ഇത്തവണ കണ്ണെത്താദൂരമില്ല; സാമ്പവര്‍ വടകരയില്‍ സൂര്യകാന്തികൃഷി കുറഞ്ഞു, നിരാശ മലയാളികള്‍ക്ക്

#മുരുകന്‍ തെന്മല
ഫയല്‍ ചിത്രം | ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
ഫയല്‍ ചിത്രം | ഫോട്ടോ: അജിത്ത് പനച്ചിക്കല്‍

മലയാളികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദംപകരാന്‍ തമിഴകത്തില്‍ സൂര്യകാന്തി പൂത്തുതുടങ്ങി. തമിഴകത്തിലെ ഒരുപൂവിനെ ചുറ്റിപ്പറ്റിയുള്ള മലയാളികളുടെ അടങ്ങാത്ത കാഴ്ചാനുഭവം ഓരോ സീസണിലും കൂടുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ സൂര്യകാന്തിക്കൃഷി നഷ്ടക്കച്ചവടമായിരുന്നെങ്കിലും കാഴ്ചക്കാര്‍ക്ക് മാത്രമായി ചെങ്കോട്ടയിലെ പലസ്ഥലങ്ങളിലും സൂര്യകാന്തി നട്ടിട്ടുണ്ട്. ഇതില്‍ സാമ്പവര്‍ വടകരയിലെ വണ്ണാങ്കുളം ഭാഗത്തെ ചെടികള്‍ പൂത്തുതുടങ്ങിയി.

യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

വണ്ണാങ്കുളത്തെ വിവിധഭാഗങ്ങളിലായി 20 ഏക്കറില്‍മാത്രമാണ് സൂര്യകാന്തിയുള്ളത്. ഇതിലെ ചിലപാടങ്ങളാണ് ഒരാഴ്ചമുമ്പ് പൂവിട്ട് തുടങ്ങിയത്. സാധാരണഗതിയില്‍ ചെങ്കോട്ട സാമ്പവര്‍വടകര, ആയ്ക്കുടി, സുന്ദരപാണ്ഡ്യപുരം, ചുരണ്ട ഉള്‍പ്പെടെ നിരവധിസ്ഥലങ്ങളില്‍ റോഡരികില്‍തന്നെ സൂര്യകാന്തി ഉണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞതവണ സൂര്യകാന്തി വിത്തിനുണ്ടായ ഫംഗസ് ബാധ വിത്തില്‍നിന്നുള്ള എണ്ണ ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. അതിനാല്‍തന്നെ സൂര്യകാന്തി കൃഷിക്കാര്‍ക്ക് കാര്യമായ ലാഭമുണ്ടാണ്ടായില്ല. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞതവണ സൂര്യകാന്തി പൂത്തിരുന്ന സ്ഥലങ്ങളെല്ലാം ചോളം, കൊച്ചുള്ളി, പച്ചമുളക്, തക്കാളി ഉള്‍പ്പെടെയുള്ള കൃഷികളിലേക്ക് വഴിമാറിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി ഇത്തവണ പേരിനുമാത്രമായെന്നു പറയാം. മുന്‍സീസണില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് കേരളത്തില്‍നിന്ന് എത്തിയിരുന്നത്.

സാമ്പവര്‍വടകരയിലെ ഇത്തവണത്തെ കൃഷി

സൂര്യകാന്തിതോട്ടത്തില്‍ ഫോട്ടോയെടുക്കാനും വിവാഹ ഷൂട്ടിങ്ങിനുമായി എത്തുന്നവരുടെ തിരക്കുമുണ്ടാകും. ഇത്തവണ കൂടുതല്‍സ്ഥലത്തും ചോളകൃഷിയാണ്. മക്കചോളം, നാട്ടചോളം തുടങ്ങി വിവിധയിനങ്ങളിലുള്ള ചോളങ്ങളാണ് ഇവിടെ കൃഷിയുണ്ടായിരുന്നത്. നാലുവര്‍ഷമായി സൂര്യകാന്തികൃഷിയിലേക്ക് തിരിഞ്ഞതോടെ പ്രദേശത്ത് ചോളകൃഷി വന്‍തോതില്‍ കുറയുകയും അത് ഗ്രാമീണരുടെ കാര്‍ഷികരീതിയില്‍ തന്നെ വലിയമാറ്റം വരുത്തിയതായും കര്‍ഷകരായ മുത്തു, ബാലന്‍ എന്നിവര്‍പറയുന്നു. ചോറിനുപകരമായി ചോളം വര്‍ഷംമുഴുവന്‍ ഉപയോഗിക്കുന്നശീലം കര്‍ഷകരില്‍ കുറയുകയും വലിയ ആരോഗ്യപ്രശ്നത്തിനും ഇടയാക്കിയതായും പറയുന്നു. 

ചോളപ്പാടങ്ങള്‍

കൊല്ലം-തിരുമംഗലം പാതയില്‍ ആര്യങ്കാവുവഴി എത്തുന്നവര്‍ ചെങ്കോട്ട ബസ്റ്റാന്‍ഡ് കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ പഴയ തിരുവതാംകൂര്‍ ആര്‍ച്ച് പിന്നിട്ട് ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ സാമ്പവര്‍വടകയിലെത്താം. കണ്ണത്താദൂരത്തില്ലെങ്കിലും സൂര്യകാന്തിക്കൊപ്പം മറ്റ് ഇടവിളകൃഷികളും ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില്‍ യാത്ര ആസ്വാദ്യമാകും. മണ്ണാങ്കുളം ഉള്‍പ്രദേശമായതിനാല്‍ കര്‍ഷകരോടും നാട്ടുകാരോടും ചോദിച്ചറിഞ്ഞുമാത്രമേ ഈഭാഗത്തേക്ക് എത്തിപ്പെടാകു. 

Content Highlights: sambavarvadakarai sunflower fields tamil nadu sundarapandiapuram