കാമാഖ്യ ക്ഷേത്രം, സൂക്കോ താഴ്വര, ഖോനോമ ഗ്രാമം; വടക്കുകിഴക്കിനെ തൊട്ടറിഞ്ഞ് രഞ്ജിനിയുടെ യാത്ര

ഏറ്റവും പുതിയ യാത്രയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നാഗാലന്‍ഡ്, അസം എന്നിവിടങ്ങളിലൂടെയായിരുന്നു ഇത്തവണ രഞ്ജിനിയുടെ യാത്ര. ഇന്ത്യയിലെ ആദ്യത്തെ ഹരിതഗ്രാമമെന്നറിയപ്പെടുന്ന ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഖോനോമ, സൂക്കോ താഴ്വര, അസമിലെ കാമാഖ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഹോണ്‍ബില്‍ ഫെസ്റ്റിവലിനായിരിക്കും നാഗാലാന്‍ഡില്‍ എത്തുകയെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അതിന് മുന്നെ എത്തിയിരിക്കുകയാണെന്നും രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സൂക്കോ താഴ്വര
നാഗന്കുന്നുകള്ക്കിടയില് മറഞ്ഞുകിടക്കുന്ന സൂക്കോ താഴ്വരയാണ് നാഗാലാന്‍ഡിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രം. മണിപ്പുര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ക്കിടയിലാണ് സൂക്കോ താഴ്വരയുടെ കിടപ്പ്. ഇംഫാലിനെയും വടക്കുള്ള കൊഹിമയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 2ല്‍ നിന്നാണ് സൂക്കോയിലേക്കുള്ള എല്ലാ ട്രെക്കിങ് റൂട്ടുകളും ആരംഭിക്കുന്നത്. കൊഹിമയില്‍നിന്ന് 23 കിലോമീറ്റര്‍ തെക്കുള്ള വിശ്വമയില് ചെന്നും 16 കിലോമീറ്ററുള്ള ജഖാമ (സഖാമ)യില്‍ എത്തിയുമെല്ലാം ഈ താഴ്വരയിലേക്ക് ചെന്നെത്താനാവും. 33 കിലോമീറ്റര്‍ ദൂരെയുള്ള മണിപ്പുരിന്റെ ഭാഗമായ മാവോയില്‍ നിന്നും സൂക്കോയുടെ അത്ഭുതപ്പെടുത്തുന്ന പ്രകൃതിഭംഗിയിലേക്ക് എത്തിച്ചേരാനാവുമെങ്കിലും വഴികള്‍ കൂടുതല്‍ ദുര്‍ഘടമാണ്. സമുദ്രനിരപ്പില്‍നിന്ന് 2,452 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ താഴ്വര മരങ്ങളില്ലാത്തതും എന്നാല്‍ അതിമനോഹരമായ സസ്യങ്ങളും പൂക്കളും നിറഞ്ഞതുമാണ്. വനങ്ങള്‍ക്കിടയിലൂടെയുള്ള ട്രക്കിങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. രണ്ട് ദിവസത്തെ പാക്കേജായാണ് സാധാരണ ഇവിടെ ട്രക്കിങ് നടക്കാറുള്ളത്.
ഹോണ്‍ബില്‍ ഫെസ്റ്റിവല്‍
ഗോത്രതാളങ്ങളാല് മുഖരിതമാവുന്ന പത്തുനാള്‍. 16 നാഗാ ഗോത്രങ്ങളുടെ സാംസ്കാരിക സംഗമഭൂമി കിസാമ. ഗോത്രജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പിന് 2000ത്തില്‍ ആരംഭിച്ച ഹോണ്‍ ബില്‍ ഉത്സവം ഇന്ന് സഞ്ചാരികളുടെയും തീര്‍ഥാടന കേന്ദ്രമാണ്. കിസാമയിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റ് നടക്കുക. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കുടിലുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. അവരുടെ കരകൗശലവസ്തുക്കളും വാങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ കലാസാംസ്കാരിക വിഭാഗം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് കോര്‍ണറിലെത്തിയാല്‍ കലാകാരന്മാരുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും. മുളക്, കൈതച്ചക്ക, പന്നിയിറച്ചി എന്നിവയുടെ തീറ്റമത്സരങ്ങള്‍ വേഴാമ്പല്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. മലമുകളിലൂടെയുള്ള ബൈക്കോട്ട മത്സരവും നടക്കാറുണ്ട്.
വിദേശികള്‍ക്ക് നാഗാലാന്‍ഡില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. എത്തിക്കഴിഞ്ഞ് 24 മണിക്കൂറിനകം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഫോറിനേഴ്സ് രജിസ്ട്രേഷന് ഓഫീസിലോ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യക്കാരായ യാത്രികര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുക്കണം. ഗുവാഹട്ടി, ദീമാപൂര്‍, കൊഹിമ, മോകോക്ചങ് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി റെസിഡന്‍ഷ്യല്‍ കമ്മീഷണര്‍ ഓഫീസുകളില്‍ നിന്നും ഇത് ലഭിക്കും. ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ എന്നിവ ആവശ്യമാണ്. ഇതിനായി രണ്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ കാത്തിരിക്കേണ്ടിയും വരാറുണ്ട്.
കാമാഖ്യ ക്ഷേത്രം
അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീസ്ഥാനങ്ങള്കൂടി സങ്കല്പിക്കപ്പെടുന്നു. അമ്പുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.
ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന് അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന് കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.
ഭാരതത്തിലെ അന്പത്തിയൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹത്തിയി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Content Highlights: ranjini haridas travel northeast states kamakhya temple dzukou valley hornbill festival