റൊസാരിയോ വിളിക്കുന്നു; മെസ്സി പന്ത് തട്ടിയ നാട്, മാതേ കുടിക്കാം, എംപനാദാസും അസാഡോയും കഴിക്കാം

യണൽ മെസ്സി എന്ന ഫുട്‌ബോൾ ഇതിഹാസത്തിന്റെ ജന്മനാട് ഏതാണെന്ന് ചോദിച്ചാൽ ഫുട്‌ബോൾ പ്രേമി ഒറ്റശ്വാസത്തിൽ പറയും-റൊസാരിയോ! കളിക്കളത്തിലെ ഇതിഹാസ നിമിഷങ്ങൾക്ക് ശേഷം മെസ്സിയുടെ ബാല്യകാല ഓർമകൾ തേടിയെത്തുന്ന ഫുട്‌ബോൾ പ്രേമികളുടെ പ്രധാന 'തീർത്ഥാടന കേന്ദ്രമായി' മാറുകയാണ് അർജന്റീനയിലെ ഈ മനോഹര നഗരം. ചെഗുവേരയുടെ ജന്മനാട് കൂടിയായ റൊസാരിയോ, അർജന്റീനയിലെ മൂന്നാമത്തെ വലിയ നഗരവും കലയുടെയും സംഗീതത്തിന്റെയും കേന്ദ്രവുമാണ്.

മെസ്സി ജനിച്ചു വളർന്ന ലാ ബഹാദ (La Bajada) അയൽപക്കം, അദ്ദേഹം ആദ്യമായി പന്തു തട്ടിയ 'ഗ്രാണ്ടോളി ക്ലബ്' (Club Grandoli), പഠിച്ച 'എസ്‌ക്വേല 66' സ്‌കൂൾ എന്നിവ ഫുട്‌ബോൾ പ്രേമികളുടെ പ്രധാന ആകർഷണമാണ്. സാന്താ ഫെ പ്രവിശ്യയിലെ കായികതാരങ്ങളുടെയും മെസ്സിയുടെയും നേട്ടങ്ങളും ട്രോഫികളും ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന മ്യൂസിയവും കാണാം. അർജന്റീനയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയതിന്റെ ഓർമയ്ക്കായി പരനാ നദിക്കരയിൽ നിർമ്മിച്ച കൂറ്റൻ സ്മാരകം, മെസ്സി ചെറുപ്പത്തിൽ കളിച്ച പ്രശസ്തമായ ഫുട്‌ബോൾ ക്ലബ്ബിന്റെ സ്റ്റേഡിയം, പരിശീലന കേന്ദ്രം, പരനാ നദി, നദീതീരത്തെ മനോഹരമായ പാർക്കുകൾ, ലാ ഫ്‌ളോറിഡ ബീച്ച്, നദിയിലൂടെയുള്ള ബോട്ട് യാത്രകൾ എന്നിവയും ആസ്വദിക്കാം.റോക്ക് സംഗീതത്തിനും ടാംഗോ നൃത്തത്തിനും പ്രാധാന്യമുള്ള കൾച്ചറൽ ഹബ് കൂടിയാണ് റൊസാരിയോ.

അസാഡോ

സ്‌പെഷ്യൽ വിഭവങ്ങൾ

അർജന്റീനക്കാരുടെ സ്വന്തം ബാർബിക്യൂവാണ് അസാഡോ. വിറകുകനലിൽ പതുക്കെ ചുട്ടെടുക്കുന്ന വിവിധതരം ഇറച്ചി വിഭവങ്ങളാണിത്. റൊസാറിയോയിലെ 'പാരിജാസ്' (Parrillas) എന്ന് വിളിക്കുന്ന ഗ്രിൽ റെസ്റ്ററന്റുകളിൽ ലഭിക്കും. പരനാ നദിക്കരയിലുള്ള നഗരമായതിനാൽ ഇവിടുത്തെ നദിയിൽ നിന്നുള്ള ശുദ്ധജല മത്സ്യങ്ങൾ ഉപയോഗിച്ച് ഗ്രിൽ ചെയ്ത വിഭവങ്ങൾ വളരെ പ്രശസ്തമാണ്. ബോഗോ & സുരുബി എന്തായാലും രുചിച്ചിരിക്കേണ്ടതാണ്.

ഇറച്ചിയോ ചീസോ പച്ചക്കറികളോ നിറച്ച് ചുട്ടെടുക്കുന്ന രുചികരമായ പേസ്ട്രി വിഭവമാണ് എംപനാദാസ്. ചിക്കനോ ബീഫോ നേർത്ത രീതിയിൽ അരിഞ്ഞ് ബ്രെഡ് പൊടിയിൽ മുക്കി പൊരിച്ചെടുക്കുന്ന ജനപ്രിയ ഭക്ഷണമായ മിസെലാറ്റ, പാൽ കുറുക്കി ഉണ്ടാക്കുന്ന മധുരപലഹാരമായ ദുൽസെ ദെ ലെച്ചെ എന്നിവയും പ്രശസ്തമാണ്.

മാതേ

അർജന്റീനക്കാരുടെ ദേശീയ പാനീയമായ മാതേയും പരീക്ഷിക്കാവുന്നതാണ്. ഉണക്കിയ ഹെർബൽ ഇലകളിൽ ചൂടുവെള്ളമൊഴിച്ച്, 'ബോംബീജ' എന്ന പ്രത്യേക മെറ്റൽ സ്‌ട്രോ ഉപയോഗിച്ചാണ് ഇത് കുടിക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് മാതേ പങ്കുവെച്ച് കുടിക്കുന്നത് ഇവരുടെ ശീലമാണ്.

എങ്ങനെ പോകും?

കേരളത്തിൽനിന്ന് റൊസാരിയോയിലേക്ക് (ROS) നേരിട്ട് വിമാനങ്ങളില്ല. ഇന്ത്യയിൽനിന്ന് മിഡിൽ ഈസ്റ്റ് (ഖത്തർ എയർവേയ്സ്, എമിറേറ്റ്‌സ്) വഴി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് വിമാനം കയറാം. 30 മണിക്കൂർ വരെ സമയമെടുക്കും.

ബ്യൂണസ് ഐറിസിൽനിന്ന് ഏകദേശം 300 കിലോ മീറ്റർ ദൂരമാണ് റൊസാരിയോയിലേക്ക്. എക്‌സ്പ്രസ് ബസുകളിലോ ട്രെയിനിലോ അഞ്ചു മണിക്കൂർ കൊണ്ട് റൊസാറിയോയിൽ എത്താം. യു.എസ്. ടൂറിസ്റ്റ് വിസ അല്ലെങ്കിൽ ഷെങ്കൻ ഉണ്ടെങ്കിൽ, ഓൺലൈനായി വളരെ എളുപ്പത്തിൽ അർജന്റീന ഇ-വിസയ്ക്ക് (AVE) അപേക്ഷിക്കാം. അല്ലെങ്കിൽ, ന്യൂഡൽഹിയിലെ അർജന്റീന എംബസി വഴി ടൂറിസ്റ്റ് വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാം.

പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇൻഷുറൻസ് എന്നിവ വേണം.

Content Highlights: Explore Lionel Messi's childhood neighborhood La Bajada and Club Grandoli, Discover tourist attractions including the National Flag Memorial and Paraná River, Taste authentic Argentine food like Asado, Empanadas, and Mate tea, Complete travel guide on flights from India, transport, and visa requirements