മനോഹരം, വന്യം; സഞ്ചാരികളുടെ മനംകവരാന്‍ തൊമ്മന്‍കുത്ത്, ആനചാടിക്കുത്ത് വെള്ളച്ചാട്ടങ്ങള്‍

തൊമ്മന്‍കുത്ത് ആനചാടിക്കുത്ത് വെള്ളച്ചാട്ടങ്ങള്‍
തൊമ്മന്‍കുത്ത് ആനചാടിക്കുത്ത് വെള്ളച്ചാട്ടങ്ങള്‍

ടുക്കി തൊടുപുഴയ്ക്ക് സമീപത്തെ മനോഹരവും വന്യവുമായ രണ്ട് വെള്ളച്ചാട്ടങ്ങള്‍. തൊമ്മന്‍കുത്തും തൊട്ടടുത്ത് തന്നെയുള്ള ആനചാടിക്കുത്തും. വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമാണെങ്കിലും ഇവിടെ അവര്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്. ആ കുറവ് പരിഹരിക്കാന്‍ ഒരുങ്ങുകയാണ് കരിമണ്ണൂര്‍ പഞ്ചായത്ത്. രണ്ട് വെള്ളച്ചാട്ടങ്ങളുടേയും വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് രണ്ട് ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തുമായി സഹകരിച്ചായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക.

മാസ്റ്റര്‍ ഡ്രാഫ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഇനി ചര്‍ച്ചകളിലൂടെ അന്തിമ പ്ലാന്‍ തയ്യാറാക്കും. ഇത് വനംവകുപ്പിനും ടൂറിസം വകുപ്പിനും സമര്‍പ്പിക്കും. അവിടെ നിന്നുള്ള അനുമതിക്ക് അനുസരിച്ചായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍. ഇരു വകുപ്പുകളും ഇതിന് വേണ്ട ഫണ്ട് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

ലക്ഷ്യം പ്രദേശത്തിന്റെ പുരോഗതി

വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്.

കരിമണ്ണൂര്‍ പഞ്ചായത്തിലാണ് തൊമ്മന്‍കുത്തിലെ പ്രധാന വെള്ളച്ചാട്ടം. ഏഴുനില കുത്ത് ഉള്‍പ്പെടെയുള്ള മറ്റ് വെള്ളച്ചാട്ടങ്ങള്‍ വണ്ണപ്പുറത്താണ്. ആനചാടികുത്ത് പൂര്‍ണമായും വണ്ണപ്പുറം പഞ്ചായത്തിലാണ്.

രണ്ട് വെള്ളച്ചാട്ടങ്ങളും കാണാന്‍ ദിവസവും നൂറുകണക്കിനു പേരാണ് എത്തുന്നത്. എന്നാല്‍, ഇവിടെ വേണ്ടത്ര ശൗചാലയങ്ങളില്ല.

ആനചാടിക്കുത്തിലേക്കുള്ള വഴിയും മോശമാണ്. കൂടാതെ ഇവിടത്തെ സാഹസിക വിനോദ സഞ്ചാരത്തിനുള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.

ഇത്തരം സാധ്യതകള്‍ കണ്ടെത്തി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ഇതിലൂടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മികച്ച തൊഴില്‍സാധ്യതകളും ലക്ഷ്യമിടുന്നുണ്ട്. സ്വയംതൊഴില്‍ സാധ്യതകള്‍ക്കാണ് ഏറെ വളര്‍ച്ചയുണ്ടാകുക.

ഉദ്ദേശിക്കുന്നത് ഇങ്ങനെ

ഹൈഡല്‍ ടൂറിസം, സാഹസിക വിനോദസഞ്ചാരം, ഇക്കോ ടൂറിസം, ഡെസ്റ്റിനേഷന്‍ ടൂറിസം എന്നിവ സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തില്‍ തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തില്‍ പാര്‍ക്ക്, വെള്ളച്ചാട്ടത്തിന് മുകളില്‍ സിപ് വേ എന്നിവയാണ് നിര്‍മിക്കുക. പിന്നീട് ഫ്‌ലോട്ടിങ് കഫെ, കയാക്കിങ്, ട്രെക്കിങ്, റോപ്പ് ഗെയിം എന്നിവയും ഉള്‍പ്പെടുത്തും. ആനചാടികുത്തിന് മുകളില്‍ സിപ് ലൈന്‍ നിര്‍മിച്ച് സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാനുള്ള സൗകര്യവും കിയോസ്‌ക് എന്നിവയും പുതിയ പ്ലാനില്‍ ഉണ്ട്.

ജര്‍മന്‍ സഹായത്തോടെ ആധുനികരീതിയില്‍ നിര്‍മിക്കുന്ന നെയ്യശ്ശേരിതോക്കുമ്പന്‍ റോഡ് ഈ രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ഇവിടേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും.

Content Highlights: thommankuthu waterfalls aanachadikuth waterfalls