മലരിക്കലില്‍ വീണ്ടും ആമ്പല്‍ വസന്തം, പറന്നെത്തി സഞ്ചാരികള്‍; വരുമാനം 1കോടിയിലേറെ

ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി

തിവു തെറ്റാതെ കോട്ടയം മലരിക്കലില്‍ ആമ്പലുകള്‍ പൂവിട്ടുതുടങ്ങി. ആമ്പല്‍ വസന്തം കാണാന്‍ സഞ്ചാരികള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ മലരിക്കല്‍ വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 3 മാസം കൊണ്ട് മാത്രം ഒരു കോടിയിലേറെ രൂപയാണ് പ്രദേശത്ത് നിന്ന് ലഭിച്ചതെന്നാണ് മലരിക്കല്‍ ടൂറിസം സൊസൈറ്റിയുടെ കണക്ക്. പ്രദേശവാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

പാര്‍ക്കിങ് ഫീസ്, പൂ വില്‍പന, വള്ളത്തില്‍ യാത്ര ചെയ്യാനുള്ള ഫീസ് എന്നിങ്ങനെയാണു വരുമാനം. ഇത് നേരിട്ട് പ്രദേശവാസികള്‍ക്ക് തന്നെ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ പകുതി വരെയാണു മലരിക്കല്‍ ആമ്പല്‍ വസന്തം. ഇത്തവണ സെപ്റ്റംബര്‍ 30 വരെ ആമ്പല്‍ക്കാഴ്ചകള്‍ ഉണ്ടാവും. തൊട്ടടുത്ത തിരുവായ്ക്കരി പാടത്താണ് ഏറ്റവും കൂടുതല്‍ ആമ്പലുകളുള്ളത്. 

ഒക്ടോബര്‍ 15 വരെ അവിടെ വള്ളങ്ങളില്‍ ആമ്പല്‍പ്പാടം സന്ദര്‍ശിക്കാനാകും. 120 വള്ളങ്ങള്‍ ഈ വര്‍ഷം മലരിക്കല്‍ ടൂറിസം സൊസൈറ്റിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറിന് ഒരാള്‍ക്ക് 100 രൂപയാണു പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ കൂടുതല്‍ ദൂരം പോകണമെങ്കില്‍ 1000 രൂപ നിരക്കില്‍ വള്ളം ലഭിക്കും.

തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകള്‍ വിരിയുന്നത്. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുടങ്ങുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂ വിരിയുന്നത്‌. ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെ നെല്‍കൃഷിയായിരിക്കും. രാവിലെ 6 മുതല്‍ 10 വരെയാണു മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. പത്തുമണിക്ക് ശേഷം പൂക്കള്‍ വാടും.

എങ്ങനെ എത്താം

കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തി തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാല്‍ കാഞ്ഞിരം മലരിക്കലില്‍ എത്തിച്ചേരാം. 

Content Highlights: water lily festival begins in Kottayam malarikkal