ആ മണ്ണിലേക്ക് ഒരിക്കൽക്കൂടി; ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് യാത്രയ്ക്കൊരുങ്ങി കേരളത്തിലെ 'ആഫ്രിക്കൻ മക്കൾ'

#മനോജ് കെ. ദാസ് manojkdas@mpp.co.in
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ഇതൊരു യാത്രയുടെ കഥയാണ്. ആഫ്രിക്കയിലേക്ക് 64 മലയാളികൾ ഒരിക്കൽക്കൂടി പോവുകയാണ്.  ആഫ്രിക്കൻ മക്കൾ എന്നറിയപ്പെടുന്ന ഈ സംഘത്തിലെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്‌ ആഫ്രിക്ക. പലരും ജനിച്ചതും വളർന്നതും അവിടെ; മറ്റുചിലർ കുറെക്കാലം ജീവിച്ചതവിടെ. അവിടെ അവരുടെ ഓർമ്മകൾ ഉറങ്ങുന്നു, ചിലരുടെ പ്രിയപ്പെട്ടവർ ആ മണ്ണിലുറങ്ങുന്നു.... ആഫ്രിക്കയിലെ മഴ, വെയിൽ, പാർത്ത വീട്, പഠിച്ച സ്കൂൾ, സായാഹ്നങ്ങൾ, രാത്രികൾ... എല്ലാം ഇവർക്ക് ഒരിക്കൽക്കൂടി കാണണം; അനുഭവിക്കണം. മേയ് 26-ന് മുംബെയിൽനിന്ന്‌ പുറപ്പെടുന്ന ഈ മക്കൾ സംഘം ജൂൺ രണ്ടിന് തിരിച്ചെത്തും.

റരയടി ഉയരവും നല്ല വണ്ണവുമുള്ള അയാൾ നേരേ മുന്നിൽവന്ന്‌ നിന്നു. ക്രൂരതമാത്രം കലങ്ങിയ ആ കണ്ണുകളിൽ യാചനയുടെ ഒരു തരി കണ്ടുവോ? തന്റെ കണ്ണിലേക്ക്‌ നോക്കി കൈയിൽ പിടിച്ചുനിൽക്കുന്നത് സാക്ഷാൽ ഇദി അമീൻ!’ ഉള്ളിലെവിടെയോ തുടങ്ങിയ വിറയൽ ദേഹമാകെ പടർന്നു വിറങ്ങലിച്ചത് ഓർത്തെടുക്കുകയായിരുന്നു ഇ. രവീന്ദ്രനാഥ്. 1970 ജൂൺ മുതൽ കെനിയ അതിർത്തിക്കടുത്തുള്ള  വ്യാവസായിക പട്ടണമായ ടൊറോറോയിലെ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു അദ്ദേഹം.

‘‘ഇന്ത്യയിൽ എവിടെനിന്നാണ്?’’ -ആൽമരം പോലെ മുന്നിൽ പടർന്നുനിന്ന് അമീൻ ചോദിച്ചു.

‘‘ദക്ഷിണേന്ത്യയിലെ കേരളത്തിൽനിന്ന്’’

‘‘രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ഇന്ത്യയിലായിരുന്നപ്പോൾ ഞാൻ മദ്രാസ് സന്ദർശിച്ചിട്ടുണ്ട്’’ -കൈ പിടിച്ചു കുലുക്കിക്കൊണ്ട് അമീൻ പറഞ്ഞു.

അഹങ്കാരത്തിന്റെയും ക്രൂരതയുടെയും പര്യായമായി ഇന്ത്യക്കാരെയും മറ്റ്‌ ഏഷ്യൻ വംശജരെയും ഭീതിയിലാഴ്ത്തിയ അമീൻ അന്ന് രവീന്ദ്രനാഥിനെ കണ്ടത് ആ നാട് വിട്ടുപോയവരെ തിരികെ വിളിക്കാൻ സഹായം അഭ്യർഥിക്കാനായിരുന്നു.

ഹിസ് എക്സലൻസി, പ്രസിഡന്റ് ഫോർ ലൈഫ്, ഫീൽഡ് മാർഷൽ, അൽ ഹാജി, ഡോക്ടർ ഇദി അമിൻ ദാദ, വിസി, ഡിഎസ്ഒ, എംസി, ഭൂമിയിലെ എല്ലാ മൃഗങ്ങളുടെയും പ്രഭു എന്നൊക്കെ സ്വയം വിശേഷിപ്പിച്ചിരുന്ന മനുഷ്യൻ, ഇങ്ങനെ സൗഹാർദപൂർവം മുന്നിൽ വന്നുനിന്നു എന്നുപറഞ്ഞാൽ ഇന്നെത്രപേർ വിശ്വസിക്കും? അവിശ്വസനീയമായ ഒരുപാട് കാര്യങ്ങൾകൂടിച്ചേർന്നതാണല്ലോ ജീവിതം.

യുഗാൺഡയുടെ ഇരുണ്ട കാലഘട്ടവും വേദനയിലൂടെ നീന്തിക്കടന്ന ദിനങ്ങളും പതിറ്റാണ്ടുകൾ ആഫ്രിക്കയിൽ ജീവിച്ചതും ഇപ്പോഴും രവീന്ദ്രനാഥിന്റെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

ഈ മാസമവസാനം രവീന്ദ്രനാഥ് താൻ ജീവിച്ച, ഇദി അമീൻ തന്നെ വന്നുതൊട്ട ആഫ്രിക്കയിലേക്ക് യാത്രപോവുകയാണ്. അദ്ദേഹം തനിച്ചല്ല, സമാനമായി ‘ഇരുണ്ട ഭൂഖണ്ഡ’ത്തിന്റെ മണ്ണിൽ ജനിച്ചവരും വളർന്നവരും ജീവിച്ചവരുമായ 64 പേർ ഒപ്പമുണ്ട് -വീണ്ടും ആ വരണ്ട ദേശം, കറുത്ത മനുഷ്യർ, കത്തുന്ന സൂര്യൻ... പക്ഷേ, അവരെ സ്വീകരിക്കാൻ ഇദി അമീൻ ഇല്ല.

‘‘മലയാളികളാണെങ്കിലും ഞങ്ങൾ ആഫ്രിക്കൻ മക്കളാണ്. അതുകൊണ്ടു തന്നെ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങളുടെ സംഘത്തിന്റെ പേര് മക്കൾ എന്നു തന്നെയാണ്’’ -ഈ കൂട്ടുകെട്ടിന്റെ മുന്നിൽ നിൽക്കുന്ന ജീവൻ മേനോൻ തമ്പി പറയുന്നു. പുതുച്ചേരിയിൽ വിശ്രമജീവിതം നയിക്കുന്ന തമ്പിക്കൊപ്പം കൊച്ചിയിൽ ഉള്ള പമേല ജോൺ, കേരളത്തിന്റെ ടെക്‌നോക്രാറ്റ് ജി. വിജയരാഘവൻ, സ്കോട്ട്‌ലൻഡിലുള്ള ദേവിക മഹേശ്വരി അങ്ങനെ ഒട്ടേറെ മക്കൾ യാത്രയ്ക്ക് ഒരുങ്ങുന്നു.

‘‘കുറച്ചുവർഷം മുൻപ് ഞാനൊരു യാത്ര നടത്തിയിരുന്നു’’ വിജയരാഘവൻ പറയുന്നു. ‘‘ടാൻസാനിയ വിടുമ്പോൾ എനിക്ക് 14 വയസ്സായിരുന്നു. അതു കൊണ്ടുതന്നെ ഓർമ്മകൾ കുറെക്കൂടി ഉള്ളിലുറച്ചു കിടപ്പുണ്ട്. പണ്ട് നടന്ന വഴികളിലൂടെ ഞങ്ങൾ നടന്നു. പഴയ സ്കൂൾ മുറിയിൽ കയറിയിരുന്നു.  പണ്ട് താമസിച്ച വീട് കണ്ടുപിടിച്ചു. ഓർമ്മകൾ തിരയടിച്ചെത്തുകയായിരുന്നു. അതും മറ്റൊരു ദേശത്ത്.’’

ഒരാൾ ജനിച്ചു വളർന്ന നാടാണ് മാതൃദേശമെങ്കിൽ ഇവരിൽപ്പലരുടെയും മാതൃഭൂമി ആഫ്രിക്കയാവും. ആദ്യത്തെ ഓർമ്മകൾ മുഴുവൻ ആ മണ്ണിലാണ്. കാറ്റും മഴയും മണങ്ങളും കാഴ്ചകളും അവിടത്തേതാണ്. രുചികൾ ആ ദേശത്തേതാണ്. ഗൃഹാതുരത ഇവർ അനുഭവിക്കുന്നത് അല്പം സങ്കീർണമായാണ്.

ആഫ്രിക്കൻ മക്കളിൽ ഒരാളും ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനുമായ മാത്യു ഫിലിപ്പിന് പറയാനുള്ളത് മരണത്തിന്റെ തണുപ്പുള്ള ഒരു ഓർമ്മയാണ്:

‘‘1964 ഒക്ടോബർ. ഞാൻ ടാൻസാനിയയിലെ ഡാർ-എസ് സലാമിലുള്ള സെയ്‌ന്റ് ജോസഫ്‌സ് കോൺവെന്റ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം ഒരു ദൂതൻ ഞങ്ങളുടെ ക്ലാസ് മുറിയിൽ വന്നു. പ്രിൻസിപ്പലിനെ ഉടൻ കാണാൻ എന്നോട് അധ്യാപകൻ പറഞ്ഞു. എനിക്ക് അപ്പോൾ 10 വയസ്സായിരുന്നു.   അവിടത്തെ ടെക്‌നിക്കൽ കോളേജിൽ ബർസറായി ജോലിചെയ്യുകയായിരുന്ന എന്റെ പിതാവ് പി.എം. ഫിലിപ്പ് മരിച്ചു എന്ന് പ്രിൻസിപ്പൽ എന്നോടു പറഞ്ഞു. ഞാൻ ജീവിച്ച ലോകം തകർന്നു. ഞാൻ കണ്ടിരുന്ന സ്വപ്നങ്ങൾ പൊലിഞ്ഞു. അച്ഛനെ അവിടെ കിനോൻണ്ടോണിയിൽ ഡാർ-എസ് സലാമിലെ സെമിത്തേരിയിൽ സംസ്കരിച്ചു. ശേഷിച്ച കുടുംബം ഇന്ത്യയിലേക്കു മടങ്ങി, ഞങ്ങളുടെ ജീവിതം മാറി. അക്കാലത്ത്, ഡാർ-എസ് സലാമിൽനിന്ന് ബോംബെവരെ 15 ദിവസത്തെ കപ്പൽ യാത്രയും ബോംബെയിൽനിന്ന് കേരളത്തിലേക്ക് സ്റ്റീം ട്രെയിനിൽ മൂന്നു ദിവസത്തെ യാത്രയും വേണ്ടിയിരുന്നു. ഡാർ-എസ് സലാമിലെ മലയാളികൾ അച്ഛനുവേണ്ടി ഒരു ശവകുടീരം പണിതു. അതിന്റെ ഒരു ഫോട്ടോ അവർ ഞങ്ങൾക്ക് അയച്ചു തന്നു...’’

 -മാത്യു ഫിലിപ്പിന്റെ ഓർമ്മകൾ തുടരുകയാണ്:

‘‘ബാങ്കിലെ രേഖകളിൽ  ഡാർ-എസ് സലാമിൽ ഉള്ള അദ്ദേഹത്തിന്റെ പേര് മാത്യു സക്കറിയ (അനുഗ്രഹം) എന്നായിരുന്നു. ഗൃഹാതുരമായ ഓർമ്മകൾ തിരിച്ചുവന്നു.  ഞാൻ അദ്ദേഹത്തിന് ഒരു നീണ്ട കത്ത് എഴുതി. അദ്ദേഹം  സെമിത്തേരിയിൽ പോയി അച്ഛന്റെ ശവകുടീരം കണ്ടെത്തി. ചുറ്റും കുറ്റിച്ചെടികളുണ്ടായിരുന്നു. ശവകുടീരത്തിലെ കുരിശ് വീണുപോയിരുന്നു. അദ്ദേഹം കുരിശ് കല്ലറയിൽ ഉറപ്പിച്ചു.  പൂക്കൾ അർപ്പിച്ചു, കല്ലറയിൽ മെഴുകുതിരികൾ കത്തിച്ചു, എന്റെ പ്രിയപ്പെട്ട പിതാവിന്റെ ആത്മാവിനായി പ്രാർഥിച്ചു. അവർ ടാൻസാനിയയിൽ ഉള്ളിടത്തോളം, എല്ലാ വർഷവും ജൂലായ്‌ 13-ന് അവർ കല്ലറയിൽപ്പോയി പ്രാർഥിക്കുമെന്ന് അദ്ദേഹം എനിക്ക് എഴുതി...’’

അച്ഛൻ മയങ്ങുന്ന ഡാർ -എസ് സലാം മണ്ണിലേക്കുകൂടിയാണ് മാത്യുഫിലിപ്പിന്റെ യാത്ര. ആ മണ്ണിൽ തനിച്ച് എത്ര മഴകൾ ആ അപ്പൻ കൊണ്ടിരിക്കണം, വെയിലും മഞ്ഞുമേറ്റിരിക്കണം. അപ്പനുറങ്ങുന്ന ഭൂമി ഫിലിപ്പിന് ഇപ്പോൾ സ്വന്തം നാടുതന്നെയാണ്.

ഡാർ-എസ് സലാം എന്ന ഒരു കഥ തന്നെ എംടി എഴുതിയിട്ടുണ്ട്. മേജർ ഫ്രെഡറിക് മുകുന്ദനും മിസിസ് റീത്താ മകുന്ദനും... പടിഞ്ഞാറൻ കടൽക്കരയിലെ ക്ഷയിച്ച നഗരത്തിലെ മനുഷ്യരും സായാഹ്നങ്ങളും... ഡാർ-എസ് സലാം... അഥവാ ശാന്തിയുടെ സങ്കേതം... ഈ ആഫ്രിക്കൻ മക്കൾ അവിടെ കാലത്തെ ഓർത്ത് കടൽക്കാറ്റേൽക്കും.മറുദേശത്തിന്റെ സ്നേഹത്തിന്റെ മാന്ത്രികതയെ പറ്റിത്തന്നെയാണ് ഓലഞ്ചേരി മഠത്തിൽ ശ്രീകുമാർ മേനോനും പറയാനുള്ളത്:

‘‘ബാഗമോയോ ജില്ലയിലെ കിറ്റമേ സാൾട്ട് വർക്ക്‌സ്. അവിടെയാണ് എന്റെ ജീവിതം തുടങ്ങിയത്. സാദനി വന്യജീവി മേഖലയുടെ തെക്കേ അറ്റത്താണ് ഉട്ടോണ്ട്വെ (ബീച്ച് കുറ്റിക്കാടുമായി സന്ധിക്കുന്ന സ്ഥലം എന്നർഥം). ബാഗമോയോയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് കിറ്റമേ സാൾട്ട് വർക്ക്‌സ്, വനത്തിലൂടെയുള്ള പരുക്കൻറോഡിലൂടെ വർഷത്തിൽ ആറുമുതൽ ഏഴുമാസംവരെ മാത്രമേ കടന്നുപോകാൻ കഴിയൂ. കുറെ വർഷങ്ങൾ എനിക്ക്‌ സാൾട്ട് വർക്ക്‌സിന്റെ ഉത്തരവാദിത്വമുണ്ടായിരുന്നു.തൊഴിലാളികളിൽ പലരും ഉപ്പ് മോഷണത്തിൽ ഏർപ്പെട്ടു, പരസ്പരം പോരാടി, അവിഹിത/അവിശുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. അതിനാൽ, ദൈവത്തെക്കുറിച്ച് അവരുടെ മനസ്സിൽ വിശ്വാസം വളർത്താനും അവരെ നന്മയിലേക്ക് തിരിയാൻ പ്രേരിപ്പിക്കാനും ഞാൻ അവരോട് പ്രസംഗിക്കാൻ തുടങ്ങി. ഒട്ടേറെ മാസത്തെ പരിശ്രമത്തിനുശേഷം, തൊഴിലാളികൾതന്നെ രണ്ട് താത്‌കാലിക ഷെഡുകൾ നിർമിച്ചു. അത് മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആരാധനാലയങ്ങളായി മാറി’’ -മേനോൻ ഓർത്തെടുക്കുന്നു.സ്നേഹം തീവ്രപ്രണയമായി മാറിയതിന്റെയും ചിലരെ ആഫ്രിക്കയിൽത്തന്നെ തുടരാൻ പ്രേരിപ്പിച്ചതിന്റെയും കഥ ആഫ്രിക്കൻ മക്കളിൽ ഒരാളായ ജീവൻ മേനോനും പറയാനുണ്ട്:

‘‘ഡാറിലെ ജീവിതം, പ്രത്യേകിച്ച് ഓഫീസിൽ, വിരസവും ഏകാന്തമായിരുന്നു. ഓഫീസ് പ്രണയങ്ങൾ, തീർച്ചയായും വളരെ കുറഞ്ഞതും മാന്യതയിൽ മാത്രം ഒതുങ്ങിയതുമായിരുന്നു.പക്ഷേ, ഒരു ആഫ്രിക്കൻ പെൺകുട്ടി തന്റെ വിവാഹനിശ്ചയം ഒരു ദിവസം പ്രഖ്യാപിച്ചു.  അവന്റെ പേര് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ആശയക്കുഴപ്പത്തിലായി. ചങ്കോംബെയിൽ എന്നോടൊപ്പം താമസിച്ചിരുന്ന ഞങ്ങളുടെ മലയാളി സുഹൃത്തുക്കളിൽ ഒരാളായിരുന്നു അത്. എന്നാൽ, അവർ വിവാഹം കഴിച്ച് ഡാർ-എസ് സലാമിൽ സന്തോഷത്തോടെ താമസിച്ചു. എന്റെ സുഹൃത്ത് മരണംവരെ ഇന്ത്യയിലേക്ക് മടങ്ങിയില്ല. അവന്റെ മകൾ ഡാർ-എസ് സലാമിൽ തന്നെയുണ്ട്, മലയാളിത്തം തുളുമ്പുന്ന പേരുമായി’’. 

 ഡാർ-എസ് സലാമിൽച്ചെന്ന് ജീവൻ മേനോൻ അവളെക്കാണും. അവളിലൂടെ തന്റെ സുഹൃത്തിനെക്കാണും. തിരിച്ചുവരാത്ത കാലത്തിന്റെ ഒരുപാട് തിരമാലകൾ അപ്പോൾ അവർക്കിടയിൽ സ്നേഹത്തിന്റെ നുരകളാവും.

‘‘പണ്ടൊക്കെ കപ്പൽമാത്രമായിരുന്നു മാർഗം. അപരിചിതരായ യാത്രക്കാരായി കയറുന്ന ഞങ്ങൾ 15 ദിവസത്തെ യാത്രയ്ക്കുശേഷം അടുത്ത സുഹൃത്തുക്കളായാണ് കപ്പലിറങ്ങുക’’ - പ്രേം സി. നായർ ഓർക്കുന്നു. ടാൻസാനിയയിലെ അധ്യാപകനായി ജോലിചെയ്തശേഷം സൈനിക് സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. ഈ യാത്രയും അതേപോലെത്തന്നെ. അപരിചിതരായല്ല ഒരമ്മയുടെ മക്കളായി. 

റോയ് എബ്രഹാം പറയുന്ന കഥ ഒരു പക്ഷേ, ഈ ഡിജിറ്റൽ യുഗത്തിൽ നമ്മളെ ഞെട്ടിക്കുന്ന ഒന്നായിരിക്കും: ‘‘2019-ൽ, എന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ഞാനും എന്റെ രണ്ട് സഹോദരന്മാരും ജനിച്ച തബോറയിലേക്ക് കൊണ്ടുപോയി. പള്ളി, സ്കൂളുകൾ, ആശുപത്രി, ഞങ്ങൾ അവസാനം താമസിച്ചിരുന്ന വീട് എന്നിവ അവർക്ക് കാണിച്ചുകൊടുത്തു. തബോറയിലെ ബിഷപ്പിനെ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. തബോറയിൽ ആയിരുന്നു എന്റെ മാമോദീസ. ഞങ്ങളുടെ മാമോദീസ സർട്ടിഫിക്കറ്റുകൾ കാണാൻ കഴിയുമോ എന്ന് ബിഷപ്പിനോട് അന്വേഷിച്ചു. ഓഫീസിലെ ഒരു ഉദ്യോഗസ്ഥനോട് ആ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരാൻ പറഞ്ഞു. ഞൊടിയിടയിൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്, അയാൾ ഫയലുമായി എത്തി. ഇന്നത്തെ ഒരു ഡിജിെെറ്റസ് ചെയ്ത ഓഫീസിൽനിന്ന്‌ ഒരു രേഖ കിട്ടുന്നതിലും വേഗത്തിൽ ആയിരുന്നു അത്. അത്രയ്ക്കും കൃത്യത. വേഗംകണ്ട് ഞങ്ങൾ സ്തബ്ധരായി. അവ ഡിജിറ്റൈസ് ചെയ്തിട്ടില്ലായിരുന്നു. മറിച്ച് ശ്രദ്ധാപൂർവം ക്രമത്തിൽ ഫയൽ ചെയ്തുവെച്ചതായിരുന്നു.  ഞങ്ങളുടെ കസിൻസിന്റെ സർട്ടിഫിക്കറ്റുകൾ പോലും ഞങ്ങൾ കണ്ടു’’ -റോയ് പറഞ്ഞു. ജീവന്റെയും വിശ്വാസത്തിന്റെയും രേഖകൾ മറുനാട്ടിൽവെച്ച് കണ്ട് ആ കുടുംബം നിർനിമേഷരായി നിന്നു. 

ആഫ്രിക്ക തന്റെ ഗർഭത്തിൽ ഒളിപ്പിച്ചിരിക്കുന്ന വജ്ര ഖനികളെക്കാൾ തിളക്കമുള്ള ഓർമ്മകളാണ് ഈ മക്കളെ അവിടെ കാത്തിരിക്കുന്നത്. ചിലർ പഠിച്ച സ്കൂൾ കാണാൻ ആഗ്രഹിക്കുമ്പോൾ, ചിലർക്ക് കാണേണ്ടത് ജനിച്ച ആശുപത്രിയാണ്. പണ്ടത്തെ അയൽക്കാർ, കൂട്ടുകാർ, കണ്ടുമറന്ന കാഴ്ചകൾ, കേട്ടുമറന്ന ഈണങ്ങൾ. സ്വാഹിലി ഭാഷയിൽ പറഞ്ഞാൽ ‘kaka aliyezaliwa na mama mwingine’ അഥവാ മറ്റൊരു അമ്മയിൽ പിറന്ന എന്റെ സഹോദരർ... 

ശുഭയാത്ര നേരുന്നു

Content Highlights: 64 Malayalis travel to Africa where they were born and brought up