കാലിഡോസ്കോപ്പ് പോലെ ഭൂപ്രകൃതി, പുത്തൻ ഹിന്ദി പാട്ടുകൾ മൂളുന്ന ജനങ്ങൾ; താജിക്കിസ്താനിലൂടെ

#ആനന്ദ് കുമാർ
താജിക്കിസ്താനിൽ നിന്നൊരു കാഴ്ച | ഫോട്ടോ: ആനന്ദ് കുമാർ
താജിക്കിസ്താനിൽ നിന്നൊരു കാഴ്ച | ഫോട്ടോ: ആനന്ദ് കുമാർ

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പാമിർ ഞങ്ങൾക്കു മുന്നിൽ ഒരു പട്ടുപോലെ പരന്നുകിടന്നു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മലനിരകൾ, മാനത്ത് പാറിനടക്കുന്ന മേഘക്കൂട്ടങ്ങൾ. താഴെ പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങൾ, അവിടെ മേയുന്ന അസംഖ്യം കന്നുകാലികൾ. മധ്യേഷ്യയിലെ സുന്ദരിയായ താജിക്കിസ്താനിലായിരുന്നു ഞങ്ങൾ എട്ടുപേർ. കാഴ്ചയുടെ ലോകത്ത് വിസ്മയിച്ചുനിൽക്കുമ്പോൾ പുറകിൽ നിന്നൊരു ശബ്ദം. “ഞങ്ങളുടെ ഹീറോ മിഥുൻ ചക്രബർത്തിയുടെ നാട്ടുകാർക്ക് സ്വാഗതം'. നിറഞ്ഞ പുഞ്ചിരിയോടെ ഒരു ബാലൻ ഞങ്ങളെ താജിക്കിസ്താന്റെ മണ്ണിലേക്ക് ക്ഷണിച്ചു.

ഇക്കഴിഞ്ഞ ജൂലായിലായിരുന്നു താജിക്കിസ്താൻ യാത്ര. ആകാശത്തെ എത്തിപ്പിടിക്കാൻ കൈനീട്ടുന്ന പാമിർ മലനിരകളുടെ നാട്ടിലേക്ക്. അഫ്ഗാനിസ്താൻ അതിർത്തിയിലൂടെ പതിയേ ഞങ്ങൾ മുന്നോട്ടുപോയി. ചെമ്മണ്ണ് നിറഞ്ഞ വഴികൾ, കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന വയലുകൾ, മേലെ മേഘത്തിന്റെ നിറഭേദങ്ങൾ താഴെ വയലുകളിൽ തെളിയുന്നു. ദൂരെ നിന്ന് നോക്കിയാൽ ആകാശംമുട്ടുന്ന കാൻവാസിൽ ചിത്രകാരൻ കോറിയിട്ടതു പോലെ വയലും ഭൂപ്രകൃതിയും തിളങ്ങിനിൽക്കും. ആ ദൃശ്യഭംഗി വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഒരു ചെറുകാറ്റടിച്ചാൽ നട്ടുച്ചയ്ക്കും കുളിരുകോരുന്ന അനുഭവം. മണ്ണിന്റെ മണംപോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.

മലനിരകളുടെ നാട്ടിൽ... | ഫോട്ടോ: ആനന്ദ് കുമാർ

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു താജിക്കിസ്താൻ. സോവിയറ്റ് യൂണിയൻ തകർന്നതോടെ 1991-ൽ സ്വതന്ത്ര റിപ്പബ്ലിക് ആയി. അഫ്ഗാനിസ്താനും കിർഗിസ്താനും ഉസ്ബെക്കിസ്താനുമാണ് പ്രധാന അയൽക്കാർ. മലനിരകളുടെ നാടായ താജിക്കിസ്താൻ അതിർത്തിയുടെ ഒരുഭാഗം ചൈനയെ സ്പർശിച്ചുകൊണ്ടുപോകുന്നു. ജനങ്ങളിൽ ഭൂരിഭാഗവും താജിക് വംശജരാണ്. ഉസ്ബെക്, റഷ്യൻ വംശജരുമുണ്ട്. താജിക് ആണ് പ്രധാന ഭാഷ, ചെറിയ വീടുകളാണ് എല്ലായിടത്തും. അവ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കോൺക്രീറ്റ് വീടുകൾ കുറവാണ്. റൊട്ടിയും ഇറച്ചിയും പച്ചക്കറികളു മാണ് താജിക്കിസ്താനിലെ പ്രധാന ഭക്ഷണം.

പാമിർ പ്രദേശത്താണ് ഒരാഴ്ചയോളം ഞങ്ങൾ താമസിച്ചത്. ഒരു കാലിഡോസ്കോപ്പ് പോലെയായിരുന്നു അവിടത്തെ ഭൂപ്രകൃതി. എങ്ങും പച്ചയും മഞ്ഞയും നീലയും കലർന്ന വർണങ്ങൾ. ത്രിസന്ധ്യ അവിസ്മരണീയം. തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ആദ്യദിവസം പ്രധാന ജില്ലയായ ദർവാസിലാണ് കഴിഞ്ഞത്. പിറ്റേന്ന് പഞ്ച് നദിക്കരയിലൂടെയായിരുന്നു യാത്ര. അഫ്ഗാനിസ്താൻ അതിർത്തിയെ തൊട്ടുരുമ്മിപ്പോകുന്ന പാതകൾ. സുരക്ഷാകാരണങ്ങളാൽ അതിർത്തിയിൽ ക്യാമറയ്ക്ക് നിരോധനമായിരുന്നു. കോറോഗ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

പഞ്ച് നദിയുടെ അപ്പുറമുള്ള ഗ്രാമം | ഫോട്ടോ: ആനന്ദ് കുമാർ

ഞങ്ങൾ ഗ്രാമക്കാഴ്ചകൾ കാണാനിറങ്ങി. വഴിയോര കച്ചവടങ്ങൾ ഉടനീളം കാണാം. ഹൃദ്യമായ ചെറിയ റെസ്റ്റോറന്റുകൾ. അവിടെ അടുക്കളയിൽ ഈ മധ്യേഷ്യൻ രാജ്യത്തിന്റെ തനത് വിഭവങ്ങൾ ഒരുങ്ങുന്നു. കച്ചവടക്കാരിൽ ചിലരോട് സംസാരിച്ചു. ചിലർക്ക് ഹിന്ദി അറിയാം. പേർഷ്യൻ ഭാഷയ് ക്കും ഇവിടെ പ്രചാരമുണ്ട്. ആകെയുള്ള ഒരുകോടി ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാണ്.

പിറ്റേന്ന് ഞങ്ങൾ ഇസ്ക്യാഷിലേക്ക് തിരിച്ചു. രാത്രി സുഖകരമായ തണുപ്പ്. ജനലിലൂടെ നോക്കുമ്പോൾ പുറത്ത് നക്ഷത്രങ്ങൾ പൂത്തുലയുന്ന ഗോപുരങ്ങൾ കാണാം. 13-ാംനൂറ്റാണ്ടിൽ ലോകസഞ്ചാരിയായ മാർക്കോപോളോ ഇതുവഴി കാൽനടയായി വന്നിട്ടുണ്ടെന്ന് ചരിത്രരേഖകൾ പറയുന്നു. പ്രാചീന ഗുഹാൻ രാജവംശം നിർമിച്ച ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ബിബി ഫാത്തിമ എന്നപേരിൽ ഒരു ഉഷ്ണജലസ്രോതസ്സും കണ്ടു.

സൊരാസ്ട്രിയൻ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ | ഫോട്ടോ: ആനന്ദ് കുമാർ

ഈ നാടിന് ഇന്ത്യയുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ടാഗോറിന്റെ "ഗീതാഞ്ജലി' തുടക്കകാലം മുതൽ താജിക്കിസ്താനെ ആകർഷിച്ചിരുന്നു. താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷാൻബെയിൽ വിമാനമിറങ്ങി പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ടത് ടാഗോറിന്റെ പ്രതിമയാണ്. 2015-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് അനാച്ഛാദനം ചെയ്തത്. ഹിന്ദി സിനിമയാണ് താജിക്കിസ്താനെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു ഘടകം. രാജ്കപൂറിലൂടെ, മിഥുൻ ചക്രബർത്തിയിലൂടെ വളർന്ന ആ ബന്ധം ഇപ്പോൾ ഷാരൂഖ് ഖാനിലും ആമിർ ഖാനിലും എത്തിനിൽക്കുന്നു.

തലസ്ഥാനമായ ദുഷാൻബെ ഒഴിച്ചാൽ മറ്റു പ്രദേശങ്ങൾ പൂർണമായും ഗ്രാമീണ അന്തരീക്ഷത്തിലാണ്. പാമിർ പ്രദേശത്താകട്ടെ നോക്കെത്താദൂരത്ത് വയലുകൾ കാണാം. ജൈവവളങ്ങളിൽ വളരുന്ന പച്ചക്കറികളാണ് ജനങ്ങൾക്ക് ഇഷ്ടം. റോഡുകൾ അത്ര മെച്ചമല്ല. അതിനാൽ ഗതാഗതം കുറവാണ്. സൈക്കിളാണ് ജനങ്ങളുടെ പ്രിയമേറിയ ചെറുവാഹനം. കുതിരവണ്ടികൾ ചിലപ്പോൾ കാണാം.നിഷ്കളങ്കരായ ചില കുരുന്നുകൾ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേർന്നു. തങ്ങളുടെ രാജ്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം അവർ പറഞ്ഞുതന്നു. വീടുകളിലെ സ്ത്രീകളും സംസാരത്തിൽ പങ്കുചേർന്നു. ചെറുപ്പക്കാർക്കും കുട്ടികൾക്കും ഇംഗ്ലീഷ് അറിയാം. അതിനാൽ സംഭാഷണം സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവിടെയുള്ളവർ. എല്ലായിടങ്ങളിലും വിദ്യാലയങ്ങൾ കാണാം. ആവശ്യമുള്ളവർക്ക് ഹിന്ദി ക്ലാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള യാത്രയിൽ ഉടനീളം നൂറുകണക്കിന് അഫ്ഗാൻ നാടോടികളെ കണ്ടു. യാത്രയിൽ 12000-ത്തോളം അടി ഉയരമുള്ള ഒരു ചുരത്തിൽ എത്തി. അവിടെനിന്നാൽ ഹിന്ദുക്കുഷ് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം.

പാമിർ ഹൈവേയിലെ മുസ്ലിംപള്ളി | ഫോട്ടോ: ആനന്ദ് കുമാർ

അതിസുന്ദര ഗ്രാമമായ ബുലുങ്കലിലേക്കാണ് പിന്നീട് പോയത്. 12000 അടിയിൽ കൂടുതൽ ഉയരമുള്ള ഗ്രാമമാണിത്. നാടൻ ഭക്ഷണവും പലഹാര ങ്ങളുമായി നാട്ടുകാർ ഞങ്ങളെ സ്വാഗതം ചെയ്തു. പാമിർ മേഖലയിലെ കുട്ടികളും സ്തീകളും സൗന്ദര്യമുള്ളവരാണ്. സ്ത്രീകൾ അധികം സംസാരത്തിനില്ലെങ്കിലും ആരെയും ആകർഷിക്കുന്ന അവരുടെ ആതിഥ്യമര്യാദ നമ്മളിൽ വലിയ മതിപ്പ് ഉളവാക്കും. യാത്രയുടെ അവ സാനദിവസം വിച്ച്കൂട്ട് ഗ്രാമത്തിലായിരുന്നു. അതിമനോഹര​​ഗ്രാമം. സ്നേഹസമ്പന്നരായ നാട്ടുകാർ. മടങ്ങുമ്പോൾ ആ ഗ്രാമത്തിലെ വീടിന്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളെ കണ്ടു. അവിശ്വസനീയമെന്നു തോന്നാം, അവരുടെ ചുണ്ടുകളിൽ നിറയെ പുതിയ ഹിന്ദി സിനിമയിലെ പാട്ടുകളാ യിരുന്നു.

ബോളിവുഡിന്റെ സ്വന്തം നാട്

ഹിന്ദിസിനിമാലോകം താജിക്കിസ്താന് എന്നെന്നും ആവേശമായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ മുതൽ തുടങ്ങിയ ആവേശമാണ് അത്. "ആവാരാ ഹൂം...' പാടിനടന്ന രാജ്കപൂറിന്റെ ചിത്രം താജിക്കിലെ സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നുമുണ്ട്. കാലം പോകെപ്പോകെ മിഥുൻ ചക്രബർത്തിയും ഷാരൂഖ് ഖാനും ആ സ്ഥാനം ഏറ്റെടുത്തു.

മിഥുൻ ചക്രബർത്തി ആരാധകർക്കൊപ്പം

ഓരോ വർഷവും ഏതാണ്ട് അറുനൂറിലധികം ഹിന്ദി സിനിമകൾ താജിക് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ആമിർ ഖാന്റെ "മംഗൽ പാണ്ഡെ; ദ റൈസിങ്' സിനിമയുടെ ചില ഭാഗങ്ങൾ താജിക്കിസ്താനിലാണ് ചിത്രീകരിച്ചത്.

(മാതൃഭൂമി യാത്രയിൽ 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

യാത്ര വാങ്ങാം

Content Highlights: Tajikistan Travel, Peoples of Tajikistan, Bollywood and Tajikistan, Tajikistan Movie Locations