കാണാം ചെറുദ്വീപുകളുടെ സ്വപ്നക്കാഴ്ചകള്‍; 250 രൂപയുടെ റോസ്മല പാക്കേജുമായി വനംവകുപ്പ്

തെന്മല: റോസ്മല യാത്രക്കിടയില്‍ ശെന്തുരുണി കാടുകളുടെ മനംമയക്കുന്ന വന്യതയും ചെറു അരുവികളും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ്. ഈ കാഴ്ചകള്‍ നുകരുന്നതിന് ശെന്തുരുണി ഇക്കോ ടൂറിസം അധികൃതര്‍ റോസ്മല പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ ശെന്തുരുണി ഇക്കോടൂറിസം അധികൃതരുടെ വാഹനത്തില്‍തന്നെ ഒരാള്‍ക്ക് 250 രൂപ ടിക്കറ്റ് നിരക്കിലാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്.
മിനിമം 15 സഞ്ചാരികളുണ്ടെങ്കില്‍, രാവിലെ ഒന്പതുമുതല് വൈകിട്ട് അഞ്ചുവരെ റോസ്മലയിലേക്കുപോകാം. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രയും അനുവദിച്ചിട്ടുണ്ട്. മിനിമം സഞ്ചാരികള്‍ ഇല്ലെങ്കില്‍പോലും നിശ്ചിതനിരക്ക് നല്കിയാല് ട്രിപ്പ് ഉണ്ടായിരിക്കും. സഞ്ചാരികള്‍ക്ക് റോസ്മല വ്യൂ പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ 50 രൂപ ടിക്കറ്റ് പ്രത്യേകമായി എടുക്കേണ്ടതില്ല. വൈല്‍ഡ് ലൈഫ് വാര്ഡന് ജെ.ആര്.അനി ആദ്യ ട്രിപ്പിന്റെ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് സി.കെ.സുധീര്‍ അധ്യക്ഷനാകും. ബന്ധപ്പെടേണ്ട നമ്പര്‍ -9048789779, 8547602937, 8547602943.
ചെറുദ്വീപുകളുടെ കാഴ്ചകള്‍ അത്യുഗ്രം
പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശെന്തുരുണിയും ഉമയാറും ചേര്‍ന്ന ഭാഗത്ത് നോക്കത്താദൂരത്ത് ചെറു ദ്വീപുകള്‍ കൊണ്ട് നിറഞ്ഞ കാഴ്ചകള്‍ റോസ്മലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എന്നും അത്ഭുതക്കാഴ്ചയാണ്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ വ്യൂപോയിന്റില്‍ നിന്ന് നോക്കുമ്പോള്‍, താഴ്ചയിലായി ചെറുതും വലുതുമായ പതിനഞ്ചോളം ദ്വീപുകളാണ് ആകര്‍ഷകമാകുന്നത്. മഴമേഘങ്ങള്ക്കിടയില് ദ്വീപുകള്‍ക്ക് മറുകരയില്‍ കല്ലാര്‍ എസ്റ്റേറ്റും കാണാനാകും. വ്യൂ പോയിന്റില്‍ നില്ക്കുമ്പോള് പലപ്പോഴും ദ്വീപുകള്‍ക്ക് സമീപം കാട്ടാനയും കാട്ടുപോത്തിനെയുമൊക്കെ കാണാറുണ്ട്.
Content Highlights: thenmala rosemala travel package destination