുമ്പോള്‍ ഉണ്ണിയപ്പമുണ്ടാക്കി അടുക്കിയിരുന്നു. ഞാനീപ്പറയുന്നത് 51 വര്‍ഷം മുമ്പത്തെ കഥയാണ്. കേരളത്തിലെ ഉണ്ണിയപ്പത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന സാക്ഷാല്‍ ശ്രീമാന്‍ കുട്ടേട്ടന്റെ കഥ. (ശിവദാസന്‍ എന്നാണ് യഥാര്‍ഥ പേര്, കുട്ടേട്ടന്‍ എന്നു പറഞ്ഞാലേ എല്ലാവരും അറിയൂ.
പിന്നീട് കുട്ടേട്ടന്റെ ഉണ്ണിയപ്പത്തിന് വന്‍ ഡിമാന്‍ഡായി. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പലരും ഉണ്ണിയപ്പം വാങ്ങാനെത്തി. ഡിമാന്‍ഡ് കൂടിയപ്പോള്‍ കുട്ടേട്ടനും തന്റെ ഉണ്ണിയപ്പത്തിന്റെ ക്വാളിറ്റി ഒന്നു മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നെ പരീക്ഷണങ്ങളായിരുന്നു. നല്ല ജൈവ അരി തേടി കുട്ടേട്ടന്‍ കുടകിലെത്തി. കുടകിലെ കര്‍ഷകര്‍ പാരമ്പര്യരീതിയില്‍ വിളയിച്ചെടുക്കുന്ന ഒരുതരം സ്വാദുള്ള പച്ചരി (ജൈവ പച്ചരി) കുട്ടേട്ടന്‍ പരീക്ഷിച്ചു വിജയിച്ചു. അരനൂറ്റാണ്ടിനുശേഷം ഇന്നും ഇവിടേക്ക് അരികൊണ്ടുവരുന്നത് കുടകില്‍ നിന്നു തന്നെയാണ്.
അരി മാത്രമല്ല ശര്‍ക്കരയും വെളിച്ചെണ്ണയും തേങ്ങയും മറ്റു ചേരുവകളും എല്ലാം കുട്ടേട്ടന്‍ നേരിട്ടുപോയി വാങ്ങി പരീക്ഷിച്ച് വിജയിച്ചശേഷം സ്ഥിരമാക്കിയതാണ്. കോയമ്പത്തൂരിലെ ശര്‍ക്കരക്കളത്തില്‍പ്പോയി കെമിക്കല്‍ ചേര്‍ക്കാത്ത ശര്‍ക്കര പറഞ്ഞ് ചെയ്യിപ്പിച്ചുകൊണ്ടുവരും.തേങ്ങയും വെളിച്ചെണ്ണയും വാങ്ങുന്നത് കുറ്റ്യാടിയിലെ മില്ലില്‍ നിന്നാണ്. അങ്ങനെ നെയ്യ് ജീരകം ഏലയ്ക്ക, പഴം എന്നിങ്ങനെ എല്ലാം കുട്ടേട്ടന്‍ പലയിടങ്ങളില്‍ നിന്നു കൊണ്ടുവരും.
കുട്ടേട്ടന് ഉണ്ണിയപ്പം ഒരു തപസ്യയായിരുന്നു. തന്റെ കടയില്‍ നിന്നും കഴിക്കുന്ന ഉണ്ണിയപ്പം ചെറിയ കുഞ്ഞുങ്ങള്‍ക്കുപോലും ഒരു പ്രശ്‌നവുമില്ലാതെ കഴിക്കാന്‍ പറ്റണം എന്ന ആഗ്രഹമാണ് ഉണ്ണിയേട്ടനെ ദൂരദേശങ്ങളിലേക്ക് പോയി ചേരുവകള്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
മരത്തിന്റെ ചക്കാണ് (മര ഉരല്‍) അരിപൊടിക്കാനായി കുട്ടേട്ടന്‍ ഉപയോഗിക്കുന്നത്. മെഷീനില്‍ പൊടിച്ചാല്‍ അരി ചൂടായി അതിന്റെ സ്വാദ് നഷ്ടപ്പെടും എന്നാണ് കുട്ടേട്ടന്റെ വാദം. കലപ്പ പോലെയിരിക്കുന്ന ഒരു പ്രത്യേകതരം ഉരലാണിത്. ഒരുഭാഗത്ത് ചവിട്ടിയാല്‍ ഉലക്ക ഉയര്‍ന്ന് ഉരലിലേക്ക് വീഴും. ഏത്ത ഉരല്‍ എന്നും ഇതിനെ പറയാറുണ്ട്. രണ്ടാളുടെ അധ്വാനം ഒറ്റയ്ക്ക് ചെയ്താണ് അന്ന് കുട്ടേട്ടന്‍ ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത്.
രുചിയുടെ കാര്യത്തില്‍ ഒരുകാലത്തും ഒന്നിനും കോംപ്രമൈസ് ചെയ്യാത്ത ആളാണ് കുട്ടേട്ടന്‍, വിറകടുപ്പ്, വെള്ളോടിന്റെ ഉണ്ണിയപ്പച്ചട്ടി, എന്നു വേണ്ട വിറകുവരെ മിതമായ ചൂടു കിട്ടാനായി തിരഞ്ഞെടുത്തിരുന്നു.
20-ാം വയസ്സില്‍ ജംഗിള്‍ വ്യൂ ടീഷോപ്പ് തുടങ്ങിയതിനുശേഷം മരണം വരെ ആ കടയായിരുന്നു കുട്ടേട്ടന്റെ എല്ലാം. അതിനുപിന്നില്‍ ഒരു ചായ്പിലായിരുന്നു കുട്ടേട്ടന്‍ താമസിച്ചിരുന്നത്. കല്യാണപ്രായമായപ്പോള്‍ അതിനുപിന്നില്‍ ഒരു വിടുവെച്ചു. ഇന്ദിര എന്നാണ് ഭാര്യയുടെ പേര്. കുട്ടേട്ടന്റെ ആദ്യത്തെ അസിസ്റ്റന്റായിരുന്നു ഭാര്യ. പിന്നീട് മൂന്നു കുട്ടികളുണ്ടായി. വിനോദ്, വിജീഷ്, വിനിത. ജനിച്ച കാലംമുതല്‍ ഉണ്ണിയപ്പം കഴിച്ചു തുടങ്ങിയെങ്കിലും വിജീഷിന് ഇപ്പോഴും ഉണ്ണിയപ്പക്കൊതി മാറിയിട്ടില്ല.
അമ്മയും മക്കളും മരുമക്കളും ചേര്‍ന്നാണ് ഇപ്പോള്‍ ജംഗിള്‍ വ്യൂ ടീഷോപ്പ് നടത്തുന്നത്. അച്ഛന്റെ നന്മ ഒരിക്കലും ചോര്‍ന്ന് പോവാതെയാണ് ഇപ്പോഴും ഉണ്ണിയപ്പക്കച്ചവടം. കുട്ടേട്ടന്റെ ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ പാഠമാണ്. ഇന്ന് സര്‍വത്ര മായമാണല്ലോ, മസാലപ്പൊടികളും പച്ചക്കറികളും അരിയും പയറും എല്ലാം.ഒരു ചെറിയ ഉണ്ണിയപ്പത്തിനുവേണ്ടി, അതില്‍ നിന്നും കിട്ടുന്ന ഒരു വലിയ സന്തോഷത്തിനുവേണ്ടി, ഒരു ചെറിയ ലാഭത്തിനുവേണ്ടി കുട്ടേട്ടന്‍ ചെയ്ത ത്യാഗം- അതല്ലേ ശരിക്കുള്ള നന്മ.
കുട്ടേട്ടന്റെ ഉണ്ണിയപ്പത്തിന്റെ സ്വാദ് ഭൂമി മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ ദേവന്‍മാര്‍ക്ക് അസൂയയായി. സ്വര്‍ഗത്തില്‍ ഇത്രയും നല്ല ഉണ്ണിയപ്പം ഉണ്ടാക്കുന്ന ആളില്ലല്ലോ. അങ്ങനെ ദേവന്‍മാരെല്ലാം ചേര്‍ന്ന് കുട്ടേട്ടനെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി എന്നാണ് എനിക്ക് തോന്നുന്നത്.സ്വര്‍ഗത്തിലേക്ക് പോകുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. നിങ്ങള്‍ക്ക് ധാരാളം ഉണ്ണിയപ്പം കഴിക്കാം. കുട്ടേട്ടന്റെ ജംഗിള്‍വ്യൂ ടിഷോപ്പ് സ്വര്‍ഗത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
രമേശന്‍ പോറ്റിയുടെ ഉണ്ണിയപ്പം രുചിക്കൂട്ട്
പച്ചരിപ്പൊടി-ഒരു കിലോ
ശര്‍ക്കര-600 ഗ്രാം
തേങ്ങ-ഒരെണ്ണം
ചെറുപഴം-എട്ടെണ്ണം
വെളിച്ചെണ്ണ-ആവശ്യത്തിന്
ഏലക്കായ്-ആവശ്യത്തിന്
ചുക്കുപൊടി-1 ടീസ്പൂണ്‍
ജീരകപൊടി-1 ടീസ്പൂണ്‍
എള്ള്-2 ടേബിള്‍സ്പൂണ്‍
നെയ്യ്-ആവശ്യത്തിന്
ശര്‍ക്കര പാവുകാച്ചി അരിച്ച് അതില്‍ അരിപ്പൊടി, പഴം, ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കായ് പൊടി, എള്ള് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. തേങ്ങ ചെറുതായി നുറുക്കി എടുത്ത്, നെയ്യില്‍ വറുത്ത് മാവിലേക്ക് ചേര്‍ക്കണം. ഉണ്ണിയപ്പചട്ടിയില്‍ വെളിച്ചെണ്ണയും, നെയ്യും ഒഴിച്ച് ചൂടാകുമ്പോള്‍ തയ്യാറാക്കിയ മാവ് ഒഴിച്ച് ഉണ്ണിയപ്പം ഉണ്ടാക്കാം. മിതമായ തീയില്‍ കാരത്തില്‍ തിരിച്ചും മറിച്ചുമിട്ട് ഉണ്ണിയപ്പം കോരിയെടുക്കാം. വെന്തോ എന്നറിയാന്‍ പച്ച ഈര്‍ക്കിലോ അല്ലെങ്കില്‍ പപ്പടം കുത്തിയോ വെച്ച് ഉണ്ണിയപ്പത്തില്‍ കുത്തിയെടുക്കുക. അതില്‍ പച്ചമാവ് പറ്റിപ്പിടിച്ചാല്‍ പിന്നെയും വറുക്കുക.
കുട്ടേട്ടന്റെ ഉണ്ണിയപ്പം റെസിപ്പി
പച്ചരിപ്പൊടി- 1 കിലോ
ശര്‍ക്കര - 500 ഗ്രാം
ചെറുപഴം - 250 ഗ്രാം
വെളിച്ചെണ്ണ - പാകത്തിന്
നെയ്യ് - 100 ഗ്രാം
ഏലക്കായ് - 50 ഗ്രാം
ജീരകം- 50 ഗ്രാം
ഗോതമ്പ്പൊടി- 100 ഗ്രാം
തേങ്ങ- (ചെറുതായി അരിഞ്ഞത്) 1 എണ്ണം
ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് തലേദിവസം വൈകുന്നേരം പാവ് കാച്ചി അരിച്ചെടുത്ത ശര്‍ക്കരപ്പാനിയും അരിപ്പൊടിയും ചേര്‍ത്ത് കുഴച്ച് വെക്കണം. പിറ്റേ ദിവസം അതിലേക്ക് ചെറുപഴം, ജീരകം, ഏലയ്ക്ക എന്നിവ ചേര്‍ത്തു പൊടിച്ചത് ഗോതമ്പ് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് നെയ്യില്‍ വറുത്ത തേങ്ങയിട്ട് വീണ്ടും ഇളക്കി ഉണ്ണിയപ്പ കാരത്തില്‍ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് മിതമായ തീയില്‍ തിളിപ്പിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കണം. കുട്ടേട്ടന്റെ ഉണ്ണിയപ്പം മൂന്നു ദിവസം കേടുകൂടാതെയിരിക്കും. രണ്ടാം ദിവസം കഴിക്കാനാണ് ഏറ്റവും സ്വാദ്.
Content Highlights: Best unniyappams in Kerala Mathrubhumi Yathra travel taste
Content Highlights: