ഥാറിന്റെ ഹൃദയത്തിലേക്ക്; കാല്‍ബേലിയ നൃത്തത്തിന്റെ മാസ്മരികതയില്‍ ഒരു രാത്രി

രാജസ്ഥാനിലെ ജയ്സല്മീര് നഗരത്തില്‍ നിന്നും ഏകദേശം 42 കിലോമീറ്റര്‍ ജീപ്പ് യാത്ര. വിനോദ സഞ്ചാരികളില്‍ ഒരു ആകര്‍ഷണവലയം സൃഷ്ടിച്ച്, ഭാരത ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിരുകളില്‍ വിസ്തൃതമായൊരു ഭൂപ്രദേശം, ദി ഗ്രേറ്റ് ഇന്ത്യന്‍ ഡസര്‍ട്ട്, ഥാര്‍ മരുഭൂമി. വിജനമായ വീഥികളിലൂടെ ചെമ്മരിയാടിന് കൂട്ടങ്ങളും ഒട്ടകങ്ങളും നടന്നകലുന്നുണ്ട്. വിളവെടുപ്പിനായ് കാത്തു നില്ക്കുന്ന ഇളം പച്ച നിറമുള്ള കടുക് പാടങ്ങളെയും വിശാലമായ മണലാരണ്യങ്ങളെയും കടന്ന് ഥാറിന്റെ ഹൃദയഭാഗത്തേയ്ക്കു ജീപ്പ് ചെന്നു നിന്നു. സ്വര്‍ണവര്‍ണ്ണമുള്ള മണല്പ്പരപ്പുകള് കടല്‍പോലെ നീണ്ടു കിടക്കുന്നു മരുഭൂമി. ഥാറിന്റെ മനോഹാരിത ഹൃദയത്തില്‍ നിറച്ച സന്തോഷം ചെറുതല്ല. ആദ്യകാഴ്ചയില്‍ ഥാറിന്റെ ഭൂപ്രകൃതി പാര്പ്പിടയോഗ്യമല്ലെന്നു തോന്നുമെങ്കിലും രാജസ്ഥാന് ജനതയുടെ മുപ്പതു ശതമാനത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്നത് ഈ മരുഭൂവിലാണ്. കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും ആശ്രയിച്ചു ജീവിയ്ക്കുന്ന ഗ്രാമവാസികളാണ് ജനതയുടെ ഭൂരിഭാഗവും. മറ്റൊരു ചെറിയ വിഭാഗം ഥാറിന്റെ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായി ടൂറിസം മേഖലയോടു ചേര്‍ന്ന തൊഴിലുകളില്‍ ഉപജീവനം കണ്ടെത്തുന്നവരും.
കാല്‍നടയായ് ഥാര്‍ ചുറ്റിക്കാണുക അല്പം ശ്രമകരമായ ജോലിയാണ്. സഞ്ചാരികളുടെ യാത്രാ സൗകര്യം ലക്ഷ്യം വെച്ച് സവാരിക്ക് തയ്യാറായി ഒട്ടകങ്ങളും അവയുടെ യജമാനന്മാരും ഥാറിന്റെ ചുറ്റുപാടുകളില്‍ കാത്തു നില്‍ക്കുന്നുണ്ട്. ഒട്ടകപ്പുറത്തിരുന്ന് സുഗമമായി മരുഭൂമി ചുറ്റിക്കാണാം. സവാരിയ്ക്കായി ജീപ്പുകളും സുലഭം. ഷാരൂഖാന് എന്നു പേരുള്ള ഒട്ടകത്തിന്റെ പുറത്തിരുന്നൊരു ഥാര്സവാരി. പുതുമ നിറഞ്ഞൊരനുഭവം. ഷാരൂഖാന് യജമാനന്റെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടാഞ്ഞു നടന്നു. ഒട്ടകസവാരി ആദ്യമായതിനാലാകാം, ഇടുപ്പെല്ലുകളില്‍ വല്ലാതെ വേദന അനുഭവപ്പെട്ടു. യജമാനന് പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദങ്ങളില്‍ ഷാരൂഖാന്റെ നടപ്പിന്റെ വേഗത കൂടുന്നും കുറയുന്നുമുണ്ട്. വഴിയില്‍ കണ്ട ഉണങ്ങിയ പുല്ലുകളിലേക്ക് ആ പാവം മൃഗത്തിന്റെ നാവുകള്‍ ഇടയ്ക്കിടെ പാഞ്ഞു കൊണ്ടിരുന്നു. മരുഭൂമിയാകെ കള്ളിമുള്‍ച്ചെടികളും വരള്‍ച്ചയുടെ പ്രതീകമായി ഇലകള്‍ കൊഴിഞ്ഞ വൃക്ഷലതാദികളും, ഉയരം കൂടിയ മണല്‍ക്കൂനകളും. മണല്പ്പരപ്പുകള് ഇടയ്ക്കിടെ രൂപപ്പെടുന്ന ചെറിയ ചുഴലിക്കാറ്റിലും പൊടിക്കാറ്റിലും തിരമാലകളുടെ ആകൃതിയില്‍ മണല്‍ത്തിട്ടകളായി രൂപാന്തരം പ്രാപിക്കുന്നു.
അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്ന തണുപ്പ് മണല്പ്പരപ്പുകളെയും ആഴത്തില്‍ തണുപ്പിച്ചു ഥാറിലൂടെയുള്ള ചെറുനടത്തം... ഓരോ ചുവടുകളിലും കാല്പ്പാദങ്ങള് തണുത്ത മണ്ണിലേക്കു പുതഞ്ഞു പോയി. അന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗവും ആ മണലാരണ്യങ്ങളില്‍ ചെലവഴിച്ചു. ക്ഷീണം തോന്നിയതിനാല്‍ ചെറിയൊരു വിശ്രമം ആവശ്യമായ് തോന്നി. ഥാര്‍ മരുഭൂമിയുടെ അടുത്തുള്ള ഡസര്‍ട്ട് ക്യാമ്പില്‍ മുന്‍കൂര്‍ ഒരുക്കിയിരുന്ന താമസസൗകര്യം. സഞ്ചാരികളുടെ ആവശ്യാനുസൃതം വലിപ്പമനുസരിച്ചും ഘടനയില്‍ വ്യത്യസ്ത പുലര്‍ത്തിയും എല്ലാവിധ സൗകര്യങ്ങളുമുള്ള വൈവിദ്ധ്യമാര്‍ന്ന ടെന്റുകള്‍ ഈ ക്യാമ്പുകളില്‍ ലഭ്യമാണ്. തണുപ്പും ചൂടും കടക്കാത്ത വിധം കട്ടികൂടിയ വെളുത്തതുണികള് വലിച്ചു കെട്ടിയ ടെന്റുകളും പുരാതന ജീവിതത്തിന്റെ അനുഭൂതി സൃഷ്ടിക്കാന്‍ ഉതകുംവിധം ചെങ്കല്ലുകളില്‍ തീര്‍ത്ത ടെന്റുകളും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഥാറിന്റെ ഉള്‍പ്രദേശത്ത് രാത്രികാലം ചെലവഴിക്കാനായി താല്‍ക്കാലിക ടെന്റുകളും പ്രത്യേകം ഒരുക്കാറുണ്ട്. വന്യ മൃഗങ്ങളും വിഷമേറിയ ഇഴജന്തുക്കളും പുറത്തിറങ്ങുന്നൊരു സമയം കൂടിയാണ് ഥാറിലെ കനത്ത ഇരുളുകള്‍. മെഡിക്കല്‍ എമര്‍ജന്‍സികള്‍, ശുചിമുറി സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, വൈദ്യുതി, തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ താത്കാലിക ടെന്റുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഇത്തരം ടെന്റുകള്‍ക്ക് ഉപഭോക്താക്കള്‍ കുറവാണെന്നാണ് ക്യാമ്പ് ഉടമ അറിയിച്ചത്.
നക്ഷത്രങ്ങള്‍ തിളങ്ങി നില്ക്കുന്ന ആകാശം നോക്കി, കുളിര്‍ക്കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കൊടും തണുപ്പില്‍ കരിമ്പടം പുതച്ച്, ഥാറിന്റെ മണല്‍പ്പരപ്പുകളില്‍ ഉറങ്ങാതെ ഒരു രാത്രി. സുരക്ഷയെ കരുതി സുന്ദരമായ ആ സ്വപ്നം അന്നേ ഉപേക്ഷിച്ചതാണ്. മുന്‍പൊരിക്കല്‍ ഒരു യാത്രയില്‍ പരിചയപ്പെട്ട ബി.എസ്.എഫ് ഉദ്യോഗസ്ഥന്, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പോസ്റ്റിങ്ങുകളും വിശദീകരിക്കുന്നതിനിടയില്‍ ഥാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടസാദ്ധ്യതകളെക്കുറിച്ച് സൂചിപ്പിച്ച വിവരങ്ങളും ഓര്‍ത്തെടുത്തു. ഞങ്ങള്‍ തിരഞ്ഞെടുത്ത ചെങ്കല്ലുകളാല്‍ തീര്‍ത്ത ടെന്റിന്റെ അകവും പുറവും ആകര്‍ഷണീയമായി അലങ്കരിച്ചിരുന്നു. കട്ടിലുകള്‍, എയര്‍ കണ്ടിഷന്‍, ഹീറ്റര്‍, കമ്പിളിപ്പുതപ്പ്, ടൗവലുകള്‍, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, ശുചിമുറിയിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ തുടങ്ങി ഒരു ദിവസത്തേക്കാവശ്യമായ എല്ലാ സാമഗ്രികളും അതിനുള്ളില്‍ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. ടെന്റിനു പുറത്ത് ചൂരല്ക്കസേരകളും ചെറിയൊരു സിറ്റ് ഔട്ടും വരാന്തയും. സായാഹ്നവര്ത്തമാനം ഇവിടിരുന്നാകാം. ചെറിയ ബള്‍ബുകള്‍ ഘടിപ്പിച്ച റാന്തല്‍ വിളക്കുകള്‍ ടെന്റിനു പുറത്ത് നേരിയ പ്രകാശം പരത്തി. ഇരുള് വീണു തുടങ്ങിയ രാത്രിയെ വരവേറ്റ്, ആഘോഷഭരിതമാക്കി രാജസ്ഥാനീ കാല്‍ബേലിയ നൃത്തചുവടുകളും ഗാനസന്ധ്യയും.
പൗരാണിക സാംസ്കാരത്തിന്റെ തുടര്‍ച്ചയാകാം പ്രദേശവാസികള്‍ പൊതുവെ സംഗീതത്തോടും കവിതകളോടും നാടോടി നൃത്തങ്ങളോടും അഭിനിവേശം പുലര്‍ത്തുന്നവരാണ്. രാജസ്ഥാന് ചരിത്രത്തിലെ വീര രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും കഥകളും മഹത്വങ്ങളും പ്രതിപാദിക്കുന്നവയും. വാമൊഴികളായി പ്രത്യേകശൈലിയില്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നാടോടി സംഗീതവും നൃത്തങ്ങളും ഓരോ ഗോത്രവര്‍ഗ്ഗങ്ങളെയും അപേക്ഷിച്ച് വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഓരോ ഗോത്ര വര്‍ഗ്ഗത്തിനും പ്രത്യേകരീതിയില്‍ തിട്ടപ്പെടുത്തിയിരിക്കുന്ന സംഗീത ആലാപനം, നൃത്ത ചുവടുകള്‍ വാദ്യോപകരണങ്ങള്‍, വസ്ത്രധാരണം, തുടങ്ങി പല രീതികളിലും ആ വ്യത്യാസം കാണാം. കാല്‍ബേലിയ, ഗൂഹ് മര്, കച്ചി ഘോടി, കാത്പുത്ത്ലി എന്നിങ്ങനെ പോകുന്നു ആ പേരുകള്‍. വിവിധ ദേശങ്ങളില്‍ നിന്നും വിരുന്നെത്തിയ സഞ്ചാരികള്‍ ഡസര്‍ട്ട് ക്യാമ്പിന്റെ വലിയ വേദിയില്‍ അന്നത്തെ രാത്രിയില്‍ ഒത്തു കൂടി. ക്യാമ്പ് ജീവനക്കാര്‍ പ്രധാന വാതിലില്‍ അതിഥികളെ സ്വാഗതം ചെയ്ത് ദീപമുഴിഞ്ഞ് ചുവന്നകുറി നെറ്റിയില്‍ ചാര്‍ത്തി, സദസ്സിലേക്ക് ആനയിച്ച് ലഘു ഭക്ഷണങ്ങളും ചായയും വിതരണം ചെയ്തു.
വിസ്താരം കൂടിയ വേദിയില്‍ ഗായകര്‍ക്കായി ഒരുക്കിയ അരങ്ങും അതിഥികള്‍ക്കായി മൂന്നുവശവും രാജസ്ഥാന് പരമ്പരാഗത രീതിയില്‍ ഇരിപ്പിടങ്ങളും. നടുവില്‍ വിറകുകള്‍ കൂട്ടിയിട്ട് കത്തിയ്ക്കുമ്പോള്‍ പരക്കുന്ന നേരിയ പ്രകാശം. ആ പ്രകാശത്തില്‍ സദസ്യര്‍ക്കു മുന്നില്‍ അരങ്ങേറുന്ന ഗാനസന്ധ്യയും നൃത്തവും മറ്റു കലാ പരിപാടികളും. രാജസ്ഥാനി നാടോടി ഗാനങ്ങള്‍ക്കു ശേഷം കാല്‍ബേലിയ നൃത്തച്ചുവടുകളുമായി നര്‍ത്തകി സദസ്സിന് നടുവിലേക്ക് വന്നു. കാല്‍ബേലിയ ഗോത്രവര്‍ഗ്ഗത്തിന്റെ നാടോടി നൃത്തം. രാജസ്ഥാന് മേവാടി, മാര്‍വാടി സംസ്കാരങ്ങളില്‍ കാല്‍ബേലിയ ഗോത്രങ്ങളും രണ്ടു സംസ്കാരങ്ങള്‍ പിന്തുടരുന്നവരാണ്. ഉദൈപൂര്, അജ്മീര്‍, ചിറ്റോര്‍ തുടങ്ങിയ രാജസ്ഥാന് ജില്ലകളിലാണ് ഈ ഗോത്ര സമൂഹത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ അധിവസിക്കുന്നത്. രാജസ്ഥാനി ഭാഷയില്‍ 'കാല്' (പാമ്പ്) 'ബേലിയ'(സുഹൃത്തുക്കള്‍) എന്നിങ്ങനെ അര്‍ത്ഥം വരുന്ന രണ്ടു പദങ്ങള്‍ കൂടി ചേര്‍ന്നാണ് കാല്ബേലിയയുടെ ഉത്ഭവം. ഗോത്ര സംസ്കാരത്തോടും പേരിനോടും ചേര്‍ന്നു നില്ക്കുന്ന അവതരണശൈലി കാല്‍ബേലിയ നൃത്തത്തിന്റെ പ്രത്യേകതയാണ്.
നര്ത്തകിയ്ക്കൊരു സര്‍പ്പത്തിന്റെ പ്രതിച്ഛായ. ശരീരവടിവിലും നൃത്ത ചലനങ്ങളിലും ഭാവപ്പകര്‍ച്ചയിലും വേഷവിധാനങ്ങളിലും അത് പ്രകടം. കറുപ്പും ചുവപ്പും കലര്‍ന്ന ലഹങ്ക ചോളി വേഷവിധാനവും കാഴ്ച്ചയില്‍ ഭാരം തോന്നിപ്പിക്കുന്ന വെള്ളി ആഭരണങ്ങളും. വിസ്മയിപ്പിക്കുന്ന ചടുല നൃത്തച്ചുവടുകള്‍. നൃത്തത്തിന്റെ അവസാനഭാഗത്ത് അഗ്രം കൂര്‍ത്ത ആണികള്ക്കും സ്ഫടികച്ചില്ലുകള്ക്കും മേല്‍ ചുവടുകളുറപ്പിച്ചു നര്‍ത്തകി നൃത്തം ചെയ്യുന്നൊരു രംഗമുണ്ട്. കാലങ്ങളായുള്ള നൃത്തപരിചയം, നര്‍ത്തകിയുടെ മുഖത്തെ ചെറു പുഞ്ചിരി ആദ്യാവസാനം അവര്‍ കെടാതെ സൂക്ഷിച്ചു. വേദിയിലുയരുന്ന ഗായകന്റെ സംഗീതാലാപനത്തിനും പുങ്കില്‍ നിന്നുതിരുന്ന വാദ്യ സംഗീതത്തിനും അനുസൃതമായി ഒരു നാഗകന്യകയെപ്പോല് നര്‍ത്തകി ആടുകയും ഇഴയുകയും ചെയ്യുന്നുണ്ട്. സദസ്സിലുണ്ടായിരുന്നവര്‍ ഉല്ലാസഭരിതരായി മനംമറന്ന് നൃത്തമാസ്വദിച്ചു. വിദ്യാലയകാലഘട്ടത്തില് അവസാനിച്ചു പോയ നാടോടി നൃത്ത കലാരൂപ കാഴ്ചകള്‍, ഓര്‍മ്മകള്‍ വെറുതെ അവിടേക്ക് പാഞ്ഞു. കലാരൂപങ്ങളും കലാകാരന്മാരും ഒരു നാടിന്റെ വളര്‍ച്ചയില്‍ ഒപ്പം വളരേണ്ടവരാണ്. ഒരു നാടിന്റെ ചരിത്രം പറയാനോ, ഒരു സമൂഹത്തെ കുറിയ്ക്കാനോ ഒരു കലാരൂപത്തിനായേക്കാം. കാല്‍ബേലിയ ഗോത്രനൃത്തം ഇതിനൊരു വലിയ ഉദാഹരണമാണ്.
ആദ്യകാലങ്ങളില്‍ കാല്‍ബേലിയ ഗോത്ര വര്‍ഗ്ഗത്തിനുള്ളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ നൃത്തം 2010ല്‍ യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍സിന്റെ സാംസ്കാരിക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചു. സപ്പേര ഡാന്‍സ്, സ്നേക് ചാമര്‍ ഡാന്‍സ്, പാമ്പ് നൃത്തം എന്നിങ്ങനെ പല പേരുകളില്‍ ഇത് ലോകമെമ്പാടും ഇതറിയപ്പെടുന്നു. മനുഷ്യത്വത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും അടയാളങ്ങള്‍ പതിപ്പിക്കുന്ന നൃത്തരൂപത്തിന്റെ വളര്‍ച്ചയില്‍ ഒരു സ്ത്രീയുടെ കഠിനാധ്വാനത്തിന്റെ കഥകൂടി പരാമര്ശിക്കേണ്ടതായ് വരും. രാജസ്ഥാനിലെ പ്രശസ്ത കാല്‍ബേലിയ നര്‍ത്തകി, ഗുലാബോ സപേര. 2016ല്‍ ഗുലാബോ സപേരയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 165ല്‍ പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തങ്ങളുടെ സംസ്കാരത്തെയും സാമൂഹിക ചുറ്റുപാടുകളെയും മനുഷ്യത്വത്തെയും നൃത്തരൂപത്തിലൂടെ അവതരിപ്പിച്ച സ്ത്രീ വ്യക്തിത്വം. മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നവള്‍.
നൂറ്റാണ്ടുകളായി രാജസ്ഥാനില്‍ നിലനിന്നൊരു സമ്പ്രദായം. ജനിയ്ക്കുന്നത് പെണ്‍കുഞ്ഞായാല്‍ മാതാപിതാക്കളുടെ അനുവാദപ്രകാരം ബന്ധുക്കള്‍ അതിനെ കൊന്നുകളയും. ഇപ്രകാരം കൊല്ലാന്‍ തുനിഞ്ഞിട്ടും ജീവിതത്തിലേക്ക് മടങ്ങിവന്ന പെണ്‍ജന്മമാണ് ഗുലാബോ സപേര. ഗുലാബോ ജനിച്ചയുടനെ യാഥാസ്ഥിതിക ആചാരപ്രകാരം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആ പിഞ്ചു കുഞ്ഞിനെ ഒരു കുഴിയെടുത്ത് ജീവനോടെ അതില്‍ കുഴിച്ചു മൂടി. അലിവ് തോന്നിയ ഗുലാബോയുടെ അമ്മായി കുഞ്ഞുസപേരയെ മണ്ണുമാറ്റി കുഴിയില്‍ നിന്നും പുറത്തെടുത്ത് അവള്‍ക്ക് പുതിയൊരു ജീവിതം നല്കി. മുന്നോട്ടുള്ള അവരുടെ ജീവിതം വളരെ ദുര്‍ഘടം നിറഞ്ഞതായിരുന്നു. ഒത്തിരി യാഥനകള്‍ അനുഭവിക്കേണ്ടി വന്നു. കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് സപേര ജീവിത ചുറ്റുപാടുകളെ മാറ്റി മറിച്ചു. ഗോത്രകലയെ വളര്‍ത്തി. അതിനു വേണ്ടി മാത്രം ജീവിച്ചു. പത്മശ്രീ പുരസ്കാരജേതാവായി. രാജ്യത്തെ അടയാളപ്പെടുത്തിയ വനിതയായി. ആമുഖ പ്രസംഗത്തില്‍ സംഘാടകന്‍ പങ്കുവെച്ച വിവരങ്ങള്‍ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ഗുലാബോ സപേരയോട് വല്ലാത്തൊരു ബഹുമാനവും ആദരവും ആരാധനയും തോന്നിയ നിമിഷങ്ങള്‍.
ആ രാത്രിയുടെ മനോഹാരിത അകലങ്ങളിലേക്ക് പോയ്മറഞ്ഞു. ഉറക്കത്തിന്റെ ആലസ്യത്തില്‍ ഓരോ കാഴ്ചകളും മിഴികളിലൊരു സ്വപ്നമായ് നിറഞ്ഞു. വീണ്ടുമൊരു പ്രഭാതം, സൂര്യാസ്തമയം പോലെ തന്നെ ഥാറിലെ സൂര്യോദയവും അതീവ ഹൃദ്യമായ കാഴ്ചയാണ്. പുലരിയുടെ മാറിലേക്കടര്‍ന്നു വീഴുന്ന സൂര്യ കിരണങ്ങള്‍. ഒട്ടകങ്ങളുടെ നിഴല്‍ചിത്രങ്ങള്‍ പുലര്വെട്ടത്തിലൂടെ തെളിഞ്ഞു വരുന്നു. പുലര്‍ച്ചെ ഥാറിലെ മണല്‍പ്പരപ്പുകളിലൂടെ ഒരിക്കല്‍ക്കൂടി നടന്നു. ഹൃദ്യമായ ഓര്‍മ്മകള്‍ സമ്മാനിച്ച ഥാറിനെ ഹൃദയം കൊണ്ടൊന്ന് അമര്‍ത്തി ചുംബിച്ചു. ഡസര്‍ട്ട് ക്യാമ്പിലെ നോര്‍ത്ത് ഇന്ത്യന്‍ പ്രഭാത ഭക്ഷണത്തിനു ശേഷം, ക്യാമ്പില്‍ നിന്നിറങ്ങുമ്പോള്‍, ശൈത്യകാലത്ത് നടക്കുന്ന ഒട്ടകമേളയിലേക്ക് ക്യാമ്പ് ഉടമ സ്വാഗതം ചെയ്തു. വരാം. അദ്ദേഹത്തോട് മറുപടി പറഞ്ഞിറങ്ങുമ്പോള്‍ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷമായിരുന്നു മനസ്സില്‍.
Content Highlights: thar the great indian desert travel rajasthan kalbelia dance