ആല്‍പ്‌സ് പര്‍വത നിരകള്‍ക്കും സ്വിസ് ഗ്രാമങ്ങള്‍ക്കും മുകളിലൂടെ പറന്ന് കെ.ജി.എഫ് നായിക

ജീവിതത്തില്‍ ആദ്യമായി പാരാഗ്ലൈഡിങ് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് കെ.ജി.എഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടി. പ്രശസ്തമായ ആല്‍പ്‌സ് മലനിരകള്‍ക്ക് മുകളിലൂടെയായിരുന്നു ശ്രീനിധിയുടെ ആദ്യത്തെ പറക്കല്‍. ഇതൊരു മറക്കാനാകാത്ത അനുഭവമാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ജംഗ്ഫ്രാവു റീജിയണിലെ പര്‍വതങ്ങളുടെയും ഈഗര്‍ നോര്‍ത്ത് ഫേസിന്റെയും മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്, ഗ്രിന്‍ഡല്‍വാള്‍ഡ് താഴ്‌വാരത്തിലൂടെയുള്ള പാരാഗ്ലൈഡിങ്.." പാരാഗ്ലൈഡിങ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീനിധി കുറിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രിന്‍ഡല്‍വാള്‍ഡ് താഴ്‌വരയില്‍ നിന്നായിരുന്നു ശ്രീനിധി പാരാഗ്ലൈഡിങ് നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ സമുദ്രനിരപ്പില്‍ നിന്നു 1,034 മീറ്റര്‍ ഉയരത്തിലാണ് ഗ്രിന്‍ഡല്‍വാള്‍ഡ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആല്‍പ്‌സിന്റെ ഭാഗമായുള്ള നിരവധി കൊടുമുടികള്‍ ഈ ഗ്രാമത്തിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്നുണ്ട്. ലോക പൈതൃക സൈറ്റായ ജംഗ്ഫ്രോ-അലെറ്റ്ഷ് സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് ഈ കൊടുമുടികള്‍. ബെര്‍ണീസ് ഒബര്‍ലാന്‍ഡ് റെയില്‍വേ വഴി ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗ്രിന്‍ഡല്‍വാള്‍ഡ്. ആല്‍പ്‌സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും സൗന്ദര്യമാസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ പണ്ടുകാലം മുതലേ ഇവിടെ എത്താറുണ്ട്. ലോകപ്രശസ്തമായ നിരവധി റിസോര്‍ട്ടുകളുടെയും മഞ്ഞിലെ സാഹസിക വിനോദങ്ങളുടെയും കേന്ദ്രവും കൂടിയാണ് ഇവിടം. ശൈത്യകാലത്ത് സ്‌കീയിംഗും വേനല്‍ക്കാലത്ത് ഹൈക്കിംഗുംമായി വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് ഗ്രിന്‍ഡല്‍വാള്‍ഡ്.
സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സഹായത്താലാണ് ഇവിടെ പാരാഗ്ലൈഡിങ് ചെയ്യുന്നത്. ആല്‍പ്‌സിന്റെയും സ്വിസ് ഗ്രാമങ്ങളുടെയും അതിമനോഹരമായ കാഴ്ചയാണ് പാരാഗ്ലൈഡിങ്ങിനിടെ സഞ്ചാരികള്‍ക്ക് മുന്നില്‍ തെളിയുന്നത്. കേബിള്‍ കാറുകളിലൂടെയുള്ള യാത്രയും ഗ്രിന്‍ഡല്‍വാള്‍ഡിലെ മറ്റൊരു ആകര്‍ഷണീയതയാണ്. പുല്‍മേടുകള്‍ക്കിടയിലൂടെയുള്ള ടൂറുകളും മൗണ്ടന്‍ ബൈക്കിങ്ങുമെല്ലാ ചെയ്യാനും സഞ്ചാരികള്‍ എത്താറുണ്ട്. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാമെങ്കിലും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ശൈത്യകാല ടൂറിസത്തിനായും നിരവധി സഞ്ചാരികളെത്തുന്നു.
Content Highlights: Srinidhi Shetty shares her first paragliding experience from Grindelwald Valley switzerland