കരീബിയന്‍ ദ്വീപില്‍ അവധി ആഘോഷിച്ച് വിരാട് കോലിയും അനുഷ്‌കയും

Photo: instagram.com/p/CwEbWBGo-PW/?hl=en
Photo: instagram.com/p/CwEbWBGo-PW/?hl=en

ദ്വീപ് രാജ്യമായ ബാര്‍ബഡോസില്‍ അവധിക്കാലം ചിലവഴിക്കുകയാണ് താരദമ്പതികളായ വിരാട് കോലിയും അനുഷ്‌ക ശര്‍മയും. വിരാട് കോലിയാണ് ബാര്‍ബഡോസ് യാത്രയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അനുഷ്‌കയോടൊപ്പം ബാര്‍ബഡോസിലെ ഒരു കഫേയില്‍ നിന്നുള്ള ചിത്രമാണ് വിരാട് പോസ്റ്റ് ചെയ്തത്. കഫേയിലെ മെനു ബോര്‍ഡിന്‌ മുന്നില്‍ നിന്നാണ് വിരാടിന്റെയും അനുഷ്‌കയുടെയും പോസ്. തങ്ങള്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ ഭക്ഷണം ഇവിടെ നിന്നാണെന്നും ബാര്‍ബഡോസില്‍ എത്തിയാല്‍ നിര്‍ബന്ധമായും ഈ കഫേയില്‍ എത്തണമെന്നുമുള്ള കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു. 

തെക്കുകിഴക്കന്‍ കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ടമാണ് ബാര്‍ബഡോസ്. കരീബിയന്‍ തീരത്തെ ബീച്ചുകള്‍ തന്നെയാണ് ബാര്‍ബഡോസിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒപ്പം എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന വിസ്മയങ്ങളും ബാര്‍ബഡോസ് കരുതിവെച്ചിട്ടുണ്ട്. അതിവിശിഷ്ടമായ ഭക്ഷണങ്ങളും ചരിത്രപ്രാധാന്യം നിറഞ്ഞ യുനസ്‌കോ പൈതൃക കേന്ദ്രങ്ങളും സാഹസിക വിനോദങ്ങളുമെല്ലാമായി ഒരു സമ്പൂര്‍ണ പാക്കേജാണ് ബാര്‍ബഡോസ്.

വ്യത്യസ്മായ എണ്‍പതോളം ബീച്ചുകളാണ് ഈ കുഞ്ഞു രാജ്യത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. തീരങ്ങള്‍ മാറുന്നതിനനുസരിച്ച് കടലിന്റെ പ്രകൃതിയും മാറുന്നു. സര്‍ഫിങ്ങിന് ഏറ്റവും യോജിച്ച ബീച്ചുകളാണ് പലതും. സ്‌നോര്‍കലിങ്ങിനും സ്‌കൂബ ഡൈവിങ്ങിനും എത്തുന്നവരും നിരവധിയാണ്. മനോഹരമായ താഴ്‌വാരങ്ങളും കുന്നുകളും ദ്വീപിലുണ്ട്. റമ്മിന്റെ ജന്മദേശമെന്ന വിളിപ്പേരും ബാര്‍ബഡോസിന് സ്വന്തമാണ്. ലോകത്തിലെ ഏറ്റവും മികച്ച റം ഉത്പാദിപ്പിക്കുന്നത് ബാര്‍ബഡോസിലാണെന്നാണ് സങ്കല്‍പം. 

 ആഡംബരങ്ങള്‍ നിറഞ്ഞതും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമായ നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്. രുചികരമായ കടല്‍ വിഭവങ്ങളാണ് ഈ ഹോട്ടലുകളിലെ പ്രധാന സവിശേഷത. ധാരാളം സാംസ്‌കാരിക ഉത്സവങ്ങളും ഇവിടെ നടക്കാറുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാമെന്നതാണ് ബാര്‍ബഡോസിന്റെ പ്രത്യേകത. പ്രമുഖ ട്രാവല്‍ ഏജന്‍സികളെല്ലാം ബാര്‍ബഡോസിലേക്ക് ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്.

Content Highlights: Virat Kohli-Anushka Sharma share pic from Barbados vacation