ഐറിഷ് ദേശീയതയുടെ പ്രൗഢചിഹ്നമായാണ് ഈ ദിനവും പരേഡുകളും അറിയപ്പെടുന്നത് | അയര്‍ലന്‍ഡ് വ്യൂ

#ഡോ.ജോര്‍ജ് ലെസ്‌ലി
ഡബ്ലിനിലെ സെന്റ് പാട്രിക് ഡേ പരേഡില്‍നിന്ന്
ഡബ്ലിനിലെ സെന്റ് പാട്രിക് ഡേ പരേഡില്‍നിന്ന്

ലോകമെമ്പാടുമുള്ള ഐറിഷ് ജനത ആഘോഷപൂര്‍വം കൊണ്ടാടുന്ന അയര്‍ലന്‍ഡിന്റെ ദേശീയോത്സവമാണ് സെന്റ് പാട്രിക് ഡേ. എല്ലാവര്‍ഷവും രാജ്യത്തിന്റെ വിശുദ്ധനെന്നറിയപ്പെടുന്ന സെന്റ് പാട്രിക്കിനോടുള്ള ആദരപൂര്‍വം, അദ്ദേഹത്തിന്റെ ചരമദിനമായ മാര്‍ച്ച് പതിനേഴിനാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രാകൃത പേഗന്‍ വിശ്വാസങ്ങളില്‍നിന്ന് ക്രിസ്തുമത വിശ്വാസത്തിലേക്ക് ഐറിഷ് ജനതയെ ആനയിച്ചത് സെന്റ് പാട്രിക് ആയിരുന്നു.

അഞ്ചാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ സമ്പന്നമായ റൊമേനോ-ബ്രിട്ടീഷ് പാതിരി കുടുംബത്തിലാണ് പാട്രിക്കിന്റെ ജനനം. സെന്റ് പാട്രിക് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന ഡിക്ലറേഷന്‍ എന്ന പുസ്തകത്തില്‍ പതിനാറാം വയസ്സില്‍ പാട്രിക്കിനെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നും ഗേലിക് അയര്‍ലന്‍ഡിലെ അടിമക്കച്ചവടക്കാര്‍ക്ക് വിറ്റുവെന്നും പ്രതിപാദിക്കുന്നുണ്ട്. തണുത്ത മലനിരകളില്‍ വിശന്നുവലഞ്ഞ് കഠിന പീഡനങ്ങള്‍ സഹിച്ച് ആറുവര്‍ഷത്തോളം പാട്രിക്കിന് അടിമയായി കഴിയേണ്ടിവന്നു.

തന്റെ ദുരിതകാലത്ത് പാട്രിക്, ഏകാശ്രയമായിരുന്ന ദൈവത്തോട് ഉള്ളുതുറന്ന് പ്രാര്‍ഥിക്കുമായിരുന്നുവത്രേ. ഒരിക്കല്‍ ഒരശരീരി, പാട്രിക്കിനോട് തൊട്ടടുത്ത കടല്‍ത്തീരത്തേക്ക് പോകുവാന്‍ ആവശ്യപ്പെട്ടു. അവിടെ തയ്യാറായിക്കിടന്നിരുന്ന കപ്പലില്‍ കയറി സ്വദേശത്തേക്ക് രക്ഷപ്പെടാന്‍ നിര്‍ദേശിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം പാട്രിക് തന്റെ മാതാപിതാക്കളെ വീണ്ടും കണ്ടുമുട്ടി. പിന്നീട് അവരുടെ ഉപദേശം സ്വീകരിച്ച് മതപഠനം നടത്തുകയും, ദൈവീക വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. കാലങ്ങള്‍ക്ക് ശേഷം ദൈവം പാട്രിക്കിനോട് താന്‍ അടിമയായി കഴിയേണ്ടിവന്ന അയര്‍ലന്‍ഡിന്റെ മണ്ണിലേക്ക് മടങ്ങിപ്പോകുവാനും അവരെ സത്യവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുവാനും കല്പിച്ചു. അങ്ങനെ സന്തോഷപൂര്‍വം പാട്രിക് അയര്‍ലന്‍ഡിലേക്ക് യാത്രപുറപ്പെട്ടുവെന്നാണ് കഥ.

സെന്റ് പാട്രിക് ദിനത്തിലെ ചില കാഴ്ചകള്‍

ചരിത്രത്തില്‍ ആദ്യമായി സെന്റ് പാട്രിക് ഡേ ആഘോഷിക്കപ്പെടുന്നത് 1737-ല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ വച്ചാണ്. ഐറിഷ് കൂട്ടായ്മയുടെ ഭാഗമായുള്ള ഒത്തുചേരലിനായി, യുണൈറ്റഡ് ഐറിഷ് മെന്‍ സംഘടിപ്പിച്ച സെന്റ് പാട്രിക് പരേഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അയര്‍ലന്‍ഡിന്റെ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും ശക്തിപ്രകടനങ്ങളായി പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരേഡുകളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഐറിഷ് ദേശീയതയുടെ നിറമായ പച്ചയില്‍ കുളിച്ച് നഗരങ്ങളും ഗ്രാമങ്ങളും തിളങ്ങിനിന്നു. തികച്ചും മതപരമായ ചടങ്ങുകളെന്നതിനപ്പുറം ഐറിഷ് ദേശീയതയുടെ പ്രൗഢചിഹ്നമായി സെന്റ് പാട്രിക് ദിനവും പരേഡുകളും അറിയപ്പെട്ടു.

സെന്റ് പാട്രിക്കുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, ഐറിഷ് മിത്തോളജിയിലെ ലെപ്പര്‍കോണ്‍ എന്ന കഥാപാത്രം സെന്റ് പാട്രിക് ദിനത്തിലെ മുഖ്യ ആകര്‍ഷണമാണ്.

മൂന്നടിയില്‍ താഴെ ഉയരവും പച്ചനിറത്തിലുള്ള വസ്ത്രങ്ങളും ബക്കിള്‍ഡ് പാദരക്ഷകളും അണിഞ്ഞ ലെപ്പര്‍കോണുകള്‍ പുരാണങ്ങളിലെ നര്‍ത്തകരാണ്. സ്വര്‍ണനാണയങ്ങളുടെ നിധികള്‍ മഴവില്ലിന്റെ ഒരറ്റത്ത് ഭദ്രമായി സൂക്ഷിച്ചുവച്ച് എപ്പോഴും ഉല്ലാസവാന്മാരായി കാണപ്പെടുന്നവരാണിവര്‍. നിരവധി അദ്ഭുതങ്ങള്‍ നിറഞ്ഞ കഥകള്‍ ഇവരെക്കുറിച്ച് പ്രചാരത്തിലുണ്ട്.

അമേരിക്കന്‍ - ഐറിഷ് വംശജരാണ് ആദ്യമായി ഐറിഷ് ദേശീയതയുടെ പ്രതീകമായി ലെപ്പര്‍കോണുകളെ അവതരിപ്പിച്ചത്. സെന്റ് പാട്രിക് ദിനത്തില്‍ ഗേലിക് നാടോടി പാട്ടുകാരായ കീലിയും നര്‍ത്തകരായ ലെപ്പര്‍കോണുകളും പുരാണേതിഹാസനായകരും അണിനിരക്കാറുണ്ട്.

കെല്‍ട്ടിക് പാട്ടുകളുടെ അകമ്പടിയില്‍ ചടുലമായ നൃത്തച്ചുവടുകളോടെ പച്ചനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞിവര്‍ ആടിയും പാടിയും സെന്റ് പാട്രിക് ദിനം ഉചിതമായി ആചരിക്കുന്നു.

Content Highlights: St. Patrick's Day Celebration at Ireland, Ireland View

Content Highlights: