വയനാടൻ അവധിക്കാലം ആഘോഷമാക്കി ടോവിനോ, കാറ്റുകുന്ന് കയറ്റം റീൽസാക്കി നടൻ

Photo: instagram.com/tovinothomas
Photo: instagram.com/tovinothomas

വയനാടിന്റെ പ്രകൃതി ഭംഗിയിലലിഞ്ഞ് ഒരു അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം ടോവിനോ തോമസ്. വയനാടന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ടോവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വയനാട്ടിലെ പ്രശസ്തമായ ബാണാസുര ഹില്‍സ് കയറുന്നതിന്റെ വീഡിയോയാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. കാറ്റുകുന്ന് കയറുന്നതും അവിടെ നിന്നുള്ള വ്യൂ പോയന്റുമെല്ലാം ടോവിനോയുടെ റീലില്‍ കാണാം.

മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ബാണാസുരന്‍ കോട്ട

മഞ്ഞിനെയും മഴയെയും പ്രണയിക്കുന്നവര്‍ക്ക് എന്നും വിസ്മയമാണ് ബാണാസുര മലനിരകള്‍. ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിന്റെയും സാഹസിക വിനോദ സഞ്ചാരത്തിന്റെയും വയനാടന്‍ ഭൂപടത്തില്‍ എന്നോ ഇടം പിടിക്കേണ്ടിയിരുന്ന ഈ മലനിരകള്‍ കാഴ്ചകളുടെയും കലവറയാണ്. നേരെ എതിര്‍വശത്തായുള്ള ചെമ്പ്രമലയിലേക്ക് കാഴ്ചകള്‍ കൂര്‍പ്പിക്കുന്ന ബാണാസുര സാഹസിക സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ്. 

സഞ്ചാരികള്‍ക്കായി ബാണാസുരമലയില്‍ ഇപ്പോള്‍ റിസോര്‍ട്ടുകളുമുണ്ട്. ഇവിടെ തങ്ങി കാഴ്ചകള്‍ മതിവരുവോളം ആസ്വദിക്കാം. മഴയോടൊപ്പം കോടമഞ്ഞും തണുപ്പും  തൊട്ടറിയാം. പശ്ചിമഘട്ടത്തിന്റെ വശ്യതയില്‍ സായ്ഹാനങ്ങളും പുലര്‍കാലങ്ങളും ആസ്വദിക്കാം. ബപ്പനം വഴിയും ആലക്കണ്ടി, പുളിഞ്ഞാല്‍ വഴിയും ബാണാസുരമലയിലേക്ക് പ്രവേശിക്കാം. മലയുടെ പകുതിയോളം വരുന്ന ഭാഗങ്ങളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. വാളാരം കുന്നാണ് ഏറ്റവും ഉയരത്തിലുള്ള ജനവാസ മേഖല. ഇവിടെ നിന്ന് മുകളിലോട്ട് കയറണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിന് താഴേക്കുള്ള  സ്ഥലങ്ങള്‍ തന്നെ ഏറെ ആകര്‍ഷകമാണ്. 

അരുവികളും നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകള്‍ പിന്നിടണം. ബാണാസുരന്റെ സാങ്കല്പ്പികമായ കോട്ടകൊത്തളങ്ങളുടെ പ്രൗഡിയിലാണ് ഈ ഗിരിപര്‍വ്വതം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞുനിര്‍ത്തി താഴ്വാരങ്ങളെ മഴയില്‍ കുളിപ്പിക്കുന്നതും ഈ മലനിരകളാണ്. കുത്തനെയുള്ള മലനിരകളെ പിന്നിട്ട് താഴേക്ക് പതിക്കുന്ന കാട്ടരുവികള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ മാത്രമുള്ള മലയോരങ്ങള്‍, കാറ്റ് വീശുന്ന കുന്നിന്‍ മുനമ്പുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ബാണാസുരമലനിരകള്‍. പകല്‍ സമയങ്ങളിലും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന ഉറക്കം ചോലയെന്ന ചോലവനവും ആകര്‍ഷകങ്ങളാണ്. 

കാഴ്ചകളുടെ മലയോരം

മഴക്കാലത്തും മഞ്ഞുകാലത്തും വേനല്‍ക്കാലത്തുമെല്ലാം ബാണാസുരമലയ്ക്ക് വിഭിന്ന ഭാവങ്ങളാണ്. വയനാടന്‍ ഭൂതലത്തിന്റെ പൂര്‍ണ്ണമായതും വിശാലമായതുമായ കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്ന അനേകം പോയിന്റുകളാണ് ഈ മലയുടെ വേറിട്ട കാഴ്ചകള്‍. ഇടവിട്ട് പുല്‍മേടുകളും ചോലവനങ്ങളുമുണ്ട്. കത്തുന്ന വെയിലിലും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ഇവിടുത്തെ ചേലവവനങ്ങള്‍ വിസ്മയമാണ്. രണ്ടായിരത്തിലധികം അടിയില്‍ നിന്നും കുത്തിയൊഴുകുന്ന കാട്ടരുവികളുടെ ഹുങ്കാരങ്ങള്‍ മഴക്കാലത്ത് താഴ് വാരങ്ങളിലേക്ക് അലയടിക്കുന്നു. അരികിലായി കാറ്റുകുന്നും മീന്‍മുട്ടിയും ബാണാസുരമലയിലെ ആകര്‍ഷണങ്ങളാണ്. കാപ്പിക്കളത്തുള്ള മീന്‍മുട്ടി വെളളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വനം വകുപ്പ് വികസിപ്പിച്ചിട്ട് ഏറെയായിട്ടില്ല. ഇതിനോട് ചേര്‍ന്ന് തന്നെ കാറ്റുകുന്ന് ട്രക്കിങ്ങ് സൗകര്യവും വനം വകുപ്പ് ഒരുക്കിയിരുന്നു. പ്രതിവര്‍ഷം പതിനായിരക്കണക്കിന് സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കര്‍ണ്ണാടകയില്‍ നിന്നും മറ്റുമുള്ള ഇതര സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂടുതലായി എത്തിക്കൊണ്ടിരുന്നത്. 

Content Highlights: tovino thomas banasura hills trekking wayanad